ഗുവാഹത്തി: കൂട്ടബലാത്സംഗ കേസ് പ്രതിയെ എൻകൗണ്ടറിൽ കൊലപ്പെടുത്തി അസം പൊലീസ്. വനിതാ പൊലീസ് ഉദ്യോഗസ്ഥ ട്വിങ്കിൾ ഗോസ്വാമി ഉൾപ്പെടെയുള്ളവരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെയാണ് ഏറ്റുമുട്ടലിൽ പൊലീസ് കൊലപ്പെടുത്തിയത്. 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതി ബിക്കി അലി(20) യാണ് എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്.

ഏഴ് എൻകൗണ്ടറുകളിലൂടെ പീഡകരെ വിറപ്പിച്ച തെലുങ്കാനയിലെ വിസി സജ്ജനാർ മോഡൽ നീതിനിർവഹണമാണ് അസം പൊലീസും നടപ്പാക്കിയത്. ഫെബ്രുവരി 16നു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ബിക്കി അലിക്കും മറ്റു നാലുപേർക്കുമെതിരെ ഒരാഴ്ച മുൻപ് കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും ചൊവാഴ്ചയാണ് ഇയാൾ പിടിയിലായത്. ആൾക്കൂട്ട ആക്രമണം ഭയന്നു ചൊവ്വാഴ്ച രാത്രിയാണു പ്രതിയെ തെളിവെടുപ്പിനായി സംഭവസ്ഥലത്ത് എത്തിച്ചത്.

ബിക്കി അലി എന്ന ഇരുപതുകാരനാണ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം. തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പ്രതിക്ക് നേരേ വെടിയുതിർത്തെന്നാണ് പൊലീസിന്റെ വിശദീകരണം. സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്.

ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റനിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തും അടക്കം നാല് തവണയാണ് യുവാവിന് വെടിയേറ്റിരിക്കുന്നത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ തന്നെ മരിച്ചിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം അറിയിച്ചു.

ബിക്കി അലിയും പ്രതികളും പെൺകുട്ടിയെ ക്രൂര പീഡനത്തിന് ഇരയാക്കിയതിനു ശേഷം ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു.

സംഭവത്തിനു ശേഷം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തി ഫെബ്രുവരി 19 നു ഗുവാഹത്തിയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി അവിടെ വച്ച് വീണ്ടും കൂട്ട ബലാത്സംഗം ചെയ്തു.

ഇതോടെ വിഷാദരോഗം ബാധിച്ച പെൺകുട്ടി സ്‌കൂളിൽ നടന്ന കൗൺസിലിങ്ങിനിടെയാണു ദുരനുഭവം വെളിപ്പെടുത്തിയത്. തുടർന്നു പോക്‌സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു.

അതേ സമയം മാധ്യമശ്രദ്ധ നേടിയ ഏഴ് എൻകൗണ്ടറുകൾ ഇതിന് മുൻപ് ആന്ധ്രാ-തെലങ്കാനയിൽ നടന്നിട്ടുണ്ട്. ആ എൻകൗണ്ടറുകൾക്കെല്ലാം പറയാനുള്ളതും സമാനമായ തിരക്കഥയാണ്.

മാധ്യമങ്ങൾ അറിയുന്ന എൻകൗണ്ടറുകളുടെ തുടക്കം 2008ലാണ്. എൻകൗണ്ടർ സ്‌പെഷ്യലിസ്റ്റ് എന്ന് വിഖ്യാതി നേടിയ വിസി സജ്ജനാർ തന്നെയാണ് ഇതിൽ ഏറെയും മുന്നിൽ നിന്നു നടപ്പാക്കിയത്.

വിദ്യാർത്ഥികൾക്ക് മേൽ ആസിഡൊഴിച്ച മൂന്ന് യുവാക്കളെ പൊലീസ് വെടിവെച്ചു കൊന്നത്. അന്ന് പറഞ്ഞത് ഇങ്ങനെ: തെളിവെടുക്കാൻ ബൈക്കും ആസിഡ് കുപ്പിയും ഒളിപ്പിച്ചുവെച്ചിടത്ത് പോയപ്പോൾ യുവാക്കൾ പൊലീസിനെ നാടൻ തോക്കുകൊണ്ട് ആക്രമിച്ചു. സ്വയ രക്ഷയ്ക്ക് പൊലീസ് യുവാക്കളുടെ നേർക്ക് നിറയൊഴിച്ചു.

