മധുര: സർക്കാർ ഓഫിസുകളിൽ പ്രവൃത്തി സമയത്ത് മൊബൈൽ ഫോൺ ഉപയോഗം വിലക്കണമെന്ന് സംസ്ഥാന സർക്കാരിന് മദ്രാസ് ഹൈക്കോടതിയുടെ നിർദ്ദേശം. പ്രവൃത്തി സമയത്ത് മൊബൈൽ ഉപയോഗിക്കുന്നതും വിഡിയോ ചിത്രീകരിക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ജസ്റ്റിസ് എസ്എം സുബ്രഹ്‌മണ്യൻ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ അനുയോജ്യമായ നടപടിയെടുക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം നൽകി.

പ്രവൃത്തി സമയത്ത് സ്വകാര്യ ആവശ്യത്തിനായി മൊബൈൽ ഫോൺ ഉപയോഗിക്കാൻ ജീവനക്കാരെ അനുവദിക്കരുതെന്ന് കോടതി പറഞ്ഞു. എന്തെങ്കിലും അത്യാവശ്യ കോൾ ചെയ്യാനുണ്ടെങ്കിൽ മേലധികാരിയിൽനിന്ന് അനുവാദം വാങ്ങി പുറത്തുപോയി സംസാരിക്കണം. ഓഫിസിൽ കയറുമ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്യുകയോ സൈലന്റ് മോദിൽ ആക്കുകയോ വേണം.

ഓഫിസിൽ വരുന്നവർക്കും മറ്റു ജീവനക്കാർക്കും അതൊരു ശല്യമാവരുത്. ഓഫിസ് സമയത്ത് മൊബൈൽ കാമറ ഉപയോഗിച്ച് വിഡിയോ ചിത്രീകരിക്കുന്നതിന്റെ പരാതികൾ വരുന്നുണ്ട്. അത് ഓഫിസിന്റെ പ്രവർത്തനം താളം തെറ്റിക്കും എന്നതിൽ സംശയം വേണ്ട- കോടതി പറഞ്ഞു.

ഓഫിസിൽ പ്രവേശിക്കുന്ന സമയത്ത് മൊബൈൽ ഫോൺ പ്രത്യേക ക്ലോക്ക് റൂമുകളിൽ സൂക്ഷിക്കുന്നതിനു സംവിധാനം ഏർപ്പെടുത്തുന്നതാണ് നല്ലത്. ഇതിന് സർക്കാർ ഉത്തരവിറക്കണം. ഓഫിസ് സമയത്ത് സ്വകാര്യ ആവശ്യത്തിനായി ഫോണിൽ സംസാരിക്കുകയും വിഡിയോ ചിത്രീകരിക്കുകയും ചെയ്യുന്നവർ പൊതുപണം പാഴാക്കുകയാണ്. വലിയ ശമ്പളമാണ് ഇവരിൽ പലരും വാങ്ങുന്നത്- കോടതി പറഞ്ഞു.

ഓഫിസിൽ വിഡിയോ ചിത്രീകരിച്ചതിന് സസ്പെൻഷനിലായ ജീവനക്കാരി നൽകിയ ഹർജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമർശങ്ങൾ. പരാതിക്കാരിക്കെതിരായ നടപടിയിൽ ഇടപെടില്ലെന്ന വ്യക്തമാക്കിയ കോടതി അവർക്കു മേലധികാരിയെ സമീപിക്കാവുന്നതാണെന്ന് അറിയിച്ചു.