തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജിൽ എസ്.എഫ്.ഐ- കെ.എസ്.യു സംഘർഷത്തെ തുടർന്ന് കെ.എസ്.യു വനിതാ നേതാവിന് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്ന സംഭവത്തിൽ പ്രതിഷേധം കടുക്കുന്നു. വിഷയത്തിൽ സിപിഎമ്മിനും എസ് എഫ് ഐയ്ക്കുമെതിരെ രൂക്ഷ വിർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്തെത്തി. ഒരു പെൺകുട്ടിയെ കുറേ ആണുങ്ങൾ ചേർന്ന് ഇങ്ങനെ മർദിക്കുന്നത് അപലപനീയമാണെന്ന് വി മുരളീധരൻ പറഞ്ഞു.

അതേ സമയം ഭീകര സംഘടനകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തി എസ് എഫ് ഐയെ നിരോധിക്കണമെന്ന് ഹൈബി ഈഡൻ എംപി ലോക്‌സഭയിൽ ആവശ്യപ്പെട്ടു. നിരന്തരമായി വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിക്കുകയും അവരുടെ മൗലിക അവകാശങ്ങൾ പോലും എസ്എഫ്‌ഐ നിഷേധിക്കുകയാണെന്നും എംപി ലോകസഭയിൽ ഉന്നയിച്ചു. ചൊവ്വാഴ്ച കോളേജ് തെരഞ്ഞെടുപ്പിന് ശേഷം രാത്രിയിൽ തിരുവനന്തപുരം ലോ കോളേജിൽ വനിതാ പ്രവർത്തക ഉൾപ്പെടെയുള്ളവരെ അതി ക്രൂരമായി മർദ്ദിച്ച് പശ്ചാത്തലത്തിലാണ് എംപി ലോക്‌സഭയിൽ വിഷയം ഉന്നയിച്ചത്.

പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ ദൃശ്യങ്ങളാണ് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പുറത്തുവരുന്നത്.... എസ് എഫ് ഐയുടെയും സിപിഎമ്മിന്റെയും 'നവോത്ഥാന മൂല്യങ്ങളാണ് 'വനിതാനേതാവിനെ ആക്രമിച്ചതിലൂടെ കേരളം കണ്ടതെന്ന് വി മുരളീധരൻ ഫേസ്‌ബുക്കിൽ കുറിച്ചു.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു ഒരു പെൺകുട്ടിയെ ഇങ്ങനെ വലിച്ചിഴച്ചതെങ്കിൽ കേരളത്തിലെ 'ബുദ്ധിജീവികളും ' മാധ്യമങ്ങളും ഉണ്ടാക്കുമായിരുന്ന കോലാഹലം എന്തായിരുന്നു !
എതിർ രാഷ്ട്രീയപാർട്ടി പ്രവർത്തകരെ സിപിഎം ഇല്ലായ്മ ചെയ്യുന്നു എന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന മഹാ അപരാധമെന്ന് ഇനിയും വി.ഡി സതീശന് അഭിപ്രായമുണ്ടോ ?
അതോ ഇക്കാര്യത്തിലും സഹകരണാത്മക പ്രതിപക്ഷത്തിന് മൗനമാണോ ? എന്നും ഫേസ്‌ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വി മുരളീധരൻ ചോദിക്കുന്നു.

ലോ കോളജിലെ കെഎസ്‌യു നേതാവ് സഫ്‌നയെ എസ് എഫ് ഐ പ്രവർത്തകർ വളഞ്ഞിട്ട് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചാണ് കേന്ദ്രമന്ത്രി വി മുരളീധരൻ വിമർശനം ഉന്നയിച്ചത്.

