അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് റമദാൻ മാസത്തെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു. എല്ലാ ദിവസവും ജോലി സമയത്തിൽ രണ്ട് മണിക്കൂറിന്റെ ഇളവാണ് മാനവ വിഭവ ശേഷി സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.

യുഎഇയിലെ സർക്കാർ മന്ത്രാലയങ്ങൾക്കും ഫെഡറൽ സർക്കാർ ജീവനക്കാർക്കുമുള്ള റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം യുഎഇ സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് റമദാനിൽ ഔദ്യോഗിക പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് ശേഷം 2.30 വരെയും വെള്ളിയാഴ്ചകളിൽ രാവിലെ ഒൻപത് മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെയും ആയിരിക്കും.

വെള്ളിയാഴ്ചകളിൽ താമസ സ്ഥലങ്ങളിൽ ഇരുന്ന് ജോലി ചെയ്യുന്നതിനുള്ള ഫ്‌ളെക്‌സിബിൾ, റിമോട്ട് വർക്കിങ് രീതികൾ അനുവദിക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്ക് അനുസൃതമായിട്ടായിരിക്കും ഇത്. ആകെ ജീവനക്കാരുടെ 40 ശതമാനം പേർക്ക് ഇങ്ങനെ താമസ സ്ഥലങ്ങളിൽ നിന്ന് ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും.

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർ അവർ പൂർത്തിയാക്കേണ്ട നിശ്ചിത ജോലികൾ ചെയ്ത് തീർത്തിരിക്കണം. ഇത്തരത്തിൽ അനുമതി നൽകാവുന്ന ജോലികൾ ഏതൊക്കെയാണെന്നും അവയിൽ തന്നെ എന്തൊക്കെ ചുമതലകളാണ് ഇത്തരത്തിൽ നിറവേറ്റാനാവുന്നതെന്നും അധികൃതർ കണ്ടെത്തും.