- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അച്ഛനെന്ന ബന്ധം തുടരാൻ ആഗ്രഹമില്ല; എങ്കിൽ വിദ്യാഭ്യാസ ചെലവിനുള്ള അവകാശവുമില്ലെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: അച്ഛനെ വേണ്ടെന്ന് പറഞ്ഞ മകൾക്ക് അദ്ദേഹത്തോട് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ ആവശ്യപ്പെടാൻ അവകാശമില്ലെന്നു സുപ്രീം കോടതി വിധിച്ചു. അച്ഛനുമായി യാതൊരുവിധ ബന്ധവും തുടരാൻ ആഗ്രഹമില്ലെന്ന് മകൾ പറഞ്ഞതോടെയാണ് ചെലവ് വഹിക്കാൻ അർഹതയില്ലെന്ന് കോടതിയും വ്യക്തമാക്കിയത്. ഹരിയാന റോത്തക്കിലെ ദമ്പതികളുടെ വിവാഹബന്ധം പുനഃസ്ഥാപിക്കാൻ കഴിയാത്ത വിധം ശിഥിലമായെന്നു വ്യക്തമാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് ഇവരുടെ മകൾക്ക് വിദ്യാഭ്യാസ, വിവാഹ ചെലവുകൾ അവകാശപ്പെടാനാകില്ലെന്നു കോടതി വ്യക്തമാക്കിയത്.
അതേസമയം, മകളെ സഹായിക്കാൻ കൂടി എന്ന നിർദേശത്തോടെ കോടതി 10 ലക്ഷം രൂപ ജീവനാംശമായി നിശ്ചയിച്ചു. നേരത്തെ, കേസിന്റെ വിചാരണവേളയിൽ തന്നെ പെൺകുട്ടിയുടെ നിലപാടു മനസ്സിലാക്കിയ കോടതി വിദ്യാഭ്യാസ ചെലവ് അനുവദിക്കാൻ കഴിയില്ലെന്നു സൂചിപ്പിച്ചിരുന്നു. തന്നെ കാണാനോ ഫോണിൽ സംസാരിക്കാനോ മകൾ തയാറാകുന്നില്ലെന്ന് അച്ഛനാണ് കോടതിയെ അറിയിച്ചത്.
1998 ലായിരുന്നു ഇവരുടെ വിവാഹം. പെൺകുട്ടിക്ക് 20 വയസ്സായി. വിദ്യാഭ്യാസകാര്യത്തിൽ അച്ഛൻ സഹായിക്കണമെന്ന് മകൾ പ്രതീക്ഷിക്കുമ്പോൾ, മകളെന്ന നിലയിലുള്ള ഇടപെടലുകൾ തിരിച്ചും വേണമെന്ന് അന്നു കോടതി പ്രതികരിച്ചു. ബന്ധം വേർപിരിയാൻ അനുവദിച്ചുള്ള കുടുംബക്കോടതി ഉത്തരവ് പഞ്ചാബ്ഹരിയാന ഹൈക്കോടതി റദ്ദാക്കിയതോടെ ഭർത്താവാണു സുപ്രീം കോടതിയെ സമീപിച്ചത്. മധ്യസ്ഥ ചർച്ച നടന്നെങ്കിലും ഫലം കണ്ടില്ല. പിന്നീട്, ഇരു കക്ഷികളുടെയും അഭിഭാഷകർ ചില വ്യവസ്ഥകളോടെ ഒത്തുതീർപ്പിലെത്തി.
ഭാര്യയ്ക്കു ചെലവിനു നൽകുന്നതിനു പുറമേ, ഡെന്റൽ കോളജിൽ പ്രവേശനം കിട്ടിയ മകളുടെ പഠനബാധ്യതയും വ്യവസ്ഥകളിൽ ഉൾപ്പെട്ടിരുന്നു. ഈ വ്യവസ്ഥകളിൽ മാറ്റം വരുത്തിയാണ് പുതിയ ഉത്തരവ്.