പാലാ: റബ്ബറിന് 250 തറവില പ്രഖ്യാപിക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു. റബ്ബറിന് മാർക്കറ്റ് വില 172 ഇപ്പോഴുള്ളപ്പോൾ നിലവിലുള്ള 170 രൂപ തറവില കൊണ്ട് കാര്യമില്ല. ഈ സാഹചര്യത്തിൽ ബജറ്റിൽ റബ്ബർ സബ്‌സിഡിക്കായി 500 കോടി രൂപ മാറ്റി വച്ചതു കൊണ്ട് നിലവിലുള്ള തറവില കൊണ്ട് കർഷകർക്കു പ്രയോജനമില്ലെന്നും കാപ്പൻ ചൂണ്ടിക്കാട്ടി. ഈ പ്രഖ്യാപനം കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായി മാത്രമേ കാണാനാകൂ. നേരത്തെയും ഈ വിധം തുക മാറ്റിവച്ചിരുന്നുവെങ്കിലും അതിൽ കാര്യമായി ചെലവാക്കേണ്ടി വന്നിട്ടില്ല.

റബ്ബർ കർഷകരെ പുനരുദ്ധരിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. ഇതിനെതിരെ കണ്ണടയ്ക്കാൻ ഒരു സർക്കാരിനും കഴിയില്ല. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നതിൽ റബ്ബർ പങ്കു വഹിച്ചിരുന്നതായി കാപ്പൻ ചൂണ്ടിക്കാട്ടി. റബ്ബർ കർഷകരെ ബജറ്റിൽ അവഗണിച്ചതായും എം എൽ എ കുറ്റപ്പെടുത്തി. ഇത് കർഷകദ്രോഹമാണ്. അടിയന്തിരമായി റബ്ബറിന് തറവില 250 രൂപയാക്കണമെന്നും കാപ്പൻ നിർദ്ദേശിച്ചു.