- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Feature
- /
- AUTOMOBILE
'ബോറടിക്കുമ്പോൾ പണ്ഡിറ്റുകളെ വെടിവെച്ച് കൊല്ലും'; ടിവിയിൽ തുറന്ന പറഞ്ഞ കരാട്ടെ ബിട്ട; റേപ്പ് ചെയ്തുകൊല്ലാൻ ഉത്തരവിട്ട യാസീൻ മാലീക്ക്; 24പേരെ നിരത്തി നിർത്തി വെടിവെച്ച് കൊന്ന സൂത്രധാരൻ സിയാ മുസ്തഫ; പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കൊടും ഭീകരർക്ക് സംഭവിച്ചതെന്ത്? 'ദ കാശ്മീർ ഫയൽസ്' പറയാത്ത ചില ഞെട്ടിക്കുന്ന കഥകൾ
ഭർത്താവിനെ വെടിവെച്ച് കൊന്നിട്ട്, രക്തം ഒഴുകിയെത്തിയ അരി ഭാര്യയെക്കൊണ്ട് തീറ്റിക്കുന്നത് അടക്കമുള്ള കാശ്മീർ ഭീകരരുടെ കൊടും ക്രൂരതകൾ പറയുന്ന, 'ദ കാശ്മീർ ഫയൽസ്' ചലച്ചിത്രം ഏറെ ചർച്ചയായ സമയമാണിത്. ഇത് പർവതീകരിച്ച കഥകളാണെന്ന് ചില ഇടത്- ഇസ്ലാമിക് പ്രൊഫൈലുകൾ പറയുന്നുണ്ടെങ്കിലും, യഥാർഥത്തിൽ നടന്ന ക്രൂരതകളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ചലച്ചിത്രത്തിൽ വന്നത് എന്നാണ് കാശ്മീർ പണ്ഡിറ്റുകളുടെ സംഘടനകൾ പറയുന്നത്. ഇത്രയും ഹീനമായ കൊലകൾ നടത്തിയതിലെ പ്രതികൾക്ക് എന്ത് ശിക്ഷയാണ് കിട്ടിയത്് എന്ന് അറിയാനും ജനത്തിന് താൽപ്പര്യമുണ്ടെന്ന്, പണ്ഡിറ്റുകളുടെ സംഘടനാ വക്താവ് അഭിജിത്ത് ടിക്കു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
ഇത് പരിശോധിക്കുമ്പോഴാണ് ഇന്ത്യയുടെ നിയമവ്യവസ്ഥിയിതിലെ പഴുതുകളും, രാഷ്ട്രീയ- ഉദ്യോഗസ്ഥ നേതൃത്വത്തിന്റെ പിടിപ്പുകേടുകളും കണ്ട് നാം നടുങ്ങിപ്പോവുക. പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ഒരു കേസിലും മുഖ്യ സൂത്രധാരന്മാർക്ക് കാര്യമയ യാതൊരു ശിക്ഷയും കിട്ടിയിട്ടില്ല! പലരും ജാമ്യത്തിലിറങ്ങിയപ്പോൾ വൻ സ്വീകരണമാണ് കാശ്മീരികൾ കൊടുത്തത്. മാത്രമല്ല ഈ നരാധമന്മാരിൽ പലരും പിന്നെ രാഷ്ട്രീയത്തിൽ ഇറങ്ങി മിതവാദികളായി അഭിനയിച്ച് ഇന്ത്യാ ഗവൺമെന്റുമായി ചർച്ചകളും നടത്തി! കാശീമീരിൽ ഈ കൊലപാതകികൾക്ക് സ്വാതന്ത്ര്യ സമര സേനാനികളുടെ ആദരവാണ് കിട്ടിയത്.
മോദി സർക്കാർ അധികാരത്തിൽ ഏറിയതിനുശേഷം, പണ്ഡിറ്റുകളുടെ നിരന്തര അഭ്യർത്ഥന മാനിച്ചാണ് പല കേസുകൾക്കും ജീവൻ വെച്ചത്. അതിർത്തിക്ക് അപ്പുറത്തുനിന്ന് എത്തുന്ന വൻ പണത്തിന്റെ സഹായത്തോടെ, ഒന്നാന്തരം അഭിഭാഷകരെവെച്ചും, കൈക്കുലിക്ക് കുപ്രസിദ്ധമായ കാശ്മീർ പൊലീസിനെ വിലയ്ക്കെടുത്തും, സാക്ഷികളെ ഭീഷണിപ്പെടുത്തി ഒഴിവാക്കിയുമൊക്കെ ഭീകരർ ഒന്നൊന്നായി കേസിൽനിന്ന് രക്ഷപ്പെട്ടു.നോക്കണം, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ വംശമാണ് പണ്ഡിറ്റുകൾ. രാഹുൽഗാന്ധി കാശ്മീരിൽ വന്നപ്പോൾ പറഞ്ഞത് ഞാനും ഒരു പണ്ഡിറ്റാണെന്നാണ്. എന്നിട്ടും അവർക്ക് നേരെയുണ്ടായ സമാനമായ അതിക്രമത്തിലെ പ്രതികളെ ശിക്ഷിപ്പിക്കാൻ പോലും കഴിഞ്ഞില്ലെന്നത് ലജ്ജാവഹമാണ്.
സൂഫിസത്തിൽനിന്ന് വഹാബിസത്തിലേക്ക്
ഇന്ത്യ സ്വതന്ത്രമായപ്പോൾ ഒരു രക്തച്ചൊരിച്ചിലും ഇല്ലാതിരുന്ന, കാശ്മീരിനെ ഗാന്ധിജിയും നെഹ്റുവും സമാധാനത്തിന്റെ പൂങ്കാവനം എന്നാണ് വിശേഷപ്പിച്ചത്. അമീർ ഖുസ്രുവിന്റെ, ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് ഇവിടെയാണ് ഇവിടെയാണ് എന്ന കവിത, പലപ്പോഴും നെഹ്റു ക്വാട്ട് ചെയ്യാറുണ്ടായിരുന്നു. കാശ്മീരിനെ ചൊല്ലി പാക്കിസ്ഥാനുമായി ഇന്ത്യയുടെ സംഘർഷം പതിവായിരുന്നെങ്കിലും, 1975വരെ ആഭ്യന്തരമായ പ്രശ്നങ്ങൾ അത്രയൊന്നും ഉണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്ലീങ്ങളും ഇത്രയേറെ വിഭജിക്കപ്പെട്ടിട്ടില്ലായിരുന്നു.
