പാലാ: പാലായെ സംസ്ഥാന ബജറ്റിൽ അവഗണിച്ചതിനെതിരെ നിയമസഭയിൽ പ്രതിഷേധമുയർത്തി മാണി സി കാപ്പൻ എം എൽ എ. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കവെയാണ് പാലായെ അവഗണിച്ചതിനെ മാണി സി കാപ്പൻ വിമർശനം ഉന്നയിച്ചത്. ഏഴു കോടി രൂപ മാത്രമേ ഇത്തവണ പാലായ്ക്കു ബജറ്റിൽ വകയിരുത്തിയിട്ടുള്ളൂവെന്നും ഇത് അവഗണനയാണെന്നും അദ്ദേഹം പറഞ്ഞു. 19 കോടി 87 ലക്ഷം രൂപയുടെ റിവൈസ് എസ്റ്റിമേറ്റെടുത്ത അരുണാപുരം റഗുലേറ്റർ കം ബ്രിഡ്ജ് പ്രോജക്ട് നടപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം എൽ എ ആവശ്യപ്പെട്ടു.

പാലായിലെ 8 പഞ്ചായത്തുകൾക്കു കുടിവെള്ളം എത്തിക്കുവാനുള്ള രാമപുരം കുടിവെള്ള പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്നും മാണി സി കാപ്പൻ ആവശ്യമുന്നയിച്ചു. 962 കോടിയുടെ പദ്ധതിക്ക് 50 ശതമാനം കേന്ദ്ര വിഹിതമാണെന്നും ചൂണ്ടിക്കാട്ടി. ഫുഡ് പാർക്ക്, കൊട്ടാരമറ്റത്ത് ഫ്‌ളൈഓവർ അടക്കമുള്ള പാലായുടെ വികസനത്തെ ത്വരിതപ്പെടുത്തുന്ന പദ്ധതികൾ സമർപ്പിച്ചുവെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്നും എം എൽ എ പറഞ്ഞു.