വി മുരളീധരന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:

കെ.എസ്.യു പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളോട് വിയോജിപ്പുണ്ട്...
പക്ഷേ ഒരു പെൺകുട്ടിയെ കുറേ ആണുങ്ങൾ ചേർന്ന് ഇങ്ങനെ മർദിക്കുന്നത് അപലപനീയമാണ്....
പരിഷ്‌കൃത സമൂഹത്തിന് അപമാനകരമായ ദൃശ്യങ്ങളാണ് തിരുവനന്തപുരം ലോ കോളേജിൽ നിന്ന് പുറത്തുവരുന്നത്....
എസ്എഫ് ഐയുടെയും സിപിഎമ്മിന്റെയും 'നവോത്ഥാന മൂല്യങ്ങളാണ് 'വനിതാനേതാവിനെ ആക്രമിച്ചതിലൂടെ കേരളം കണ്ടത്....!
ബിജെപി ഭരിക്കുന്ന സംസ്ഥാനത്തായിരുന്നു ഒരു പെൺകുട്ടിയെ ഇങ്ങനെ വലിച്ചിഴച്ചതെങ്കിൽ കേരളത്തിലെ 'ബുദ്ധിജീവികളും ' മാധ്യമങ്ങളും ഉണ്ടാക്കുമായിരുന്ന കോലാഹലം എന്തായിരുന്നു !
എതിർ രാഷ്ട്രീയപാർട്ടി പ്രവർത്തകരെ സിപിഎം ഇല്ലായ്മ ചെയ്യുന്നു എന്ന യോഗി ആദിത്യനാഥിന്റെ പ്രസ്താവന മഹാ അപരാധമെന്ന് ഇനിയും വി.ഡി സതീശന് അഭിപ്രായമുണ്ടോ ?
അതോ ഇക്കാര്യത്തിലും സഹകരണാത്മക പ്രതിപക്ഷത്തിന് മൗനമാണോ ?

കോളേജിലെ യൂണിയൻ ഉദ്ഘാടനവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഇരു വിദ്യാർത്ഥി സംഘടനകളും തമ്മിൽ സംഘർഷം ഉടലെടുത്തത്. ഇതേ തുടർന്ന് എണ്ണത്തിൽ കൂടുതലായ എസ്എഫ്ഐ പ്രവർത്തർ കെഎസ് യു പ്രവർത്തകരെ തിരിഞ്ഞു പിടിച്ച് ആക്രമിക്കുകയായിരുന്നു. ഒരു സ്ത്രീയെന്ന പരിഗണന പോലും നൽകാതെ കെഎസ് യു യൂണിറ്റ് പ്രസിഡന്റിന് നേരെയും പുരുഷന്മാരായ എസ്എഫ്ഐക്കാർ ആക്രമണം നടത്തിയത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സഫ്‌ന ഉൾപ്പെടെയുള്ള കെഎസ്‌യു പ്രവർത്തകരെ എസ്എഫ്‌ഐ പ്രവർത്തകർ മർദിച്ചത്. സഫ്‌നയ്ക്കു പുറമേ ജനറൽ സെക്രട്ടറി ആഷിക്ക് അഷറഫ്, നിതിൻ തമ്പി, എസ്എഫ്‌ഐ പ്രവർത്തകൻ അനന്ദു എന്നിവർക്കാണ് പരുക്കേറ്റത്. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരഞ്ഞെടുപ്പിൽ ജയിച്ചതിന്റെ വൈരാഗ്യമോ പ്രവർത്തകരോടുള്ള വൈരാഗ്യമോ ആണ് മർദനത്തിനിടയാക്കിയതെന്ന് സഫ്‌ന മാധ്യമങ്ങളോടു പറഞ്ഞു. സാധാരണ രീതിയിലുള്ള യൂണിയൻ ആഘോഷമാണ് നടന്നത്. ആഘോഷം കഴിഞ്ഞതിനുശേഷമാണ് എസ്എഫ്‌ഐ അക്രമം ഉണ്ടായത്. കെഎസ്‌യു പ്രവർത്തകൻ ആഷിഖിനെയാണ് ആദ്യം എസ്എഫ്‌ഐക്കാർ ആക്രമിച്ചത്. തടയാൻ ചെന്ന തന്നെ താഴേക്കു തള്ളിയിട്ട് വലിച്ചിഴച്ചു. സെക്കൻഡുകളുടെ വ്യത്യാസത്തിൽ നിരവധി പേർ ഇടിച്ചു. നേരത്തെയും കോളജിൽ പ്രശ്‌നങ്ങളുണ്ടായിരുന്നു. പരാതി കൊടുത്തിട്ടും സ്റ്റാഫ് കൗൺസിൽ എസ്എഫ്‌ഐയുടെ ഭാഗത്താണ് നിന്നത്. പരാതിയിൽ പൊലീസും യാതൊരു നടപടിയും എടുത്തില്ല. അവർ അൻപതോളം പേർ ഉണ്ടായിരുന്നു. ആദ്യം കോളജിനുള്ളിലായിരുന്നു മർദനം. പിന്നീട് പുറത്ത് ഗേറ്റിനു മുന്നിലും അടി നടന്നുവെന്ന് സഫ്‌ന പറഞ്ഞു.