എന്നാൽ കാശ്മീരിനെ ഇന്ത്യൻ യൂണിയനിൽ ഉറപ്പിച്ച് നിർത്തുന്ന 1975ലെ കാശ്മീർ ഉടമ്പടിയിൽ ഷേക്ക് അബ്ദുള്ള ഒപ്പുവെച്ചതോടെ കാര്യങ്ങൾ മാറിമറിഞ്ഞു. താഴ്‌വര വിഘടനവാദത്തിന്റെയും വർഗീയതയുടെയും കൂത്തരങ്ങായി. ജമാഅത്തെ ഇസ്ലാമി കാശ്മീർ, പീപ്പിൾസ് ലീഗ്, ജമ്മു കശ്മീർ ലിബറേഷൻ ഫോഴ്‌സ് (ജെകെഎൽഎഫ്) എന്നിങ്ങനെ പല കക്ഷികളും എതിർപക്ഷത്ത് അണിനിരന്നു. പാക്കിസ്ഥാൻ ചാരസംഘടനയായ ഐഎസ്‌ഐ ആ വിഘടനവാദത്തിന് പരമാവധി കാറ്റുപകർന്നുകൊണ്ട് 'ആസാദ് കശ്മീർ' എന്ന സങ്കൽപ്പത്തെ പ്രോത്സാഹിപ്പിച്ചു. അന്ന് കശ്മീരിലെ പ്രസന്ന സാന്നിധ്യമായിരുന്ന 'സൂഫിസ'ത്തെ തുടച്ചു നീക്കിക്കൊണ്ട് 'വഹാബി'സത്തിന്റെ കൂടുതൽ യാഥാസ്ഥിതികമായ വേരുകൾ ഉറപ്പിക്കാൻ ആ കോക്കസ് പരമാവധി ശ്രമിച്ചു.
പാക് പ്രധാനമന്ത്രിയായി ബേനസീർ വന്നതോടെ തീവ്രാദികൾക്ക് എല്ലാ പ്രോൽസാഹനവും ലഭിച്ചു. ( വഹാബിസത്തിൽ വേരുകൾ കേരളത്തിലേക്കും പടരുമ്പോൾ നാം ശ്രദ്ധിക്കാൻ ഏറെയുണ്ട്. അമ്പലങ്ങൾക്ക് പിരിവ് കൊടുക്കുന്നത് വേശ്യാവൃത്തിപോലെയാണെന്നും, ഓണം ആഘോഷിക്കരുത് എന്നുമൊക്കെയുള്ള സിദ്ധാന്തങ്ങൾ ചമക്കുന്നവരെ ഭയക്കുകതന്നെ വേണം. നാളെ ആയുധം എടുക്കാൻ മടിക്കാത്ത ആശയധാരയാണ് അത്)
ഷേക്ക് അബ്ദുള്ളയുടെ സർക്കാറും വൈകാതെ സമുദായിക ചുവയോടെ പ്രവർത്തിക്കാൻ തുടങ്ങി. എൺപതുകളുടെ മധ്യത്തോടെ താഴ്‌വരയിലെ 2500 ലധികം സ്ഥലങ്ങളുടെ പേര് ഇസ്ലാമികവൽക്കരിക്കയായിരുന്നു ആദ്യ നീക്കം. കശ്മീരിലെ ആരാധനാലയങ്ങളിൽ ഷേഖ് അബ്ദുള്ള നടത്തിയ പ്രസംഗങ്ങളിൽ ഹിന്ദു ന്യൂനപക്ഷത്തിനെ പലപ്പോഴും പരാമർശിച്ചിരുന്നത് ഇന്ത്യൻ ഗവൺമെന്റിന്റെ മുഖ്ബിറുകൾ അഥവാ ചാരന്മാർ എന്നായിരുന്നു. എൺപതുകൾ തീവ്രവാദത്തിന് വളക്കൂറുള്ള ദശകമായിരുന്നു. സോവിയറ്റ് റഷ്യക്കെതിരായി അഫ്ഗാനിൽ നടന്ന ജിഹാദിസ്റ്റ് മുന്നേറ്റം, ഇറാനിലെ ഇസ്ലാമിക വിപ്ലവം, പഞ്ചാബിലെ ഖാലിസ്ഥാനി പ്രസ്ഥാനം അങ്ങനെ നാലുപാടും ഭീകരവാദത്തിന്റെ വിളയാട്ടമായിരുന്നു.
ഈ തീവ്രവാദികളുടെ കൂട്ടത്തിൽ ഏറ്റവും മാരകമായി പണ്ഡിറ്റുകളെ ഉപദ്രവിച്ചത് ജെകെഎൽഎഫ് ആയിരുന്നു. മക്‌ബൂൽ ഭട്ട് തീവ്രാവാദിയായിരുന്നു താഴ്‌വരയിൽ ഈ സംഘടനയെ വളർത്തിയത്. 1984ൽ മക്‌ബൂൽ ഭട്ടിനെ പിടികൂടി ഇന്ത്യൻ ഗവണ്മെന്റ് തിഹാർ ജയിലിൽ തൂക്കിക്കൊന്നു. അത് താഴ്‌വരയിൽ ഏറെ സംഘർഷങ്ങൾക്ക് വഴിവെച്ചു. നിരവധി അക്രമസംഭവങ്ങൾ നടന്നു. ഗവൺമെന്റിന്റെ ഭാഗത്തുനിന്നും അതിശക്തമായ പ്രതികരണങ്ങൾ ഉണ്ടായി. 1986 ൽ രാജീവ് ഗാന്ധി ബാബ്‌റി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കുള്ള സൗകര്യം ചെയ്തുകൊടുത്തതിന്റെ അനുരണനവും അങ്ങ് കാശ്മീരിൽ ഉണ്ടായി. അക്കൊല്ലം തന്നെ മുഫ്തി മുഹമ്മദ് സയ്യിദിന്റെ മണ്ഡലമായ അനന്ത് നാഗിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ നടന്നു.
താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റുകളുടെ ബിസിനസ് സ്ഥാപനങ്ങളും, സ്വത്തുവകകളും കൊള്ളയടിക്കപ്പെട്ടു. 1989 ൽ അന്ന് വിപി സിങ് മന്ത്രിസഭയിലെ ആഭ്യന്തരമന്ത്രിയായിരുന്നാ മുഫ്തി മുഹമ്മദ് സയീദിന്റെ മകൾ റുബയ്യാ സയീദിനെ ജെകെൽഎഫ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി. തങ്ങളുടെ 13 തീവ്രവാദികളെ ജയിലിൽ നിന്ന് മോചിപ്പിച്ച ശേഷം മാത്രമേ അവർ റുബയ്യയെ വിട്ടുള്ളൂ. അതും രാഷ്ട്രീയ ഏറെ സംഘർഷങ്ങൾക്ക് കാരണമായി.
അപ്പോഴേക്കും കശ്മീരി പണ്ഡിറ്റുകൾ കൃത്യമായി ഇരയുടെ സ്ഥാനത്തേക്ക് കൊണ്ട് നിർത്തപ്പെട്ടു കഴിഞ്ഞിരുന്നു. അവർക്ക് 'ഇസ്ലാമിലേക്ക് മതം മാറുക, പലായനം ചെയ്യുക, അല്ലെങ്കിൽ വെടിയുണ്ടയ്ക്കിരയായി കൊല്ലപ്പെടുക' എന്നിങ്ങനെ മൂന്ന് വഴികൾ നിർദ്ദേശിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ താഴ്‌വരയിൽ എങ്ങും പ്രത്യക്ഷപ്പെട്ടു. അതിനു പിന്നാലെയായി, ഇനി ഇല്ലാതാക്കാൻ പോകുന്ന കശ്മീരി പണ്ഡിറ്റുകളുടെ ഒരു ലിസ്റ്റും തീവ്രവാദസംഘടനകൾ പുറത്തിറക്കുന്നു. അതോടെ താഴ്‌വരയിലെ കശ്മീരി പണ്ഡിറ്റ് ജനത ആകെ പരിഭ്രാന്തരാകുന്നു. ഏറ്റവും ഒടുവിലായി, ഒരു പ്രാദേശിക പത്രത്തിൽ ഒരു അന്ത്യശാസനം കൂടി അച്ചടിച്ചു വന്നതോടെ എല്ലാം പൂർണമാകുന്നു.
ഈ ഭീഷണികൾക്ക് പിന്നാലെ, ആദ്യ കൊലപാതകം നടക്കുന്നത് 1989 സെപ്റ്റംബർ 13 -നാണ്. ടീകാ ലാൽ ടപ്ലു എന്ന താഴ്‌വരയിലെ പ്രസിദ്ധനായ ബിജെപി നേതാവ് ഭീകരവാദികളുടെ വെടിയേറ്റ് മരിക്കുന്നു. ജെകെഎൽഎഫ് നേതാവായ മഖ്ബൂൽ ഭട്ടിന് വധശിക്ഷ വിധിച്ച ജഡ്ജ്, നീൽ കാന്ത് ഗുൻജു, നവംബർ നാലാം തീയതി, ശ്രീനഗർ കോടതിക്ക് പുറത്തുവെച്ച് തീവ്രവാദികളുടെ വെടിയേറ്റ് മരിക്കുന്നു. ഡിസംബർ 27 സുപ്രസിദ്ധ ജേർണലിസ്റ്റും അഭിഭാഷകനുമായ പ്രേം നാഥ് ഭട്ട് വെടിയേറ്റ് കൊല്ലപ്പെടുന്നു. പിന്നീട് അങ്ങോട്ട് കൊലകളുടെയും പാലയാനത്തിന്റെ കഥകളാണ്. ആയിരത്തി അഞ്ചൂറിലേറെ പണ്ഡിറ്റുകൾ കൊല്ലപ്പെട്ടുവെന്നും, രണ്ടരലക്ഷത്തോളം പാലയാനം ചെയ്യപ്പെട്ടുവെന്നുമാണ് കണക്ക്.
ബോറടിമാറ്റാൻ അവരെ വെടിവെച്ച് കൊല്ലും
ദ കാശ്മീർ ഫയൽസ് എന്ന ചിത്രത്തിൽ ഒരു ഭീകരനെ കാണിക്കുന്നുണ്ടാല്ലോ. യാതൊരു കൂസലുമില്ലാതെ ഒരു ജേർണലിസ്റ്റിന് താൻ നിരവധി പണ്ഡിറ്റുകളെ കൊന്നിട്ടുണ്ടെന്ന്, മുഖം മറക്കാതെ പരസ്യമായി പറയുന്ന ഭീകരൻ. ഇത് ഒരു സാങ്കൽപ്പിക കഥാപാത്രമല്ല. പണ്ഡിറ്റുകളെ ഏറ്റവും അധികം ഉപദ്രവിച്ച ഈ ക്രൂരന്റെ പേരാണ് ബിട്ട കരാട്ടെ. ശരിക്കുള്ള പേര് ഫാറൂഖ് അഹമ്മദ് ദാർ. ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ടിന്റെ ചെയർമാനായിരുന്നു 'കാശ്മീരിലെ കശാപ്പുകാരൻ' എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഇതാൾ. പക്ഷേ ബിട്ടയ്ക്ക് ഇന്നുള്ള മേൽവിലാസം കുറച്ചു കൂടി പരിഷ്‌കൃതവും സമൂഹത്തിൽ സ്വീകാര്യവുമായ ഒന്നാണ്. അത്, 'മുൻ തീവ്രവാദി' എന്നതാണ്.
ചെറുപ്പം മുതൽ മാർഷ്യൽ ആർട്സിൽ കമ്പമുണ്ടായിരുന്ന അവനെ കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റ് നേടിയതോടെ നാട്ടുകാർ 'ബിട്ട കരാട്ടെ' എന്ന് വിളിച്ചുതുടങ്ങി. 1988 ൽ അന്നത്തെ ജെകെഎൽഎഫ് കമാൻഡർ ആയിരുന്ന അഷ്ഫാക്ക് മജീദ് വാണി ആണ് യൗവ്വനത്തിന്റെ പടിവാതിലെത്തി നിന്ന, ബിട്ടയെ പാക് അധീന കാശ്മീരിലെ ഭീകരവാദ പരിശീലന കേന്ദ്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്. കണ്ണും മൂടിക്കെട്ടി വാഹനത്തിൽ കയറ്റി അങ്ങോട്ട് കൊണ്ടുപോയ ബിട്ട, അതേ പോലെ അവിടെ എത്തിപ്പെട്ട ഒരു സംഘം കാശ്മീരി യുവാക്കൾക്കൊപ്പം 32 ദിവസം നീണ്ട സായുധപരിശീലനത്തിന് വിധേയനാക്കപ്പെട്ടു. ഐഎസ്‌ഐയുടെ ആ തീവ്രവാദ പരിശീലന ക്യാമ്പിൽ നിന്ന് ബിട്ട തിരികെ കാശ്മീരിലേക്ക് എത്തിയത് എല്ലാം തികഞ്ഞ ഒരു ഭീകരവാദിയായിട്ടാണ്.
