- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോൺഗ്രസ് നേതൃത്വത്തിന് എതിരെ നിലപാട് കടുപ്പിച്ച് ജി23 നേതാക്കൾ; 24 മണിക്കൂറിനിടെ ഗുലാം നബി ആസാദിന്റെ വസതിയിൽ രണ്ടാം യോഗം; പ്രവർത്തന ശൈലിക്കെതിരെ കടുത്ത വിമർശനം; നീക്കത്തിനെതിരെ തുറന്നടിച്ച് അധീർ രഞ്ജൻ ചൗധരി
ന്യൂഡൽഹി: പഞ്ചാബ് അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച് പാർട്ടിയിലെ തിരുത്തൽവാദി കൂട്ടായ്മയായ ജി 23 നേതാക്കൾ. തുടർച്ചയായ രണ്ടാം ദിവസവും ഗുലാം നബി ആസാദിന്റെ വസതിയിൽ വച്ച് ജി 23 നേതാക്കൾ യോഗം ചേരുകയാണ്. മുതിർന്ന നേതാക്കളായ കപിൽ സിബൽ, ഭൂപേന്ദർ ഹൂഡ, ജനാർദൻ ത്രിവേദി, ആനന്ദ് ശർമ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ഇന്നലെയും ജി 23 നേതാക്കൾ യോഗം ചേർന്നിരുന്നു. അതിന് ശേഷം സോണിയ ഗാന്ധിയുമായി ഫോണിൽ സംസാരിച്ച ഗുലാം നബി ആസാദ്, കോൺഗ്രസ് പ്രവർത്തന ശൈലി മാറണമെന്ന യോഗത്തിലെ നിലപാട് അവരെ അറിയിച്ചു. പാർട്ടിയിൽ ജനാധിപത്യമുണ്ടാകും വരെ പോരാട്ടമെന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. പ്രവർത്തന ശൈലിക്കെതിരെ കടുത്ത വിമർശനമാണ് ഇന്നലെ ചേർന്ന യോഗത്തിലും ഉയർന്നത്. കൂട്ടായ ചർച്ചകൾ നടക്കുന്നില്ല.
ഗാന്ധി കുടംബം ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് അടിച്ചേൽപിക്കുന്നു. സോണിയാഗാന്ധിയെ പോലും നിശബ്ദയാക്കുന്ന ഒരു ഗ്രൂപ്പ് പ്രവർത്തിക്കുന്നുണ്ടെന്നും ഇവരുടെ സ്വാധീനത്തിലാണ് രാഹുൽ ഗാന്ധിയെന്നുമുള്ള വിമർശനവും യോഗത്തിൽ ഉയർന്നു. യോഗത്തിന്റെ വികാരം സോണിയ ഗാന്ധിയെ ഫോണിലൂടെ അറിയിച്ച ഗുലാം നബി ആസാദ് പ്രതിഷേധം സോണിയക്ക് എതിരെ അല്ലെന്നും വ്യക്തമാക്കി.
ഇതിനിടെ ഗ്രൂപ്പ് 23ൽ പെട്ട ചില നേതാക്കളുമായി രാഹുൽഗാന്ധി ചർച്ച തുടങ്ങി. ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡയുമായി രാഹുൽ സംസാരിച്ചു. 24 മണിക്കൂറിനിടെ ഇതു രണ്ടാം തവണയാണ് കോൺഗ്രസിലെ തിരുത്തൽ വാദി നേതാക്കൾ യോഗം ചേരുന്നത്.
രാഹുൽ ഗാന്ധിയുമായി ഹൂഡ വ്യാഴാഴ്ച ചർച്ച നടത്തിയതടക്കം മുതിർന്ന നേതാക്കൾ യോഗത്തിൽ വിലയിരുത്തി. നേതൃത്വത്തിൽ കൂടുതൽ സമ്മർദം ചെലുത്തുന്നതിനായി നിർണായക നീക്കങ്ങളുണ്ടായേക്കുമെന്നും ചില നേതാക്കൾ സൂചന നൽകിയതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ഗ്രൂപ്പ് 23 നെ പ്രകോപിപ്പിച്ച് മുൻപോട്ട് പോകേണ്ടതില്ലെന്നാണ് ഗാന്ധി കുടംബത്തിന്റെ നിലപാട്. ഇന്നലെ യോഗം ചേരുന്നതിന് മുൻപും സോണിയ ഗാന്ധി ഗുലാം നബി ആസാദിനെ ഫോണിൽ വിളിച്ചിരുന്നു.
യോഗ തീരുമാനമറിയിച്ച ശേഷമുള്ള നേതൃത്വത്തിന്റെ പ്രതികരണത്തിന് കാക്കുകയാണ് പാർട്ടിയിലെ തിരുത്തലിനായി ശബ്ദമുയർത്തുന്നവർ. എന്നാൽ പുനഃസംഘടനയിൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കടക്കം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ശക്തമായി മുൻപോട്ട് പോകാൻ തന്നെയാണ് ഗ്രൂപ്പ് 23 യുടെ തീരുമാനം.
അതേസമയം ജി23 നേതാക്കളുടെ നീക്കത്തിനെതിരെ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി രംഗത്തെത്തി. ചില നേതാക്കൾ പാർട്ടിക്കെതിരെ പ്രസ്താവനകളിറക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
സോണിയ ഗാന്ധി എല്ലാ കോൺഗ്രസ് നേതാക്കളെയും കാണാൻ തയാറാണ്. ഒരുമിച്ചു പോരാടേണ്ട സമയത്താണു ചില നേതാക്കൾ പാർട്ടിക്കെതിരെ പറയുന്നത്. അവർക്കു ശരിയായ ഉദ്ദേശമായിരുന്നു ഉള്ളതെങ്കിൽ എന്തുകൊണ്ട് സോണിയ ഗാന്ധിയുമായി നേരിട്ടു സംസാരിക്കുന്നില്ല. രാഷ്ട്രീയ കക്ഷികൾക്ക് ഉയർച്ചയും താഴ്ചയുമുണ്ടാകും. അതിനു ലഹളയെന്ന് അർഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




