- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മദ്യനിരോധന കേസിലെ പ്രതികളെ രക്ഷിക്കാൻ ശ്രമം: നിതീഷ് കുമാർ - സ്പീക്കർ തർക്കം 'ഏറ്റെടുത്ത്' ആർജെഡി; നിയമസഭ സ്തംഭിപ്പിച്ചു
പട്‌ന: ബിഹാർ നിയമസഭയിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിതീഷ് കുമാറും സ്പീക്കർ വിജയകുമാർ സിൻഹയും തമ്മിലുണ്ടായ തർക്കം ഏറ്റെടുത്ത് ആർജെഡി. പ്രതിപക്ഷ അംഗങ്ങൾ നിയമസഭ സ്തംഭിപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ സഭാധ്യക്ഷനെ അവഹേളിച്ചുവെന്ന് ആരോപിച്ചു ആർജെഡി അംഗങ്ങൾ കറുത്ത ബാഡ്ജ് ധരിച്ചാണ് സഭയിലെത്തിയത്.
വാഗ്വാദത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയും സ്പീക്കറും സഭയിൽ ഹാജരാകാത്തത് ആർജെഡി അംഗങ്ങളെ പ്രകോപിപ്പിച്ചു. സഭാമര്യാദകൾ പാലിക്കാതെ വാഗ്വാദത്തിൽ ഏർപ്പെട്ട മുഖ്യമന്ത്രിയും സ്പീക്കറും സഭയിലെത്തി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് ആർജെഡി അംഗങ്ങൾ ബഹളം വച്ചതോടെയാണു സഭാ നടപടികൾ സ്തംഭിച്ചത്.
നിയമസഭാ സ്പീക്കർ വിജയകുമാർ സിൻഹയുടെ മണ്ഡലമായ ലഖിസരായിയിൽ മദ്യനിരോധന കേസിലെ പ്രതികളെ രക്ഷിക്കാൻ സ്പീക്കർ ഇടപെട്ടെന്ന ആരോപണമാണ് വാഗ്വാദത്തിൽ കലാശിച്ചത്. ഇക്കാര്യത്തിൽ തന്നോട് അപമര്യാദയായി സംസാരിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുക്കണമെന്നു സ്പീക്കറും ആവശ്യപ്പെട്ടു.
സ്പീക്കർ പദവി നോക്കാതെ ഇത്തരം കേസുകളിൽ ഇടപെടരുതെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ രൂക്ഷമായി പ്രതികരിക്കുകയും ചെയ്തിരുന്നു. സഭയിലെ വാഗ്വാദ വിവാദം തണുപ്പിക്കാനാണ് മുഖ്യമന്ത്രിയും സ്പീക്കറും സഭയിൽ നിന്നു വിട്ടുനിന്നത്.
ന്യൂസ് ഡെസ്ക്