ബിട്ടയെന്ന ഈ പേര് അന്താരാഷ്ട്ര മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത് ഒരു വിഡിയോയിൽ അയാൾ നടത്തിയ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾക്ക് ശേഷമാണ്. മുഖം മറയ്ക്കാതെ, കയ്യിൽ ഒരു റിവോൾവറും കൊണ്ട് താഴ്‌വരയിൽ ചുറ്റിനടന്ന് താൻ കാശ്മീരി പണ്ഡിറ്റുകളെ വെടിവെച്ചു കൊന്നതിന്റെ വീരസ്യങ്ങൾ അയാൾ ആ അഭിമുഖത്തിൽ വിവരിച്ചു. പണ്ഡിറ്റുകളെ മണത്തു കണ്ടുപിടിക്കാനും, ഉന്നം തെറ്റാതെ വെടിവെച്ചു കൊല്ലാനുമുള്ള സ്വന്തം കഴിവിൽ അയാൾ അഭിമാനം കൊണ്ടിരുന്നു.
താഴ്‌വരയിൽ ബിസിനസ്സുകാരനായ സതീഷ് കുമാർ ടിക്കൂ എന്ന തന്റെ ആത്മമിത്രത്തെ തന്നെയായിരുന്നു, തൊണ്ണൂറുകളുടെ തുടക്കത്തിൽ ബിട്ട ആദ്യമായി വെടിവെച്ചു കൊന്നത്. ടിക്കുവിനെ അയാളുടെ വീടിന്റെ മുന്നിൽ വച്ചാണ് പോയന്റ് ബ്ലാങ്കിൽ വെടിവെച്ചു കൊന്നുകളഞ്ഞത്. ആരെയൊക്കെയാണ് കൊല്ലേണ്ടത് എന്നുള്ള കൃത്യമായ നിർദ്ദേശം അഷ്ഫാക്ക് മജീദ് വാണിയും മറ്റുള്ള ജെകെഎൽഎഫ് കമാൻഡർമാരുമാണ് ബിട്ടയ്ക്ക് നൽകിക്കൊണ്ടിരുന്നത്. കൃത്യമായ നിർദ്ദേശമില്ലാതെ ദിവസങ്ങൾ പിന്നിട്ടാൽ തന്റെ തോക്കും കയ്യിലേന്തി താഴ്‌വരയിൽ കറങ്ങി മുന്നിൽ വന്നുപെടുന്ന കശ്മീരി പണ്ഡിറ്റുകളിൽ ആരെയെങ്കിലുമൊക്കെ അയാൾ വെടിവെച്ചു കൊല്ലുമായിരുന്നു. ബോറടി മാറ്റാൻ എന്നതായിരുന്നു ഇതിനുള്ള വിശദീകരണം!
'പണ്ഡിറ്റുകൾക്കു നേരെ റിവോൾവറും, ഇന്ത്യൻ സൈന്യത്തിനെതിരെ എകെ 47 യന്ത്രത്തോക്കും' എന്നതായിരുന്നു ബിട്ടയുടെ നയം. കശ്മീരി പണ്ഡിറ്റുകളുടെ പലായനകാലത്ത് ചുരുങ്ങിയത് 20 പേരെയെങ്കിലും ഇങ്ങനെ കൊന്നിട്ടുണ്ട് ഇയാളെന്നാണ് പറയപ്പെടുന്നത്. അത് ഔദ്യോഗിക കണക്ക്. പാനൂൻ കശ്മീർ എന്ന സംഘടനാ പറയുന്നത് ചുരുങ്ങിയത് 42 പേരെയെങ്കിലും ബിട്ട കൊന്നിട്ടുണ്ട് എന്നാണ്.
എന്നാൽ പിന്നീട്, സംഗതി കുഴയും നിയമനടപടി വരും എന്നൊക്കെ ആയപ്പോൾ ബിട്ട വീഡിയോയിലെ തന്റെ അവകാശവാദങ്ങൾ ഒക്കെ നിഷേധിച്ചു. ഒക്കെ സമ്മർദ്ദത്തിന്റെ ഫലമായി പറഞ്ഞതാണെന്നും, താൻ ഒരു പണ്ഡിറ്റിനെപ്പോലും കൊന്നിട്ടില്ല എന്നും മാണ് ബിട്ട മാറ്റിപ്പറഞ്ഞത്.
ഒരു ആത്മാർഥതയുമില്ലാത്ത പ്രോസിക്യൂഷൻ
1990 ജൂൺ 20 ന് ശ്രീനഗറിൽ വെച്ച് ബിഎസ്എഫ് ആണ് ബിട്ടയെ ആദ്യമായി അറസ്റ്റുചെയ്യുന്നത്. അന്ന് അയാൾക്കു മേൽ പൊതു സുരക്ഷാ നിയമം ചുമത്തപ്പെട്ടു. ഭീകരവാദവുമായി ബന്ധപ്പെട്ട 19 കേസുകളുണ്ടായിരുന്നു ബിട്ടയുടെ തലയ്ക്കുമീതെ. ആ കേസുകളിന്മേൽ വിചാരണ തുടരവേ ബിട്ട അടുത്ത 16 കൊല്ലത്തോളം ജയിലിൽ കഴിച്ചുകൂട്ടി. കോട്ട് ഭൽവാൾ, കത്വ, ജോധ്പുർ, ആഗ്ര തുടങ്ങിയ പല ജയിലുകളിലുമായിട്ടാണ് അത്രയും കാലം ബിട്ട കഴിഞ്ഞത്. എന്നാൽ 2006 ൽ സ്‌പെഷ്യൽ ടാഡ കോടതി അനിശ്ചിതകാലത്തേക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ബിട്ടയെ വിട്ടയച്ചു. അന്ന് കശ്മീരിലെ പണ്ഡിറ്റുകളുടെ സംഘടനകളിൽ പലതും ഈ റിലീസിനെ എതിർത്തിരുന്നെങ്കിലും ഫലമുണ്ടായില്ല.
