കൊല്ലം: മദ്യപാനത്തിന് ശേഷം റോഡ് മുറിച്ചു കടക്കുന്നതിനിടെ നിലത്തു വീണ യുവാവ് വാഹനം ഇടിച്ച് മരിച്ചത് അമിത മദ്യപാനത്തെ തുടർന്ന് ബോധം നഷ്ടപ്പെട്ടതിനാലെന്ന് പൊലീസ്. ശാസ്താംകോട്ട ഹോട്ടൽ ഗ്രീൻ ഫോർട്ടിൽ നിന്നും മദ്യം കഴിച്ച് പുറത്തിറങ്ങിയ പോരുവഴി സ്വദേശി നിസാ(33)മാണ് വാഹനം ഇടിച്ചു മരിച്ചത്. ബാറിൽ നിന്നും പുറത്തേക്കിറങ്ങുന്നതിനിടെ ഇയാൾ റോഡിന് നടുവിൽ വീഴുകയായിരുന്നു. റോഡിൽ വീണ നിസാമിനെ കണ്ടിട്ടും ആരും റോഡിന് നടുക്കു നിന്നും ഇയാളെ എടുത്ത് മാറ്റാൻ ഹോട്ടൽ സെക്യൂരിറ്റിക്കാരോ മറ്റുള്ളവരോ തയ്യാറായില്ല എന്നത് ഏറെ ഞെട്ടലുണ്ടാക്കുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെയാണ് മനസാക്ഷിയില്ലായ്മയുടെ നേർചിത്രം പുറത്തറിയുന്നത്.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. രാത്രി 10 മണിയോടെ ബാറിൽ നിന്നും പുറത്തേക്കിറങ്ങിയ നിസാം റോഡിലേക്ക് വീണു. അൽപ്പസമയത്തിനകം തന്നെ രണ്ട് കാറുകൾ ഇയാളുടെ ശരീരത്തിലൂടെ കയറി ഇറങ്ങി. ഉടൻ തന്നെ ഓടിക്കൂടിയവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നപ്പോൾ നിസാം റോഡിൽ വീണിട്ടും നിരവധി വാഹനങ്ങൾ കടന്നു പോകുന്ന സംസ്ഥാന പാതയാണെന്ന് അറിയാമായിരുന്നിട്ടും ഹോട്ടൽ ജീവനക്കാർ ഇയാളെ റോഡിൽ നിന്നും മാറ്റാൻ കൂട്ടാക്കിയില്ല. കാഴ്ചക്കാരെപോലെ മൂന്ന് സെക്യൂരിറ്റി ജീവനക്കാർ നിൽക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കൂടാതെ ബാർ ഹോട്ടലിൽ നിന്നും ഇറങ്ങിപോകുന്ന ടൂവീലറുകാർ കണ്ടില്ലെന്ന് നടിച്ച് കടന്നു പോകുകയും ചെയ്യുന്നതും കാണാം.

സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നതോടെ ഹോട്ടൽ ജീവനക്കാർക്കെതിരെ പ്രതിഷേധം ഉയർന്നു. ഈ സമയം സെക്യൂരിറ്റി ജീവനക്കാരടക്കം റോഡിന് സമീപത്തുണ്ടായിരുന്നിട്ടും ഇയാളെ റോഡിൽനിന്ന് മാറ്റാനോ വാഹനങ്ങൾ തടഞ്ഞുനിർത്താനോ ശ്രമിച്ചില്ല. വീണു കിടന്നയാളെ എടുത്തുമാറ്റാതിരുന്നതാണ് അപകടത്തിടയാക്കിയതെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

അതേ സമയം ഹോട്ടലുകാർ വിശദീകരണവുമായി രംഗത്തെത്തി. രാവിലെ മുതൽ ബാറിൽ മദ്യപിക്കുകയായിരുന്ന നിസാം രാത്രിയിൽ ബാറിനുള്ളിൽ കിടന്നുറങ്ങി. ബാർ അടയ്ക്കാൻ സമയമായപ്പോൾ ജീവനക്കാർ ഇയാളെ വിളിച്ചുണർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്ന് ഇവർ മുഖത്തേക്ക് വെള്ളം തളിച്ചപ്പോഴാണ് ഉറക്കമുണർന്നത്. പിന്നീട് റോഡിലേക്കിറങ്ങി നിലത്തേക്ക് വീഴുകയായിരുന്നു. ഇത് കണ്ട് സെക്യൂരിറ്റി ജീവനക്കാർ ഇയാളെ എടുത്ത് മാറ്റാനായി എത്തിയപ്പോഴാണ് കാർ ശരീരത്തിൽ കയറി ഇറങ്ങിയത് എന്നാണ് അവർ വിശദീകരിക്കുന്നത്.

അതേസമയം നിസാം സ്ഥലത്തെ പ്രധാന പ്രശ്നക്കാരനാണെന്നാണ് പൊലീസ് പറയുന്നത്. മദ്യപിച്ച് സ്ഥിരം പ്രശ്മുണ്ടാക്കുന്ന ഇയാൾക്കെതിരെ ശൂരനാട് പൊലീസ് സ്റ്റേഷനിൽ കേസുകൾ ഉണ്ട്. മദ്യപിച്ച് ബോധം പോയി റോഡിലേക്ക് വീണ ഇയാളുടെ ശരീരത്തിൽ പാഞ്ഞുകയറിയ കാറുകളുടെ ഡ്രൈവർമാർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട് എന്ന് ശാസ്താംകോട്ട പൊലീസ് അറിയിച്ചു