- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂനികുതി വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കർഷകർക്ക് വൻ പ്രഹരമാകും: അഡ്വ.വി സി.സെബാസ്റ്റ്യൻ
കൊച്ചി: സംസ്ഥാന ബജറ്റിൽ നിർദ്ദേശിച്ചിരിക്കുന്ന ഭൂനികുതി വർദ്ധനവ് പിൻവലിച്ചില്ലെങ്കിൽ കേരളത്തിലെ കർഷകർക്ക് ചരിത്രത്തിലെ ഏറ്റവും വലിയ പ്രഹരമാകും നേരിടേണ്ടി വരുന്നതെന്നും സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമാണെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ.
ഭൂനികുതി നിർദ്ദേശത്തിന്റെ പിന്നിലുള്ള യഥാർത്ഥ ചിത്രം പഠനവിഷയമാക്കുവാൻ കർഷകസംഘടനകളും ജനപ്രതിനിധികളും കർഷകാഭിമുഖ്യമുള്ള രാഷ്ട്രീയ പാർട്ടികളും ശ്രമിക്കാത്തത് നിർഭാഗ്യകരമാണ്. ഭൂനികുതിയുടെ ശതമാനം അടിസ്ഥാനത്തിലുള്ള വർദ്ധനവ് ഒഴിവാക്കി സ്ലാബ് സംവിധാനത്തിലൂടെയുള്ള വൻ വർദ്ധനവിന്റെ പ്രത്യാഘാതം കർഷകന് താങ്ങാവുന്നതിലധികമായിരിക്കും. ഓരോ സ്ലാബിലും വ്യത്യസ്ഥമായ നികുതി നിരക്കാണ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്നത്. കേൾക്കുമ്പോൾ നിസ്സാരമെന്നു തോന്നുമെങ്കിലും ഇപ്പോഴുള്ള ഭൂനികുതിയുടെ നാലിരട്ടിയോ അതിലേറെയോ തുകയായി പുത്തൻനികുതി കുത്തനെ വർദ്ധിക്കും. ബജറ്റ് പാസ്സാക്കിയതിനുശേഷം 2022-23 മുതലായിരിക്കും ഇതിന്റെ ദുരന്തഫലം കർഷകർ നേരിടുന്നത്. നികുതിവർദ്ധനവിന് ആനുപാതികമായി തൊഴിലാളി ക്ഷേമനിധിയിലേയ്ക്കും വൻതുക ഭൂവുടമകൾ അടയ്ക്കേണ്ടിവരും. നികുതിയടയ്ക്കാൻ കാലതാമസം വന്നാൽ മാസംതോറും രണ്ടുശതമാനം പിഴയും അടയ്ക്കേണ്ട കൊള്ളപ്പിഴപലിശ സംവിധാനവുമാണ് കർഷകരുടെമേൽ സർക്കാർ അടിച്ചേൽപ്പിച്ചിരിക്കുന്നത്.
ഭൂമിയുടെ ന്യായവില ഉയർത്താനുള്ള നിർദ്ദേശവും വൻ തിരിച്ചടിയാകും. ഭൂമിയുടെ ക്രയവിക്രയങ്ങൾ സ്തംഭിക്കും. സ്വന്തം ഭൂമി വിൽക്കാൻ പോലും കർഷകർക്ക് സാധിക്കാതെ വരും. വോട്ടുചെയ്യാനുള്ള ഉപകരണങ്ങൾ മാത്രമായി കർഷകർ അധഃപതിക്കാതെ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാർഷികമേഖലയ്ക്ക് ഇരുട്ടടിയേകി സംസ്ഥാന സർക്കാർ കർഷകരെ ക്രൂശിക്കുന്നതിനെതിരെ സംഘടിച്ചെതിർക്കണം. കർഷകരെ ഞെക്കിപ്പിഴിഞ്ഞെടുത്ത് ഖജനാവ് നിറയ്ക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്തിരിയണമെന്നും പുത്തൻ ഭൂനികുതി നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും ജനപ്രതിനിധികൾ നിഷ്‌ക്രിയരാകാതെ കർഷകർക്കുവേണ്ടി ഉറച്ച നിലപാടുകളെടുത്ത് പ്രതികരിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.