ബിട്ടയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് ജസ്റ്റിസ് എൻഡി വാണി നടത്തിയ പരാമർശം ശ്രദ്ധേയമാണ്. 'കുറ്റാരോപിതനെതിരെ കോടതിക്ക് മുന്നിൽ വന്നിട്ടുള്ള ആരോപണങ്ങളുടെ ഗൗരവം മനസ്സിലാക്കാതെയല്ല കോടതി ഇപ്പോൾ ജാമ്യം അനുവദിക്കുന്നത്. പല കുറ്റങ്ങളും തെളിയിക്കപ്പെടുന്ന പക്ഷം ആരോപിതന് വധശിക്ഷ പോലും കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ, ഈ കേസ് ഫലപ്രദമായി വാദിക്കാനോ മുന്നോട്ട് കൊണ്ടുപോകാനോ പ്രോസിക്യൂഷന് യാതൊരു താത്പര്യവുമില്ല എന്നാണ് കോടതിക്ക് ബോധ്യപ്പെട്ടിരിക്കുന്നത്. പ്രോസിക്യൂഷന്റെ വാദത്തിന് ബലമില്ലാത്തതാണ് ജാമ്യം അനുവദിക്കാനുള്ള പ്രധാന കാരണം. മിതമായ ഭാഷയിൽ പറഞ്ഞാൽ ഇത് ആർട്ടിക്കിൾ 21 -ന്റെ ലംഘനമാണ്.'
1993 ന് ശേഷം ജെകെഎൽഫ് മുഖ്യധാരയിലേക്ക് കടന്നുവരുന്നതായി പ്രഖ്യാപിച്ചപ്പോൾ അതിനും കശ്മീർ താഴ്‌വരയിൽ രാഷ്ട്രീയ സാധുത കൽപ്പിച്ചു നൽകപ്പെട്ടു. അതോടെ ബിട്ടയും രാഷ്ട്രീയ നേതാവായി. രാഹുൽ പണ്ഡിത എഴുതിയ മൈ മൂൺ ഹാസ് ബ്ലഡ് ക്ളോട്ട്സ് എന്ന പുസ്തകത്തിൽ ബിട്ടയെപ്പറ്റിയുള്ള വിസ്തരിച്ചുള്ള വർണ്ണനകളുണ്ട്. ഈ കേസിൽ, ബിട്ടാ കരാട്ടെ അറസ്റ്റിലായി. ഇതിന് അധികം താമസിയാതെയാണ് താഴ്‌വരയിലെ ഒരു ടെലിവിഷൻ ചാനലിന് അയാൾ നൽകിയ ഒരു അഭിമുഖത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്. ആ ഇന്റർവ്യൂവിൽ നിന്നുള്ള പ്രസക്ത സംഭാഷണങ്ങൾ ഇതാ,
ചോദ്യം: എത്ര പേരെ കൊന്നിട്ടുണ്ട് നിങ്ങൾ ?
ബിട്ട കരാട്ടെ : കൃത്യമായി ഓർക്കുന്നില്ല.
ചോദ്യം: ഓർമ്മപോലും നിൽക്കാത്തത്ര അധികം ആളുകളെ കൊന്നുതള്ളിയോ നിങ്ങൾ?
ബിട്ട കരാട്ടെ : ചുരുങ്ങിയത് പത്തുപന്ത്രണ്ടെങ്കിലും വരും.
ചോദ്യം: പത്തുപന്ത്രണ്ടു അതോ ഇരുപതോ?
ബിട്ട കരാട്ടെ : വേണമെങ്കിൽ ഇരുപതെന്നും പറയാം.
ചോദ്യം: എല്ലാം കശ്മീരി പണ്ഡിറ്റുകൾ തന്നെ ആയിരുന്നോ അതോ മുസ്ലീങ്ങളെയും കൊന്നിട്ടുണ്ടോ?
ബിട്ട കരാട്ടെ : ഒന്നോ രണ്ടോ മുസ്ലീങ്ങളുമുണ്ട്.
ചോദ്യം: കൂടുതലും പണ്ഡിറ്റുകൾ തന്നെ, അല്ലെ ?
ബിട്ട കരാട്ടെ : അതെ.
ചോദ്യം: അതെന്താ അങ്ങനെ? അവരോടു വല്ല വിരോധവും?
ബിട്ട കരാട്ടെ : എനിക്ക് അങ്ങനെ ചെയ്യാനുള്ള ഓർഡറുകൾ വന്നിരുന്നു.
ചോദ്യം: ആദ്യം കൊന്നത് ആരെയാണ് ?
ബിട്ട കരാട്ടെ : സതീഷിനെ ആണെന്ന് തോന്നുന്നു.
ചോദ്യം: ഏത് സതീഷ്?
ബിട്ട കരാട്ടെ : സതീഷ് കുമാർ ടിക്കൂ
ചോദ്യം: എന്തിന്?
ബിട്ട കരാട്ടെ : മുകളിൽ നിന്ന് അയാളെ തട്ടാൻ ഓർഡർ വന്നിരുന്നു. അതുകൊണ്ട്.
ചോദ്യം: എത്ര പേരെ കൊന്നിട്ടുണ്ട് നിങ്ങൾ ?
ബിട്ട കരാട്ടെ : കൃത്യമായി ഓർക്കുന്നില്ല. '- ഇങ്ങനെയാണ് അഭിമുഖം നീളുന്നത്.
