- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
യൂറോപ്പിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്നു; ജാഗ്രത നിർദ്ദേശം; വൈറസിന്റെ ജനിതക ശ്രേണീകരണം ഊർജിതമാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി: യൂറോപ്പിലും കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതയും നിരീക്ഷണവും ശക്തമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മണ്ഡവ്യ.
കോവിഡ് വൈറസിന്റെ ജനിതക ശ്രേണീകരണം ഊർജിതമാക്കാനും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള വിദഗ്ദ്ധർ പങ്കെടുത്ത ഉന്നതതല യോഗത്തിൽ മന്ത്രി നിർദേശിച്ചു.
അതേസമയം, കോവിഡ് കേസുകളിലുണ്ടാകുന്ന പുതിയ വർധന ഇന്ത്യയെ ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. രണ്ടാം തരംഗത്തിൽ കൂടുതൽ രോഗികൾ ഉണ്ടായതും വലിയൊരു ശതമാനം വാക്‌സിനേഷനിലൂടെ പ്രതിരോധശേഷി നേടിയതും ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തൽ.
രാജ്യത്തെ വാക്സിനേഷൻ സാഹചര്യം, മാർച്ച് 27 മുതൽ രാജ്യാന്തര വിമാന സർവീസ് പുനരാരംഭിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം, പുതിയ വകഭേദങ്ങൾ തിരിച്ചറിയുന്നതിനുള്ള ജനിതക ശ്രേണീകരണം തുടങ്ങിയ വിഷയങ്ങളും ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിശകലനം ചെയ്തു.
ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, ബയോടെക്നോളജി വകുപ്പ് സെക്രട്ടറി ഡോ. രാജേഷ് ഖോകലെ, നീതി ആയോഗ് അംഗം വികെ പോൾ, ഐസിഎംആർ തലവൻ ഡോ ബൽറാം ഭാർഗവ, എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ എന്നിവർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
ചൈന, സിംഗപ്പൂർ, ഹോങ്കോങ്, വിയറ്റ്നാം തുടങ്ങിയ ഏഷ്യൻ രാജ്യങ്ങളിലും ചില യൂറോപ്പ്യൻ രാജ്യങ്ങളിലുമാണ് നിലവിൽ കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. കേസുകളുടെ വർദ്ധന ആശങ്കകളോടെയാണ് ലോകം നോക്കിക്കാണുന്നത്. ഓമിക്രോൺ വ്യാപനത്തിലുള്ള കാലതാമസം, ബിഎ.2 വകഭേദത്തിന്റെ വ്യാപനം, കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവം എന്നിവയെല്ലാമാണ് ഇപ്പോൾ ചൈന ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിലെ കേസുകളുടെ വർദ്ധനവിന് കാരണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.




