- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പഞ്ചാബിലെ ചരിത്ര ജയം: മുൻ മന്ത്രിയും മുൻ എംഎൽഎമാരും കൂട്ടത്തോടെ ആംആദ്മിയിൽ; കോൺഗ്രസ്, ബിജെപി നേതൃത്വത്തിന് ഞെട്ടൽ; ഹരിയാനയിൽ 'സർക്കാർ' രൂപീകരിക്കുമെന്ന് സത്യേന്ദർ ജെയിൻ
ന്യൂഡൽഹി : ന്യൂഡൽഹിക്ക് പുറമേ പഞ്ചാബിലും അധികാരം പിടിച്ചതോടെ പ്രാദേശിക പാർട്ടി എന്ന വിശേഷണം മാറ്റിയെഴുതുകയാണ് ആം ആദ്മി പാർട്ടി. പഞ്ചാബിന് ശേഷം ആം ആദ്മി അടുത്തതായി ലക്ഷ്യം വയ്ക്കുന്നത് ഗുജറാത്താണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് പഞ്ചാബിന് ശേഷം ആം ആദ്മി ലക്ഷ്യം വയ്ക്കുന്നത് അയൽ സംസ്ഥാനമായ ഹരിയാനയെയാണ് എന്നാണ്.
ബിജെപി ഭരിക്കുന്ന ഹരിയാനയിൽ മറ്റ് പാർട്ടികളിൽ നിന്നുമുള്ള മുൻ എം എൽ എമാരെ ഉൾപ്പെടുത്തി പ്രവർത്തനം ശക്തമാക്കാനാണ് പാർട്ടിയുടെ തീരുമാനം.പഞ്ചാബിലെ ആം ആദ്മിയുടെ വൻ വിജയം ഹരിയാനയിലും പാർട്ടിക്ക് പുത്തൻ ഊർജ്ജമാണ് പകർന്ന് നൽകുന്നത്. ഹരിയാനയിലെ വിവിധ പാർട്ടികളിൽ നിന്നുള്ള 15 മുൻ എംഎൽഎമാരും സാമൂഹിക പ്രവർത്തകരും കഴിഞ്ഞ ദിവസം ആം ആദ്മിയിൽ ചേർന്നിരുന്നു.
മുൻ ബിജെപി എംഎൽഎ ഉമേഷ് അഗർവാൾ, മുൻ മന്ത്രിയും ഐഎൻഎൽഡി നേതാവ് ബൽബീർ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ ആംആദ്മി പാർട്ടിയിലെത്തിയത്. മുൻ എംഎൽഎ രവീന്ദ്ര കുമാർ, കോൺഗ്രസ് നേതാവ് ജഗത് സിങ്, ബിഎസ്‌പി നേതാവ് അശോക് മിട്ടാൽ, ബിജെപി നേതാക്കളായ അമൻദീപ് സിങ് വറൈച്ച്, ബ്രം സിങ് ഗുർജർ എന്നിവരും പുതിയ പാർട്ടിയിലെത്തി.
ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്റെ സാന്നിദ്ധ്യത്തിലാണ് നേതാക്കൾ ആംആദ്മി പാർട്ടിയിൽ അംഗമായത്. എംപിമാരായ സുശീൽ ഗുപ്ത, എൻഡി ഗുപ്ത എന്നിവരും ദേശീയ സെക്രട്ടറി പങ്കജ് ഗുപ്ത എന്നിവരും വേദിയിലുണ്ടായിരുന്നു.
2024ൽ ഹരിയാനയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ആം ആദ്മി അധികാരത്തിലെത്തുമെന്ന് പാർട്ടി നേതാക്കൾ അഭിപ്രായപ്പെട്ടു. ഈ വർഷം അവസാനം നടക്കുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലും ആം ആദ്മി മത്സരിക്കുന്നുണ്ട്.
പഞ്ചാബ് തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തെമ്പാടുമുള്ള ജനങ്ങൾക്ക് ഒരു മാറ്റം വേണമെന്നുണ്ട്. ഡൽഹിക്കും ഹരിയാനക്കും ഇടയിലുള്ള സ്ഥലമാണ് ഹരിയാന. അവിടെയും മാറ്റം വേണമെന്ന് സുശീൽ ഗുപ്ത എംപി പറഞ്ഞു. പഞ്ചാബിനും ഡൽഹിക്കും ശേഷം വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അംആദ്മി പാർട്ടി അധികാരത്തിലെത്തുമെന്നാണ് ഹരിയാനയിലെ ജനങ്ങൾ പറയുന്നതെന്ന് സത്യേന്ദർ ജെയിൻ പറഞ്ഞു.




