പൊതുവിദ്യാഭ്യാസ വകുപ്പ്- സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ ഹയർ സെക്കന്ററിതലത്തിൽ പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി തയ്യാറാക്കിയ 'ഹലോ ഇംഗ്ലീഷ്-ലീഡ് 2022' പദ്ധതി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നിയമസഭാ മന്ദിരത്തിലെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐ.എ.എസിന് ഹലോ ഇംഗ്ലീഷ്- ലീഡ് പദ്ധതിയുടെ മൊബൈൽ ഫോൺ പോർട്ടൽ മാതൃക കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പദ്ധതിയുടെ ഹ്രസ്വ വീഡിയോയും പ്രദർശിപ്പിച്ചു.

പാലക്കാട് എംഎ‍ൽഎ ഷാഫിപറമ്പിൽ, സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ ഡോ. സുപ്രിയ എ.ആർ, സംസ്ഥാന പ്രോഗ്രാം ഓഫീസർ സി. രാധാകൃഷ്ണൻ നായർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സമഗ്രശിക്ഷാ കേരളത്തിന്റെ പ്രധാന ഗുണതാ പ്രവർത്തനങ്ങളിലൊന്നാണ് ഹലോ ഇംഗ്ലീഷ്. ഹയർ സെക്കന്ററി വിഭാഗം കുട്ടികൾക്കായി ഹലോ ഇംഗ്ലീഷ് പരിപാടിയുടെ ഭാഗമായി തയ്യാറാക്കുന്ന ഇംഗ്ലീഷ് പരീക്ഷാ പിന്തുണാ സംവിധാനമാണ് ലീഡ്-2022 .

പാഠപുസ്തകവുമായി ബന്ധപ്പെട്ട വിവിധ പഠനസ്രോതസുകളെ കൂട്ടിയിണക്കിയാണ് ഈ പോർട്ടൽ തയ്യാറാക്കിയിരിക്കുന്നത്. ഓരോ പാഠവും പ്രത്യേകം പേജുകളാക്കി സംവിധാനം ചെയ്തിരിക്കുന്നു. ഓരോ പേജിലും ആ പാഠത്തിന്റെ ലഘു ഉള്ളടക്കം, ആ പാഠവുമായി ബന്ധപ്പെട്ട ചോദ്യ മാതൃകകൾ, പാഠത്തിലെ ഒരു പ്രധാന ചോദ്യത്തിന്റെ ഉത്തരം തയ്യാറാക്കുന്ന പ്രക്രിയ വിവരിക്കുന്ന വീഡിയോ, ഉത്തര രചനയെ സഹായിക്കുന്ന ഗ്രാഫിക് ഓർഗനൈസർ തുടങ്ങി വിവിധ ഘടകങ്ങൾ ഡിജിറ്റലായി ലിങ്ക് ചെയ്തിട്ടുണ്ടായിരിക്കും. കുട്ടികളുടെയും അദ്ധ്യാപകരുടെയും ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഉതകുന്ന രീതിയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് അഭിമാനിക്കാൻ വക നൽകുന്ന ഡിജിറ്റൽ പഠന പ്രവർത്തനമായി ഹലോ ഇംഗ്ലീഷ് -ലീഡ് 2022 പദ്ധതി മാറും.