മുംബൈ: ഇന്ത്യൻ പ്രിമിയർ ലീഗിന്റെ പതിനഞ്ചാം സീസണിന്റെ മുന്നൊരുക്കം തുടരുന്നതിനിടെ ഡൽഹി ക്യാപിറ്റൽസിന്റെ ടീം ബസിന് നേരെ മുംബൈയിൽ ആക്രമണം. ടീം അംഗങ്ങൾ താമസിക്കുന്ന മുംബൈയിലെ ആഡംബര ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസ് അക്രമികൾ അടിച്ചുതകർത്തു.

ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസാണ് അക്രമികൾ അടിച്ചുതകർത്തത്. സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര നവ്‌നിർമ്മാൺ സേനയിൽ അംഗങ്ങളായ അഞ്ച് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

ഡൽഹി ക്യാപിറ്റൽസിന്റെ ടീം ബസ് ആക്രമിക്കപ്പെട്ട പശ്ചാത്തലത്തിൽ ഇവർ താമസിക്കുന്ന ഹോട്ടൽ താജ് മഹൽ പാലസിനു മുന്നിൽ സുരക്ഷ ശക്തമാക്കി. ഹോട്ടലിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബസിനു നേരെ അക്രമികൾ ആദ്യം കല്ലെറിഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. പിന്നാലെ വടികൾ ഉപയോഗിച്ച് ബസിന്റെ വശങ്ങളും അടിച്ചുതകർത്തു.

ഐപിഎലുമായി ബന്ധപ്പെട്ട വാഹനകരാർ ഡൽഹി ആസ്ഥാനമായുള്ള കമ്പനിക്ക് കൈമാറിയതിലുള്ള പ്രതിഷേധമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന. ഇതിനെതിരായ ബാനറുകളുമായാണ് അക്രമികൾ എത്തിയത്. ഐപിഎലുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ കരാർ ഡൽഹി കമ്പനിക്ക് നൽകിയത് മുംബൈയിലെ ഒരു വിഭാഗം ജനങ്ങളുടെ ജീവിതത്തെ ബാധിച്ചെന്ന് മഹാരാഷ്ട്ര നവ്‌നിർമ്മാൺ സേനാ നേതാവ് സഞ്ജയ് നായിക്ക് കുറ്റപ്പെടുത്തി. 

മഹാരാഷ്ട്ര നവനിർമ്മാൺ സേനയുടെ ട്രാൻസ്പോർട്ട് വിങ് വൈസ് പ്രസിഡന്റ് പ്രശാന്ത് ഗാന്ധി ഉൾപ്പെടെയാണ് പിടിയിലായത്. സംഭവത്തിൽ പ്രശാന്ത് ഗാന്ധി, സന്തോഷ് ജാദവ്, ഭർമ്മു നന്ദൂർക്കർ എന്നിവരുൾപ്പെടെ നവനിർമ്മാൺ സേനയുടെ അഞ്ച് മുതിർന്ന നേതാക്കൾക്കെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുത്തിട്ടുണ്ട്. ഐപിസി 143,147,149,427 വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

മുംബൈയിലെ കൊളാബോയിൽ സ്ഥിതി ചെയുന്ന താജ് പാലസ് ഹോട്ടലിലാണ് ഡൽഹി ക്യാപിറ്റൽസ് അവരുടെ കളിക്കാർക്കായി താമസമൊരുക്കിയിരിക്കുന്നത്. മാർച്ച് 26 ന് ആരംഭിക്കുന്ന ഐപിഎല്ലിന്റെ 15-ാ0 സീസണിൽ ഋഷഭ് പന്തിന്റെ നേതൃത്വത്തിൽ ഡൽഹി ഇറങ്ങുന്നത്. സീസണിൽ ഡൽഹിയുടെ ആദ്യ മത്സരം അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരെയാണ് മാർച്ച് 27ന് ബ്രാബോൺ സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുന്നത്.

ഇന്ത്യൻ പ്രിമിയർ ലീഗിൽ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് നേതൃത്വം നൽകുന്ന ടീമാണ് ഡൽഹി ക്യാപിറ്റൽസ്. കഴിഞ്ഞ സീസണിൽ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഒയിൻ മോർഗൻ നയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോടു തോറ്റാണ് ടീം പുറത്തായത്. 

കോവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചത് മൂലം ഇത്തവണത്തെ ഐപിഎൽ മുംബൈയിലും പുണെയിലും മാത്രമായിട്ടാണ് നടക്കുന്നത്. വാങ്കഡെ സ്റ്റേഡിയം, ഡി വൈ പാട്ടീൽ സ്റ്റേഡിയ0, ബ്രാബോൺ സ്റ്റേഡിയം, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് എന്നിങ്ങനെ നാല് വേദികളിലായാണ് മത്സരങ്ങൾ നടക്കുക. ഇതിൽ വാങ്കഡെയിലും ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലുമായി 20 മത്സരങ്ങൾ വീതവും ബ്രാബോൺ സ്റ്റേഡിയം, മുംബൈ ക്രിക്കറ്റ് അസോസിയേഷൻ ഗ്രൗണ്ട് എന്നിവിടങ്ങളിലായി 15 വീതം മത്സരങ്ങളും നടക്കും. മെയ് 29ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോര്.