കീവ്: കിഴക്കൻ യുക്രൈനിൽ കടുത്ത ആക്രമണം തുടർന്ന് റഷ്യ. സ്‌കൂളിനു നേരെ റഷ്യ നടത്തിയ ഷെല്ലിങ്ങിൽ 21 പേർ കൊല്ലപ്പെട്ടു. കാർകിവ് നഗരത്തിനു പുറത്തെ മെറേഫയിലെ സ്‌കൂളിനും സാംസ്‌കാരിക കേന്ദ്രത്തിനും നേരെയാണു വ്യാഴാഴ്ച ആക്രമണമുണ്ടായത്. 25 പേർക്കു സംഭവത്തിൽ പരുക്കേറ്റു. ഇതിൽ പത്തു പേരുടെ നില ഗുരുതരമാണ്.

ബഹുനില കെട്ടിടത്തിന്റെ മധ്യഭാഗത്താണ് ആക്രമണമുണ്ടായതെന്നു അധികൃതർ വ്യക്തമാക്കി. യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ കാർകീവിന് 30 കിലോമീറ്റർ വടക്കാണ് ആക്രമണമുണ്ടായ മെറേഫ.

ആഴ്ചകളായി റഷ്യൻ വ്യോമാക്രമണം തുടരുന്ന കാർകീവ് നഗരം തകർന്ന നിലയിലാണുള്ളത്. മരിയുപോളിലെ തിയേറ്ററും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നു. കെട്ടിടത്തിനകത്തു നൂറുകണക്കിന് ആളുകൾ കുടുങ്ങിയതായാണു റിപ്പോർട്ടുകൾ. ആക്രമണത്തെ തുടർന്ന് ആളുകൾ മൂന്നു നിലകളിലായുള്ള തിയേറ്ററിൽ അഭയം പ്രാപിച്ചിരിക്കുകയായിരുന്നു. ഈ കെട്ടിടം പൂർണമായും തകർന്നു.

അതേ സമയം റഷ്യയെ വഞ്ചിക്കുന്നവരെ തുടച്ചു നീക്കുമെന്ന് പ്രസിഡന്റ് വ്‌ലാഡിമിർ പുട്ടിൻ മുന്നറിയിപ്പ് നൽകി. യുഎസിനും മറ്റു രാജ്യങ്ങൾക്കും വിവരങ്ങൾ ചോർത്തുന്നവരെയും റഷ്യയിൽ യുദ്ധത്തിനെതിരെ പ്രക്ഷോഭം നടത്തുന്നവരെയും ഉദ്ദേശിച്ചാണ് പുട്ടിന്റെ പുതിയ ഭീഷണി. വഞ്ചകരേയും ദേശസ്‌നേഹികളേയും തിരിച്ചറിയാൻ റഷ്യക്കാർക്ക് സാധിക്കുമെന്നും ചതിക്കുന്നവരെ കടിച്ചുതുപ്പുമെന്നും പുട്ടിൻ പറഞ്ഞു.

സ്വയം ശുദ്ധീകരണം നടത്തുന്നതിലൂടെയേ രാജ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കൂ. രാജ്യത്തിന്റെ അഖണ്ഡതയും സഹവർത്തിത്വവും നിലനിർത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനു തയ്യാറെടുക്കുന്നതിനും അത് അത്യാവശ്യമാണ്. റഷ്യയെ നശിപ്പിക്കുകയാണു പാശ്ചാത്യ രാജ്യങ്ങളുടെ ലക്ഷ്യമെന്നും കടുത്ത സ്വരത്തിൽ പുട്ടിൻ പറഞ്ഞു.

റഷ്യൻ ടിവി ചാനലിൽ യുദ്ധവിരുദ്ധ റാലിയുടെ ദൃശ്യങ്ങൾ വന്നതിനു പിന്നാലെയാണ് പുട്ടിന്റെ പ്രസ്താവന. റഷ്യയ്ക്കകത്തും പുറത്തും യുദ്ധത്തിനെതിരെ നിരവധി പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്. റഷ്യയ്ക്കുള്ളിൽ നടക്കുന്ന സമരം ക്രൂരമായി അടിച്ചമർത്തുകയാണെന്നാണു വിവരം. പ്രക്ഷോഭം സംഘടിപ്പിക്കുന്നവർക്കെതിരെ ഗുരുതര കുറ്റങ്ങളാണ് ചുമത്തുന്നത്.

വിലക്കു ലംഘിച്ചു പ്രക്ഷോഭം നടത്തിയ നൂറുകണക്കിനാളുകളെ റഷ്യയിൽ അറസ്റ്റ് ചെയ്തു. പാശ്ചാത്യ രാജ്യങ്ങൾ കടുത്ത ഉപരോധം ഏർപ്പെടുത്തിയതോടെ റഷ്യ വൻ സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങളും ഊർജിതമായിട്ടുണ്ട്.

അതേസമയം യുക്രൈനിൽനിന്നു മടങ്ങാനായി താൽപര്യം പ്രകടിപ്പിച്ച ഏതാനും ഇന്ത്യക്കാർക്ക് എല്ലാ സഹായവും ഉറപ്പു വരുത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ഓപറേഷൻ ഗംഗ തുടരുകയാണെന്നും 20 ഓളം പേർക്കു സഹായം ലഭ്യമാക്കിയതായും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. യുക്രൈനിലുള്ള മറ്റ് ഇന്ത്യക്കാർക്ക് ഇപ്പോൾ മടങ്ങാൻ താൽപര്യമില്ലെന്നും അവരുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.