രണ്ടാമത്തെ എൻകൗണ്ടർ 2015ലായിരുന്നു. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്ന സമയത്ത് സർക്കാരിന്റെ നയം തന്നെ സംശയമുള്ളവരെ വെടിവെച്ചു കൊല്ലാം എന്നുള്ളതായിരുന്നു. അന്നത്തെ ഇര തെഹ്രീക്ക് ഗൽബാ-എ-ഇസ്ലാം എന്ന സംഘടനയുടെ അംഗമായ വികാറുദ്ദീനും ഒപ്പമുണ്ടായിരുന്ന നാലുപേരുമായിരുന്നു. വാറങ്കൽ ജയിലിലെ വിചാരണത്തടവുകാരായ ഈ അഞ്ചുപേരെയും ഹൈദരാബാദ് കോടതിയിലേക്ക് കൊണ്ടുപോകും വഴിയാണ് പൊലീസ് കൊലപ്പെടുത്തിയത്.

ഇവർ ആയുധങ്ങൾ തട്ടിയെടുത്ത് പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചു എന്നായിരുന്നു അന്നും പറഞ്ഞത്. എന്നാൽ മരിച്ചവരുടെ കൈകൾ വിലങ്ങണിയിച്ച നിലയിലായിരുന്നു. അവരെങ്ങനെ പൊലീസിനെ ആക്രമിക്കുമെന്ന് ചോദ്യമുയർന്നെങ്കിലും അന്വേഷണം ഉണ്ടായില്ല.

2015ൽ തന്നെ പിന്നെയും രണ്ട് എൻകൗണ്ടറുകൾ നടന്നു. തെലങ്കാന ഛത്തീസ്‌ഗഢ് അതിർത്തിയിൽ വിവേക് കൊടമഗുണ്ട്ല എന്ന 19 വയസുകാരനെയും മാവോയിസ്റ്റുകളെന്ന് പറയപ്പെടുന്ന രണ്ട് സ്ത്രീകളെയും വെടിവെച്ചുകൊന്നു. അന്നും പൊലീസിന്റെ തിരക്കഥ ഇവർ ആക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു. എന്നാൽ കൊലപാതകത്തിന് മുൻപ് ഇരകൾ ക്രൂരമായ പീഡനത്തിന് വിധേരായിട്ടുണ്ടെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി. ശരീരത്തിൽ പൊള്ളലേറ്റതിന്റെ പാടുകളുണ്ടായിരുന്നു. അസ്ഥികളും താടിയെല്ലും ഒടിഞ്ഞ നിലയിലായിരുന്നു.

2016 സെപ്റ്റംബറിലും സമാനമായ എൻകൗണ്ടർ നടന്നിട്ടുണ്ട്. മഹിത, സാഗർ എന്നീ രണ്ടുപേരെ മാവോയിസ്റ്റെന്ന് പറഞ്ഞ് പൊലീസ് വെടിവെച്ചു. പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ചുവെന്നായിരുന്നു അപ്പോഴും ഭാഷ്യം. എന്നാൽ ഇവരും കൊടിയ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് മൃതദേഹത്തിലെ മുറിവുകൾ സാക്ഷിയായിരുന്നു.

തെലങ്കാനയിലെ ഭദ്രാദ്രി-കൊത്താഗുഡം പ്രദേശത്ത് എട്ടുപേരെയാണ് പൊലീസ് മാവോയിസ്റ്റ് എന്ന് ആരോപിച്ച് വെടിവെച്ചു കൊന്നത്. ഏറ്റുമുട്ടൽ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞെങ്കിലും പോയിന്റ് ബ്ലാങ്കിൽ നിർത്തിവെടിവെച്ചു കൊല്ലുകയായിരുന്നുവെന്ന് വ്യക്തമായിരുന്നു.

കഴിഞ്ഞ വർഷം ജൂലയിലാണ് ലിംഗണ്ണ എന്ന വ്യക്തിയെ സിപിഐ(എം എൽ) ന്യൂ ഡെമോക്രസിയുടെ ഏരിയ കമാണ്ടർ എന്ന് ആരോപിച്ച് പൊലീസ് വെടിവെച്ചത്. ലിംഗണ്ണയോടൊപ്പം ഏഴു ഗ്രാമീണരെയും നക്‌സലൈറ്റുകളാണെന്ന് പറഞ്ഞ് കൊലപ്പെടുത്തി.

