വാഷിങ്ടൻ: യുക്രൈനിൽ റഷ്യയുടെ സൈനിക നടപടി എല്ലാ സീമകളും ലംഘിച്ച് മുന്നേറവേ ചൈനയ്ക്ക് എതിരെ നിലപാട് കടുപ്പിച്ച് അമേരിക്ക. അധിനിവേശത്തിന്റെ തുടക്കം മുതൽ റഷ്യക്കൊപ്പം നിലയുറപ്പിച്ച ചൈനക്കെതിരെയാണ് യു.എസിന്റെ രോഷപ്രകടനം. റഷ്യയെ സഹായിക്കുന്നതിന് ചൈനയെ അമേരിക്ക താക്കീത് ചെയ്തു.

യുദ്ധഭൂമിയിലെ തിരിച്ചടികളും പാശ്ചാത്യ രാജ്യങ്ങളുടെ ശിക്ഷാപരമായ ഉപരോധങ്ങളും ഉണ്ടായിരുന്നിട്ടും പുടിൻ വിട്ടുവീഴ്ച മനോഭാവം കാണിച്ചിട്ടില്ല. യുദ്ധം തുടരുകയാണ്. റഷ്യയുടെ സമ്പദ് വ്യവസ്ഥക്ക് കനത്ത തിരിച്ചടി നേരിട്ടാൽ ചൈന സഹായിക്കുമെന്ന് പുടിന്റെ സർക്കാർ പ്രതീക്ഷിക്കുന്നതായി വാർത്താ ഏജൻസി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

റഷ്യയുമായുള്ള നേരിട്ടുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാൻ ആഗ്രഹിക്കുന്നുവെന്ന് യു.എസ് പറയുന്നു. മോസ്‌കോയിലേക്കുള്ള ചൈനീസ് സൈനിക സഹായം ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികളായ വാഷിങ്ടണിനെയും ബീജിംഗിനെയും രണ്ടാം ലോക യുദ്ധത്തിന് ശേഷം ഒരു യൂറോപ്യൻ രാഷ്ട്രത്തിന് നേരെയുള്ള ഏറ്റവും വലിയ ആക്രമണത്തിന്റെ ഇരുവശങ്ങളിൽ നിർത്തും.

യുക്രൈൻ യുദ്ധത്തിൽ മുന്നേറ്റം ഉണ്ടാകാതിരിക്കുകയും പാശ്ചാത്യ രാജ്യങ്ങളുൾപ്പെടെ ഉപരോധങ്ങൾ ശക്തമാക്കുകയും ചെയ്താൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നു യുഎസ്. പരമ്പരാഗത യുദ്ധോപകരണങ്ങളിലും സൈനികരുടെ എണ്ണത്തിലും കുറവു വന്നാൽ ആണവായുധങ്ങളെ റഷ്യയ്ക്ക് ആശ്രയിക്കേണ്ടി വരുമെന്നാണു പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ പുതിയ നിഗമനം.

'യുക്രെയ്ൻ പ്രദേശങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമം നീണ്ടുപോവുകയും, സൈന്യത്തിന്റെയും ആയുധങ്ങളുടെയും എണ്ണം കുറയുകയും ചെയ്യുന്ന പശ്ചാത്തലത്തിലും, സാമ്പത്തിക ഉപരോധങ്ങൾ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലും അത്യാധുനിക ആണവ പോർമുനകൾ റഷ്യ പ്രയോഗിക്കാൻ സാധ്യതയുണ്ട്' 67 പേജുള്ള റിപ്പോർട്ടിൽ ഡിഫൻസ് ഇന്റലിജൻസ് ഏജൻസി ഡയറക്ടർ ലഫ്. ജനറൽ സ്‌കോട്ട് ബെരിയർ ചൂണ്ടിക്കാട്ടി.

യുക്രെയ്ൻ സൈന്യത്തിന്റെയും ജനതയുടെയും പ്രതിരോധം കണക്കുകൂട്ടിയതിനേക്കാൾ ശക്തമായതാണു റഷ്യൻ സൈനികരുടെ മുന്നേറ്റം തടസ്സപ്പെടുത്തിയത് എന്നാണു നിഗമനം. ദിവസം ചെല്ലുംതോറും ഉപരോധങ്ങളാൽ റഷ്യ സാമ്പത്തിക പ്രയാസം നേരിടുകയാണ്. ലോകത്ത് കൂടുതൽ ഒറ്റപ്പെടുന്നുമുണ്ട്. ശക്തി ക്ഷയിച്ചെന്ന തരത്തിലുള്ള പൊതുനിരീക്ഷണത്തെ മറികടക്കാനും പശ്ചാത്യ രാജ്യങ്ങൾക്കു മുന്നറിയിപ്പു നൽകാനും റഷ്യ ആണവായുധം പ്രയോഗിച്ചേക്കാമെന്നാണു റിപ്പോർട്ടിൽ പറയുന്നത്.

യുക്രൈനിലെ റഷ്യയുടെ നടപടിയെ അപലപിക്കാനോ അധിനിവേശമെന്ന് വിളിക്കാനോ ചൈന തയ്യാറായിട്ടില്ല. യുക്രൈനിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാൽ റഷ്യക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നും ചൈന പറയുന്നു. അതേസമയം, യുക്രൈനിൽ ഇതുവരെ 2,032 സാധാരണക്കാർക്ക് ദുരന്തം അനുഭവിക്കേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു.

അതേസമയം, യുക്രെയ്‌നിൽ ഇതുവരെ 2,032 സാധാരണക്കാർക്ക് ദുരന്തം അനുഭവിക്കേണ്ടിവന്നതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. 780 പേർ കൊല്ലപ്പെടുകയും 1,252 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏകദേശം 32 ലക്ഷം സാധാരണക്കാർ, കൂടുതലും സ്ത്രീകളും കുട്ടികളും, ഇപ്പോൾ അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തതായും ഐക്യരാഷ്ട്രസഭ അറിയിച്ചു.