എതിരാളികളെ പ്രവർത്തിക്കാൻ അനുവദിക്കാത്ത സമീപനമാണ് എസ്എഫ്‌ഐയുടേതെന്നും നേരത്തെ തന്റെ നേർക്കു പെയിന്റ് കോരി ഒഴിച്ച സംഭവമുണ്ടായെന്നും സഫ്‌ന പറഞ്ഞു. ക്യാംപയിനു ചെന്നപ്പോഴും അതിക്രമം ഉണ്ടായി. കെഎസ്‌യു അനുഭാവി ആണെങ്കിൽ കോളജിൽ പീഡനമാണ്. എസ്എഫ്‌ഐയ്ക്കു മറ്റുള്ളവരോട് അസഹിഷ്ണുതയാണ്. കോളജിൽ പഠിക്കുന്നത് ജീവന് ആപത്താണെന്ന് സഫ്‌ന പറഞ്ഞു.

സംഘർഷത്തിൽ നിലത്തുവീണ വനിതാ നേതാവിനെ നിലത്തിട്ടു ചവിട്ടുന്നവും മർദ്ദിക്കുന്നതുമായി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇത് ശരിക്കും നടുക്കുന്നതാണ്. വിരലിൽ എണ്ണാവുന്ന കെഎസ് യു പ്രവർത്തകരെ സംഘടിതമായി ആക്രമിക്കുകയായിരുന്നു കൈയൂക്കിന്റെ ബലത്തിൽ എസ്എഫ്ഐ പ്രവര്ത്തകർ.

കോളേജിലെ സംഘർഷങ്ങൾക്ക് ശേഷം കെ എസ് യു പ്രവർത്തകരുടെ വീടുകൾ കയറി ഭീഷണിയും ആക്രമണവുമുണ്ടായി. ദേവനാരായണനെന്ന വിദ്യാർത്ഥിക്ക് കഴുത്തിനും, ജിയോ എന്ന വിദ്യാർത്ഥിക്ക് കാലിനും പരിക്കുണ്ട്. എസ്എഫ്‌ഐ ഭാരവാഹികൾ വരെ മർദിച്ച സംഘത്തിലുണ്ടായിരുന്നു എന്ന് ദേവനാരായണൻ പറയുന്നു.

വിദ്യാർത്ഥികളെ വീട്ടിൽക്കയറി ആക്രമിച്ചതിന് 8 എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ മെഡിക്കൽ കോളേജ് പൊലീസാണ് കേസടുത്തത്. സഫ്‌നയെ ആക്രമിച്ചതിന് മ്യൂസിയം പൊലീസ് ഇന്നലെത്തന്നെ കേസെടുത്തിരുന്നു. എസ്എഫ്‌ഐ പ്രവർത്തകരെ ആക്രമിച്ചെന്ന പരാതിയിൽ കെ.എസ്.യു പ്രവർത്തകർക്കെതിരെയും ഇന്ന് കേസെടുത്തിട്ടുണ്ട്. പൊതുമരാമത്ത് മന്ത്രി പങ്കെടുത്ത പരിപാടി മദ്യപിച്ചെത്തി അലങ്കോലമാക്കാൻ ശ്രമിച്ചതാണ് എല്ലാത്തിനും കാരണമെന്നാണ് എസ്എഫ്‌ഐ വിശദീകരണം. സഫീനയെ ആരും ആക്രമിച്ചിട്ടില്ലന്നും എസ്എഫ്‌ഐ വിശദീകരിക്കുന്നു.