ജയിൽ മോചിതനായപ്പോൾ ഹീറോ
കാശ്മീരി പണ്ഡിറ്റുകളെ പട്ടാപ്പകൽ, മുഖം പോലും മറക്കാതെ കൊന്നുതള്ളിയിട്ടും, അതേപ്പറ്റി ഇത്ര കൃത്യമായ വെളിപ്പെടുത്തലുകൾ നടത്തിയിട്ടും 'ബിട്ട കരാട്ടെ' എന്ന ഫാറൂഖ് അഹമ്മദ് ഡാർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടില്ല. വിചാരണക്കാലയളവിലെ പതിനാറുകൊല്ലത്തെ ജയിൽവാസത്തിനു ശേഷം അയാൾ പുറത്തിറങ്ങി. ജയിൽ മോചിതനായ ബിട്ടയെ കാത്തിരുന്നത് തന്റെ ഗ്രാമവാസികളിൽ നിന്നുള്ള ഊഷ്മളമായ സ്വീകരണമാണ്. നൂറുകണക്കിന് റോസാപ്പൂച്ചെണ്ടുകളുമായാണ് പതിനാറു വർഷങ്ങൾക്കുശേഷം അവരയാളെ എതിരേറ്റത് .2016 ൽ വധിക്കപ്പെട്ട ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ 22കാരൻ ബുർഹാൻ വാനിയെ ഓർക്കുക. അയാളും ശരിക്കും ഹീറോ ആയിരുന്നു. പതിനായിരങ്ങളാണ് ബുർഹാന്റെ സംസ്‌ക്കാരച്ചടങ്ങിൽ പങ്കെടുത്തത്.
അയാൾ വിവാഹിതനായി. അയാൾക്ക് കുട്ടികളുണ്ടായി. സുദീർഘമായ ജയിൽ വാസത്തിനു ശേഷം തിരികെ താഴ്‌വരയിലെത്തിയ ഫാറൂഖ് അഹമ്മദ് ദാർ നേരെ പ്രവേശിച്ചത് ജെകെഎൽഎഫിലേക്കാണ്. അപ്പോഴേക്കും രാഷ്ട്രീയപ്പാർട്ടി ആയിക്കഴിഞ്ഞിരുന്ന ഇതിലൂടെ അയാൾ വളരെ വേഗം സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തിരിച്ചുവന്ന് സ്വാഭാവിക ജീവിതം നയിച്ചുതുടങ്ങി. അവിടെ പെട്ടെന്നു പെട്ടെന്ന് സ്ഥാനക്കയറ്റങ്ങൾ നേടിയ ബിട്ട അധികം താമസിയാതെ ചെയർമാൻ സ്ഥാനം വരെയെത്തി.
ബിട്ട കരാട്ടെയുടേത് ഒരു ഒറ്റപ്പെട്ട കേസല്ല. അയാളെപ്പോലെ കശ്മീരി പണ്ഡിറ്റുകളെ കൊന്നൊടുക്കിയ നൂറുകണക്കിന് കൊലപാതകികൾ നിയമത്തിനുമുന്നിൽ ഒരിക്കലും കൊണ്ട് നിർത്തപ്പെട്ടില്ല. അങ്ങനെ നിർത്തപ്പെട്ട ചുരുക്കം ചിലർ തന്നെ പ്രോസിക്യൂഷന്റെ ഉദാസീനമായ വാദം കാരണം കുറച്ചുകാലം ജയിലിൽ കിടന്ന ശേഷം മോചിതരായി. അവരും ബിട്ടയെപ്പോലെ സമൂഹത്തിലേക്ക് തിരിച്ചെത്തി.
ഏറെക്കാലത്തിനു ശേഷം ഒടുവിൽ 2019 മാർച്ചിൽ നരേന്ദ്ര മോദി സർക്കാർ വീണ്ടും ജെകെഎൽഎഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് നിരോധിച്ചു. 2019 -ൽ തന്നെ എൻഐഎ ബിട്ട എന്ന ഫാറൂഖ് അഹമ്മദ് ദാറിനെ, 'ഭീകരവാദത്തിന് ഫണ്ടിങ് ചെയ്യുന്നു' എന്ന ആരോപണത്തിന്മേൽ വീണ്ടും അറസ്റ്റു ചെയ്തു. 'സർക്കാരിനെതിരെ കലാപത്തിന് കോപ്പുകൂട്ടുന്നു' എന്നതാണ് എൻഐയുയുടെ പ്രധാന ആരോപണം. പണ്ഡിറ്റുകൾക്ക് നേരെ ചെത്ത അതിക്രമങ്ങളുടെ പേരിൽ എന്തായാലും ചെയ്ത കുറ്റങ്ങൾക്കുള്ള വിചാരണ എങ്ങുമെത്തിയില്ലെങ്കിലും അങ്ങനെ അയാൾ വീണ്ടും ഇരുമ്പഴിക്കുള്ളിലായി. പക്ഷേ ജയിലൊക്കെ ബിട്ടക്ക് തറവാടുപോിയൊണ്. അവിടെ ഇരുന്നും കലാപത്തിന് കോപ്പുകൂട്ടാൻ അയാൾക്ക് കഴിയും.
സൂത്രധാരൻ സിയാ മുസ്തഫക്ക് സംഭവിച്ചത്
ദ കാശ്മീർ ഫയൽസ് സിനിമയിലെ ഏറ്റവും നടക്കുന്ന ദൃശ്യമാണ് അതിന്റെ ക്ലൈമാക്സ്. സ്ത്രീകളുടെ കുട്ടികളും അടങ്ങുന്ന 24 കാശ്മീരി പണ്ഡിറ്റുകളെ ഒന്നിന് പുറകെ ഒന്നായി വെടിവെച്ച് ശവക്കുഴിയിലേക്ക് തള്ളിയിടുന്ന രംഗം. അതിന്റെ സുത്രധാരനാണ് സിയാ മുസ്തഫ എന്ന ലശ്കർ ഭീകരൻ. കൊലകഴിഞ്ഞ് വർഷങ്ങൾ അയാൾ സുഖമായി നടന്നു. 2003ലാണ് കാശ്മീർ പൊലീസിന്റെ പിടിയിലാവുന്നത്. പുൽവാമ ജില്ലയിലെ നദിമാർഗ് ഗ്രാമത്തിലെ വീടുകളിൽ താമസിച്ചിരുന്ന 24 കശ്മീരി പണ്ഡിറ്റുകളെ കൊലപ്പെടുത്തിയ സമയത്ത് ലശ്കർ ഇ ത്വയ്ബയുടെ പ്രധാന ഏജന്റായിരുന്നു സിയാ മുസ്തഫ. കശ്മീരികളെ കൂട്ടക്കൊല നടത്താൻ ലശ്കർ നേതൃത്വം തന്നോട് ആവശ്യപ്പെട്ടതായി മുസ്തഫ അന്ന് പൊലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു.