ലിംഗണ്ണയുടെ കൊലപാതകത്തിന് ശേഷം ഏറെ മാധ്യമശ്രദ്ധ നേടിയ എൻകൗണ്ടറാണ് മാവോയിസ്റ്റ് മുഹമ്മദ് നയിമുദ്ദീന്റേത്. 1993 -ൽ ഐപിഎസ് ഉദ്യോഗസ്ഥൻ കെ വൈ വ്യാസിന്റെ ഘാതകനായിരുന്നു നയീം.

എൻകൗണ്ടറുകൾക്കും പൊലീസിന് പറയാനുള്ളത് ഒറ്റ തിരക്കഥ മാത്രമാണ്. ഈ പ്രതികളെല്ലാം പൊലീസിനെ ആക്രമിച്ചു, പ്രാണരക്ഷാർഥം വെടിവെച്ചുകൊന്നു. മേൽപ്പറഞ്ഞ പല കേസുകളിലും പൊലീസ് വിമർശനം ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ ഹൈദരബാദിൽ അവസാനം നടത്തിയ എൻകൗണ്ടർ പൊലീസിന് വീരപരിവേഷമാണ് ജനങ്ങൾക്കിടയിൽ നൽകിയത്.

ആരെങ്കിലും കുറ്റകൃത്യം ചെയ്താൽ, അവരെ വകവരുത്തിയിരിക്കുമെന്നു പരസ്യമായി പ്രഖ്യാപിച്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പാതയാണ് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും പിന്തുടരുന്നതെന്നു പ്രതിപക്ഷം ആരോപണം ഉയർത്തുന്നതിനിടെയാണ് ഏറ്റുമുട്ടലിൽ ബിക്കി അലി കൊല്ലപ്പെടുന്നത്.

അസമിൽ 2021 മേയിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ജനുവരി 28 വരെ 80 എൻകൗണ്ടറുകളിലായി 28 പേർ കൊല്ലപ്പെടുകയും 73 പേർക്കു പരുക്കേൽക്കുകയും ചെയ്തതായി സംസ്ഥാന സർക്കാർ ഗുവാഹത്തി ഹൈക്കോടതിയിൽ അടുത്തിടെ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

2021 മെയ്‌ മുതൽ സംസ്ഥാനത്തു 80 വ്യാജ ഏറ്റുമുട്ടലുകൾ നടന്നതായും 28 പേർ കൊല്ലപ്പെട്ടതായും ആരോപിച്ചു ഗുവാഹത്തി ഹൈക്കോടതിയിൽ അഭിഭാഷകനായ ആരിഫ് ജ്വാദർ സമർപ്പിച്ച ഹർജിയിലായിരുന്നു സർക്കാരിന്റെ വിശദീകരണം. സംസ്ഥാനത്തു നടന്ന ഏറ്റുമുട്ടലുകളിൽ സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും ഇരകളുടെ കുടുംബങ്ങൾക്കു നഷ്ടപരിഹാരം നൽകണമെന്നുമുള്ള കേസിൽ ഗുവാഹത്തി ഹൈക്കോടതിയിൽ വാദം തുടരുമ്പോഴാണ് സമാനമായ ഒരു കേസും കൂടി റിപ്പോർട്ട് ചെയ്യുന്നത്.

സ്വയം പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനിടെയാണു പ്രതികൾ കൊല്ലപ്പെടുന്നതെന്നാണ് എല്ലാ കേസുകളിലും പൊലീസ് ഉയർത്തുന്ന വാദം. കൊല്ലപ്പെടുന്ന എല്ലാ പ്രതികളും പൊലീസ് ഉദ്യോഗസ്ഥരുടെ സർവീസ് റിവോൾവറുകൾ തട്ടിയെടുക്കാൻ ശ്രമിക്കുമ്പോഴാണ് ഇത്തരത്തിൽ കൊല്ലപ്പെടുകയോ പരുക്കേൽക്കുകയോ ചെയ്യുന്നത്.

പരിശീലനം ലഭിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനിൽനിന്ന് എല്ലാ പ്രതികൾക്കും റിവോൾവർ തട്ടിയെടുക്കാനുള്ള സാഹചര്യം ഉണ്ടാകില്ലെന്നും ആരിഫ് ജ്വാദർ സമർപ്പിച്ച ഹർജിയിൽ പറയുന്നു. എന്നാൽ ആരിഫ് ജ്വാദറിന്റെ വാദങ്ങൾ അസം സർക്കാർ തള്ളി.