- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദേശീയപാതയിൽ ഭീഷണിപ്പെടുത്തി മോഷണം; ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും തട്ടിയെടുത്തു; ചക്ക ഷിബുവും കൂട്ടാളിയും അറസ്റ്റിൽ
ഹരിപ്പാട്: ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും ഭീഷണിപ്പെടുത്തി തട്ടിയെടുത്ത രണ്ടംഗ സംഘം അറസ്റ്റിൽ . ഇന്ന് പുലർച്ചെ രണ്ടേകാലോടെ ദേശീയപാതയിൽ നങ്ങ്യാർകുളങ്ങര ടികെഎംഎം കോളേജ് ജംഗ്ഷനിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ വച്ചാണ് നെയ്യാറ്റിൻകര സ്വദേശിയുടെ പണവും മൊബൈൽ ഫോണും പ്രതികൾ തട്ടിയെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണപുരം നക്കനാൽ താഴ്ച വടക്കേതിൽ ഷിബു (ചക്ക ഷിബു -27), ചൂനാട് നാമ്പുകുളങ്ങര കാട്ടിലേക്ക് പുത്തൻവീട്ടിൽ നസീം (20) എന്നിവരെയാണ് ഹരിപ്പാട് പൊലിസ് അറസ്റ്റ് ചെയ്തത്.
നിർമ്മാണ തൊഴിലാളിയായ സുനിൽ മലപ്പുറം പെരിന്തൽമണ്ണയിൽ നിന്ന് ബൈക്കിൽ തിരുവനന്തപുരം നെയ്യാറ്റിൻകരലേക്ക് പോവുകയായിരുന്നു. ഇതിനിടയിൽ വിശ്രമിക്കാനായി ആണ് നങ്ങ്യാർകുളങ്ങരയിലെ കാത്തിരിപ്പ് കേന്ദ്രത്തിൽ അൽപസമയം നിർത്തിയത്. ബൈക്കിലെത്തിയ പ്രതികൾ സുനിലിനെ ഭീഷണിപ്പെടുത്തി കൈവശമുണ്ടായിരുന്ന 4,680 രൂപയും 13,000 രൂപയോളം വിലവരുന്ന മൊബൈൽ ഫോണും തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് പ്രതികൾ ദേശീയപാതയിൽ ഹരിപ്പാട് ഭാഗത്തേക്ക് പോവുകയും ചെയ്തു. തുടർന്ന് സുനിൽ സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. പ്രതികൾ എത്തിയ ബൈക്കിന്റെ നമ്പർ സുനിൽ ശ്രദ്ധിച്ചിരുന്നു. നമ്പർ ഉപയോഗിച്ച് പൊലീസ് വാഹന ഉടമയായ വള്ളികുന്നം സ്വദേശിയെ കണ്ടെത്തുകയും തുടർന്ന് നടന്ന അന്വേഷണത്തിൽ പ്രതിയായ നസീമിന്റെ വീട്ടിലെത്തി പിടികൂടുകയായിരുന്നു. പിന്നീട് കൃഷ്ണപുരത്തെ ഷിബുവിന്റെ വീട്ടിലുമെത്തി ഇയാളെയും കസ്റ്റഡിയിലെടുത്തു.
മോഷ്ടിച്ച പണവും മൊബൈൽ ഫോണും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഡിവൈഎസ്‌പി അലക്‌സ് ഡേവിഡിന്റെ നിർദ്ദേശാനുസരണം ഹരിപ്പാട് സിഐ ബിജു നായർ, എസ്‌ഐ രാജ് കുമാർ, എ എസ് ഐ സുജിത്ത്, സിപിഒ മാരായ നിഷാദ്, നിസാമുദ്ദീൻ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
മറുനാടന് മലയാളി ബ്യൂറോ