തലശേരി: അന്യ സ്ത്രീ ബാങ്കിൽ പണയം വച്ച ആധാരം കൈക്കലാക്കി അതേ ബാങ്കിൽ പണയം വച്ച് 60 ലക്ഷം തട്ടിയെന്ന കേസിലെ രണ്ട് പ്രതികൾക്ക് ജാമ്യവ്യവസ്ഥയിലൂടെ പ്രഹരം. മുസ്ലിം യൂത്ത് ലീഗിന്റെ വളപട്ടണം പഞ്ചായത്ത് ജോയന്റ് സെക്രട്ടറി മുഹമ്മദ് സനീഫ് (42), കോൺഗ്രസിന്റെ മയ്യിൽ മണ്ഡലം വൈസ് പ്രസിഡണ്ട് മൊട്ടമ്മൽ മജീദ് (46) എന്നിവർക്കാണ് കനത്ത വ്യവസ്ഥയിൽ തലശ്ശേരി വിജിലൻസ് കോടതി ജഡ്ജ് കെ.കെ.ബാലകൃഷ്ണൻ ജാമ്യം അനുവദിച്ചത്.

പുറത്തിറങ്ങണമെങ്കിൽ ഇരുവരും 28 ലക്ഷം വീതം കെട്ടി വയ്ക്കണം. അല്ലെങ്കിൽ 30 ലക്ഷം വിലമതിക്കുന്ന ഭൂസ്വത്ത് ബോണ്ടായി നൽകണമെന്നും കോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം ജാമ്യ ഉത്തരവ് പുറത്ത് വന്നെങ്കിലും ഇരുവരും വ്യവസ്ഥകൾ പാലിച്ച് പുറത്തിറങ്ങിയില്ല.കണ്ണൂർ വളപട്ടണം സർവ്വീസ് സഹകരണ ബാങ്കിലാണ് തട്ടിപ്പ് നടന്നത്.

കോൺഗ്രസും ലീഗും സംയുക്തമായി ഭരിച്ചിരുന്ന ബാങ്കാണിത്. ഇവിടെ 2013 ൽ കീരിയട്ടെതോലിച്ചി കണ്ടത്തിൽ സൗദയെന്ന വീട്ടമ്മ 60 സെന്റ് ചതുപ്പ് നിലം പണയം വച്ച് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു, ഏതാനും ദിവസങ്ങൾക്ക് ശേഷം ഈ ആധാരം ബാങ്ക് സെക്രട്ടറിയായിരുന്ന എൻ.പി.ഹംസ പ്രസിഡന്റായിരുന്ന ടി. സൈഫുദ്ദിൻ, വളപട്ടണം മിൽ റോഡിലെ കണിയറക്കൽ ഷുക്കൂർ എന്നിവർ ചേർന്ന് കൈക്കലാക്കുകയായിരുന്നു.

പിന്നീട് വളപട്ടണം സബ്ബ് രജിസ്ടാർ ഓഫിസിൽ വച്ച് വസ്തു എൻ.പി.ഹംസയുടെ ഭാര്യ റഷീദ ബിന്ദു, കോൺഗ്രസ് നേതാവ് മൊട്ടമ്മൽ മജിദ്, വയനാട് സ്വദേശി കെ.വി.അബൂബക്കർ എന്നിവരുടെ പേരിൽ രജിസ്റ്റർ ചെയ്തു. പിന്നാലെ ഈ വസ്തു തന്നെ വളപട്ടണം ബാങ്കിൽ പണയം വച്ച് ബിനാമികൾ 60 ലക്ഷം വാങ്ങി. രണ്ടാഴ്ച മുൻപിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ച സനീഫിനെയും മൊട്ടമ്മൽ മജിദിനെയും വളപട്ടണം സിഐ.എം.രാജേഷ് അറസ്റ്റ് ചെയ്തിരുന്നത്.വളപട്ടണം സർവീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതി കേസിൽ മന്ന ബ്രാഞ്ച് മാനേജരായിരുന്ന മുഹമ്മദ് ജസീലിനെ നേരത്തെ കോടതി ശിക്ഷിച്ചിരുന്നു.