തുടർന്ന് ഇയാൾ കോട്ട് ബൽവാൽ ജയിലിലായിരുന്നു. കഴിഞ്ഞവർഷം, അതായത് 2021 ഒക്ടോബർ 20ന് സൈന്യം ഭീകരരുടെ പൂഞ്ചിലെ ഒളിത്താവളങ്ങൾ കാട്ടിക്കൊടുക്കാനായി സിയ മുസ്തഫയെ പുറത്തിറക്കുകയായിരുന്നു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞ് ഒക്ടോബർ 23ന് പൂഞ്ചിലെ ഒരു ഏറ്റമുട്ടലിയാണ് സിയ മുസ്തഫ കൊല്ലപ്പെടുന്നു എന്ന വാർത്തയാണ് പുറത്തുവന്നത്. ഒളിച്ചിരുന്ന ഭീകരർ സൈന്യത്തിന് നേരെ പൊടുന്നനെ വെടിയുതിർക്കുകയായിരുന്നുവെന്നും, ഈ ഏറ്റുമുട്ടലിനിടെ ഭീകരരുടെ ഒളിത്താവളങ്ങളിലേക്ക് വഴികാട്ടാനായി സൈന്യം കൂടെക്കൊണ്ടുപോയിരുന്ന തടവുകാരൻ സിയ മുസ്തഫ മരിക്കുകയായിരുന്നെന്നുമാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ ഇത് ഒരു കരുതിക്കൂട്ടിയുള്ള എൻകൗണ്ടർ ആണെന്നും പറയുന്നു. ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്കും ഒരു സൈനികനും വെടിയേറ്റിരുന്നു.
കാശ്മീരിലെ വിഘടനവാദ സംഘടനകളും പാക്കിസ്ഥാനും ഒരുപോലെ പറയുന്നത്, സിയാ മുസ്തഫയുടെ കൊല, ഇന്ത്യൻ സൈന്യം ആസൂത്രണം ചെയ്ത എൻകൗണ്ടർ ആണെന്നാണ്. പക്ഷേ എന്തായാലും അത് പണ്ഡിറ്റുകൾക്കിടയിൽ സർക്കാറിന്റെ ഇമേജ് വർധിപ്പിച്ചു. ഈ രീതിയിലെങ്കിലും വധിച്ചിരുന്നില്ലെങ്കിൽ കേസിൽനിന്ന് തെളിവില്ലെന്ന് പറഞ്ഞ് ഊരിക്കളഞ്ഞ് വീണ്ടും ഭീകര പ്രവർത്തനത്തിൽ ഇടപെടുമായിരുന്നുവെന്നാണ് അവർ പറയുന്നത്.
റേപ്പ് ചെയ്തുകൊല്ലാനും ഉത്തരവ്
അതുപോലെ കുറച്ചുകാലം മുമ്പ്വരെയും ഹുറിയത്ത് കോൺഫറൻസിന്റെ നേതാവായി ചമഞ്ഞ് നടന്നിരുന്ന, യാസീൻ മാലിക്കിന്റെ കൈകളും പണ്ഡിറ്റുകളുടെ ചോരക്കറയിൽ ചുവന്നതാണ്. പണ്ഡിറ്റുകൾ ആക്രമിക്കപ്പെട്ട കാലത്ത് ജെകെഎൽഎഫിന്റെ പ്രധാന നേതാവ് ആയിരുന്നു, യാസീൻ മാലിക്ക്. 80 തുടക്കത്തിൽ പാക്കിസ്ഥാനിൽപോയി പരിശീലനം നേടിയാണ് ഇയാൾ കൊലകളിലേക്ക് തിരിയുന്നത്. 89-90ൽ താഴ്‌വരയിൽ ഭീകരവാദം പടർത്താൻ മുൻകൈ എടുത്തവരിൽ പ്രധാനിയായ ഇയാൾ ചുരുങ്ങിയത് രണ്ട് ഡസൻ ഭീകരവാദക്കേസിലെങ്കിലും മുഖ്യപ്രതിയായിരുന്നു.
അതിൽ എറ്റവും പ്രധാനമായിരുന്നു 90ലെ റിപ്പബ്ലിക്ക് ദിനത്തിന് തലേന്ന് നടന്ന എയർഫോഴ്സ് ഉദ്യോഗസ്ഥർക്കുനേരെ ഉണ്ടായ ആക്രമണം. കാശ്മീരിലെ ഹൈവേ പരിസരത്ത് വന്നിറങ്ങിയ,നാൽപ്പതോളം പേർ അടങ്ങുന്ന ആ സംഘം, എയർ ഫോഴ്സ് ഹെഡ്വക്വാട്ടേഴ്സിൽ നിന്ന് വാഹനം വരാൻ കാത്തിരിക്കയായിരുന്നു. എന്നാൽ പെട്ടെന്ന്, നാലഞ്ച് ബൈക്കുകളിൽ വന്ന ജെ.കെ.എൽ.എഫിന്റെ ഭീകരർ, യന്ത്രത്തോക്കിൽ നിന്ന് നിറയൊഴിച്ചു. അഞ്ചുപേർ തൽക്ഷണം മരിച്ചു. അന്ന് യാസീൻ മാലിക്ക് ആയിരുന്നു. ജെകെഎൽഎഫിന്റെ അന്നത്തെ ചെയർമാൻ.
90 ഫെബ്രുവരി 13ന് എം.എൻ പോൾ എന്ന ബിഎസ്എഫ് ഉദ്യോഗസഥന്റെ ഭാര്യയെ ബലാത്സഗം ചെയ്തുകൊല്ലാൻ ഉത്തരവിട്ടതും യാസീൻ മാലിക്ക് ആയിരുന്നെന്ന് പിന്നീട് തെളിഞ്ഞു. താഴ്‌വരയിലെ പല ബലാൽത്സംഗകൊലകൾക്ക് പിന്നിലും അയാൾ തന്നെ ആയിരുന്നു. പക്ഷേ ഈ യാസിൻ മാലിക്ക് പിന്നീട് ഒരു മനുഷ്യാവകാശ പ്രവർത്തകനാണെന്ന് കേരളത്തിലെ ചില മാധ്യമങ്ങൾ പോലും വിശേഷിപ്പിച്ച് കളഞ്ഞു.
