കുവൈത്ത് സിറ്റി: കുവൈത്തിൽ ശ്മശാനങ്ങളിൽ കേടുപാടുകൾ വരുത്തുന്നവർക്കും മരണാനന്തര ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നവർക്കും പിഴ ചുമത്തും. കുവൈത്ത് മുനിസിപ്പാലിറ്റി ഫ്യൂണറൽസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ഡോ. ഫൈസൽ അൽ അവാദിയാണ് ഇക്കാര്യം അറിയിച്ചത്. ഉടൻ തന്നെ നിയമലംഘകരിൽ നിന്ന് പിഴ ഈടാക്കി തുടങ്ങുമെന്നും അധികൃതർ അറിയിച്ചു.

രാഷ്ട്രീയക്കാർ, അത്‌ലറ്റുകൾ, സെലിബ്രിറ്റികൾ തുടങ്ങിയവരുടെ മരണാനന്തര ചടങ്ങുകളിൽ വലിയ ആൾക്കൂട്ടം രൂപപ്പെടുന്നത് മരണപ്പെട്ടവരുടെ ബന്ധുക്കളുടെ അതൃപ്തിക്ക് കാരണമായി മാറുന്നു. മൃതദേഹങ്ങളോടും ശ്മശാനങ്ങളോടുള്ള അനാദരവാണ് ഇതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. ഏത് തരം ക്യാമറകൾ ഉപയോഗിച്ചും ശ്മശാനങ്ങളിലെ ചിത്രങ്ങൾ പകർത്തുന്നത് നിരോധിച്ചുകൊണ്ട് നേരത്തെ തന്നെ ഉത്തരവ് നിലവിലുണ്ട്. മൃതദേഹത്തിന്റെ മാന്യത കാത്തുസൂക്ഷിച്ചുകൊണ്ടാകണം മരണാനന്തര ചടങ്ങുകൾ നടത്തേണ്ടതെന്ന് നിയമം അനുശാസിക്കുന്നുമുണ്ട്. ഇത് ലംഘിക്കുന്നവർക്ക് 2000 ദിനാർ മുതൽ 5000 ദിനാർ വരെ പിഴ ലഭിക്കും.

അന്തരിച്ച മുൻ ഭരണാധികാരി ശൈഖ് ജാബിർ അൽ അഹ്‌മദ്, ശൈഖ് സാദ് അൽ അബ്ദുല്ല, ശൈഖ് സബാഹ് അൽ അഹ്‌മദ് എന്നിവരുടെ ഖബറുകളിൽ സ്ഥാപിച്ചിരുന്ന കല്ലുകൾ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ബോധപൂർവം നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. സുലൈബികാത്ത് ഖബർസ്ഥാനിൽ നടന്ന ഈ അനിഷ്ട സംഭവങ്ങളിൽ കുറ്റക്കാരായവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒന്നിലേറെ പേരുടെ വിരലടയാളങ്ങൾ ഇവിടെ നിന്ന് കണ്ടെടുക്കാൻ വിദഗ്ദ്ധർക്ക് സാധിച്ചു.