- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കശ്മീർ ഫയൽസ് സിനിമയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണം; പ്രധാനമന്ത്രിയോട് ആവശ്യം ഉന്നയിച്ച് കോൺഗ്രസ് മുഖ്യമന്ത്രി
റായ്പൂർ:കശ്മീർ ഫയൽസ് സിനിമയെ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രത്തിനോട് ഉന്നയിച്ച് ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഈ ആവശ്യവുമായി രംഗത്തെത്തുന്ന ആദ്യ ബിജെപി ഇതര മുഖ്യമന്ത്രിയാണ് ബാഗേൽ. കേരളത്തിലെ കോൺഗ്രസ് അടക്കം ചിത്രത്തിന്റെ ഉള്ളടക്കത്തെ ചോദ്യം ചെയ്തു രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രത്തെ പിന്തുണച്ച് കോൺഗ്രസ് മുഖ്യമന്ത്രി രംഗത്തുവന്നിരിക്കുന്നത്.
സംസ്ഥാനത്തെ മന്ത്രിമാർക്കും എംഎൽഎമാർക്കും ഒപ്പം സിനിമ കാണുമെന്നും ഭൂപേഷ് ബാഗേൽ ട്വിറ്ററിൽ കുറിച്ചു. കോൺഗ്രസ് സർക്കാർ ചിത്രം ആളുകൾ കാണുന്നത് തടയുകയാണെന്നും തീയേറ്ററുകൾ ടിക്കറ്റ് വിൽക്കുന്നത് തടയുകയാണെന്നും ബിജെപി എംഎൽഎ ബ്രിജ്മോഹൻ അഗർവാൾ ആരോപിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.
'കശ്മീർ ഫയർസിന്റെ നികുതി ഒഴിവാക്കണമെന്ന് ബിജെപി എംഎൽഎമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സിനിമയൈ ജിഎസ്ടിയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിക്കുന്നു' ബാഗേൽ ട്വിറ്ററിൽ കുറിച്ചു.
പ്രതിപക്ഷ എംഎൽഎമാർ അടക്കമുള്ള നിയമസഭ അംഗങ്ങളെ സിനിമ കാണാനായി താൻ ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കശ്മീരി പണ്ഡിറ്റുകളുടെ വംശഹത്യ പ്രമേയമാക്കിയ ചിത്രത്തെ പിന്തുണച്ച് നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ രംഗത്തുവന്നിരുന്നു. സത്യം തുറന്നുകാട്ടുന്ന ഒരു സിനിമയെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചിരുന്നു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആളുകൾ ഇത് ചർച്ച ചെയ്യുന്നു. സാധാരണയായി ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി വാദിച്ച് ജീവിതം ചിലവഴിക്കുന്ന ആളുകൾ പെട്ടെന്ന് വല്ലാതെ അസ്വസ്ഥരായി. ഒരു കലാസൃഷ്ടി എന്ന നിലയിലല്ല അവർ സിനിമയെ കുറിച്ച് ചർച്ച ചെയ്യുന്നത്'-മോദി പറഞ്ഞു.
നേരത്തെ, കശ്മീർ ഫയൽസ് കാണാനായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ സർക്കാർ ജീവനക്കാർക്ക് അര ദിവസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഉത്തർപ്രദേശ്, ഹരിയാന,ഗോവ,ഗുജറാത്ത്,ത്രിപുര സംസ്ഥാനങ്ങൾ വിനോദ നികുതിയിൽ നിന്ന് കശ്മീർ ഫയൽസിനെ ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹരിയാന, കർണാടക,മധ്യപ്രദേശ്,അസം സംസ്ഥാനങ്ങൾ എംഎൽഎമാർക്കും മന്ത്രിമാർക്കും വേണ്ടി പ്രത്യേക ഷോകളും ഏർപ്പെടുത്തി. ജമ്മു കശ്മീരിൽ പൊലീസ് ഓഫിസർമാർക്ക് വേണ്ടി പ്രത്യേക ഷോ നടത്തിയതായി കശ്മീർ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
തൊണ്ണൂറുകളിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെ നടന്ന വംശഹത്യയും പലായനവുമാണ് ചിത്രം പറയുന്നത്. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രത്തിൽ അനുപം ഖേർ, മിഥുൻ ചക്രബർത്തി എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.