എയർഫോഴ്സ് ആക്രമണത്തിൽ നിരവധി പേർ യാസീൻ മാലിക്കിനെ തിരിച്ചറിയുന്നു. ഈ കേസിൽ തുടർ അന്വേഷണം നടത്തിയ സിബിഐ ടാഡ ചുമത്തി ഇയാൾ അടക്കമുള്ള പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നു. പക്ഷേ വിചാരണയുടെ കാര്യത്തിൽ പതിറ്റാണ്ടുകളായി മാറിമാറി വന്ന സർക്കാറുകൾ തികഞ്ഞ ഉദാസീനയാണ് ഉണ്ടായത്. കേസിൽ ജാമ്യത്തിലറങ്ങിയ മാലിക്ക് പാക്കിസ്ഥാനിൽ പോയി വിവാഹം കഴിച്ചു. ഇംറാൻ ഖാൻ ഒപ്പം ഫോട്ടോ പിടിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് അഭിമുഖം കൊടുത്തു.
ഈ കേസിലെ അന്വേഷണം ശക്തമാക്കിയതും സ്റ്റേ വെക്കേറ്റ് ചെയ്തതുമൊക്കെ പുൽവാമ ആക്രമണത്തിനുശേഷം, ഇന്ത്യൻ എയർഫോഴ്സ് നടത്തിയ ഐതിഹാസികമായ സർജിക്കൽ സ്ട്രെക്കിനെ തുടർന്നായിരുന്നു! അന്ന് പ്രധാനമന്ത്രിയും കൂട്ടരും അഭിനന്ദിക്കാൻ വന്നപ്പോൾ എയർഫോഴ്സ് ഉന്നത ഉദ്യോഗസ്ഥർ എടുത്തിട്ടത് ഈ കേസാണ്്. ഇതോടെ പഴയ ഒരുകേസ് കുത്തിപ്പൊക്കി യാസീൻ മാലിക്ക് അറസ്റ്റിലായി ജുഡീഷ്യൽ കസ്റ്റഡിയിലായി. കുറ്റം. ഭീകരവാദികൾക്ക് ധനം നൽകിയെന്നയാണ്. വിചാരത്തടവിനിടെ ജാമ്യത്തിലിറങ്ങിയ യാസീൻ മാലിക്ക് ഇപ്പോഴും 'മനുഷ്യാവകാശ പ്രവർത്തനം' തുടരുകയാണ്.
ഇപ്പോൾ 370ാം വകുപ്പ് പിൻവലിച്ചതിനെതിരെ പ്രതിഷേധവുമായി നടക്കുകയാണ് യാസീൻ മാലിക്ക്. ഇതിന് പിന്നാലെയാണ് കാശ്മീരി പണ്ഡിറ്റുകൾക്കായി താഴ്‌വരയിലെ 10 ജില്ലകളിൽ പ്രത്യേക ടൗൺഷിപ്പുകൾ പണിയുമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ ഉറപ്പുനൽകിയത് ദേശീയമാധ്യമങ്ങളിൽ വലിയ വാർത്തയായിരുന്നു. കാശ്മീരിൽ ഭീകരർ തകർത്ത ക്ഷേത്രങ്ങൾ പുനർ നിർമ്മിക്കുമെന്നും അമിത്ഷാ പറഞ്ഞു. പണ്ഡിറ്റുകൾക്ക് സർക്കാർ ജോലി ലഭിക്കാൻ പ്രായപരിധിയിൽ ഇളവുനൽകും. കയ്യേറിയ ഭൂമി തിരിച്ചു പിടിക്കാനും നടപടി എടുക്കുമെന്നും അമിത്ഷാ വ്യക്തമാക്കി. ഒരു അഭയാർത്ഥി കുടുംബത്തിന് 13,000 രൂപ മാസം സഹായം നൽകാനും കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലക്ഷ്യമിടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇത് കേട്ടതോടെ പദ്ധതിയെ വിമർശിച്ച് യാസീൻ മാലിക്കുംരംഗത്തെത്തി. മതത്തിന്റെ പേരിൽ പ്രത്യേക കോളനികൾ നിർമ്മിക്കുന്നത് ഇസ്രയേലിലെപ്പോലെ, കാശ്മീരിലും വെറുപ്പിന്റെ മതിൽ നിർമ്മിക്കുമെന്ന് യാസീൻ മാലിക്ക് മാധ്യമങ്ങളോട് പറഞ്ഞു. കാശ്മീരി പണ്ഡിറ്റുകൾ ഇവിടെ സന്തോഷകരമായിട്ടാണ് ജീവിക്കുന്നത്. മുഖ്യമന്ത്രിയും ആർ എസ് എസും ചേർന്ന് തീകൊണ്ടാണ് കളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നോക്കണം, അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായ് മുന്നോട്ട് എന്ന് പറയുന്നപോലെ!
വാൽക്കഷ്ണം: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയിൽ മൗനം പാലിക്കുന്നതിൽ ക്ഷമാപണം നടത്തി 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രത്തിന്റെ ഭാഗമായ കന്നഡ നടൻ പ്രകാശ് ബെലവാഡി രംഗത്ത് എത്തിയതും വാർത്തയായിരുന്നു. ചിത്രത്തിൽ ഡോക്ടറുടെ വേഷം ചെയ്തത് അദ്ദേഹമാണ്. ഒരു പത്രപ്രവർത്തകനായിരുന്നിട്ടും, 1990കളിൽ കശ്മീരി പണ്ഡിറ്റുകളുടെ കൂട്ട പലായനത്തോട് താൻ നിസ്സംഗത പുലർത്തുകയായിരുന്നുവെന്നും ബെലവാഡിയുടെ കുമ്പസാരം. സമാനമായ അവസ്ഥയായിരുന്നു ഇന്ത്യയിലെ ഇടതുപാർട്ടികൾക്കും. സ്വയം വിമർശനമെന്ന് ഇടക്കിടെ ഇടതുപാർട്ടികൾ പറയുന്നത് പ്രാവർത്തികമാക്കി, പണ്ഡിറ്റുകളുടെ വിഷയത്തിൽ സ്വീകരിച്ച മൗനത്തിൽ മാപ്പുപറയുകയാണ് വേണ്ടത്.
അരുൺ ജയകുമാർ മറുനാടൻ മലയാളി തിരുവനന്തപുരം റിപ്പോർട്ടർ