- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കപ്പയിൽ നിന്നും മദ്യം ഉൽപാദിപ്പിക്കാൻ ഗവേഷണത്തിന് ബജറ്റിൽ രണ്ട് കോടി; ചെത്താൻ ആളില്ലാത്തതുമൂലം നാട്ടിൻപുറങ്ങളിൽ പാഴാകുന്ന ആയിരക്കണക്കിന് ചൂണ്ടപ്പനകൾ; ആസൂത്രണവും, നിയമ ഭേദഗതിയുമുണ്ടെങ്കിൽ കർഷകർക്കും പൊതുഖജനാവിനും സമ്പന്നമാക്കാം; ധനമന്ത്രി അറിയാൻ
തിരുവനന്തപുരം : ഇത്തവണത്തെ ബജറ്റിൽ എവരുടെയും ശ്രദ്ധ പതിഞ്ഞ ഒരു പ്രഖ്യാപനമുണ്ട്. കപ്പയിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കാനുള്ള സർക്കാർ തീരുമാനം. ഇതിനായായി സർക്കാർ ബജറ്റിൽ നിന്ന് ഫണ്ട് മാറ്റിവയ്ക്കുക കൂടി ചെയ്തു. ലഹരിക്കായി മൂലവെട്ടി മുതൽ വിദേശികളെ വരെ സ്വീകരിക്കുന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ സ്വദേശിയായ പുതിയ സാധനം മർക്കറ്റിൽ എത്തിയാൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് സർക്കാരിന്റെ 'കാഴ്ചപ്പാട്'
കപ്പയിൽ നിന്നും മദ്യം ഉൽപാദിപ്പിക്കുന്നതിനായുള്ള ഗവേഷണത്തനായി ബജറ്റിൽ രണ്ട് കോടിരുപയാണ് സർക്കാർ ഇത്തവണ വകയിരുത്തിയത്. തിരുവനപുരത്തെ അഗ്രിടെക് ഫെസിലിറ്റി കേന്ദ്രത്തിലാണ് ഇതിന്റെ ഗവേഷണം നടക്കുക.
വീട്ടു വളപ്പിലും പാടത്തും കൃഷിചെയ്യുന്ന മരച്ചീനി അല്ലെങ്കിൽ കപ്പയിൽ നിന്ന് എങ്ങനെ വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാമെന്നകാര്യമാണ് ഇവർ പരിശോധിക്കുക. ഒപ്പം എങ്ങനെ ലാഭകരമായി വിപണിയിൽ എത്തിക്കാൻ കഴിയുമന്നകാര്യവും നോക്കും.
ഈ പരീക്ഷണം വിജയിക്കുകയാണെങ്കിലും വീട്ടിൽ നിന്നും കപ്പ വാറ്റി അടക്കാമെന്നു കരുതിയാൽ പിടി വീഴും. അതായത് കുടിൽ വ്യവസായമായി ഇതിനെ സർക്കാർ അനുവദിക്കില്ലെന്നു സാരം. ഇക്കാര്യം നേരത്തെ തന്നെ ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. പരീക്ഷണം വിജയിച്ചാൽ അബ്കാരി നിയപ്രകരമായിരിക്കും നിർമ്മാണവും വിതരണവും.
മഴക്കാലമായി കിലോയ്ക്ക് അഞ്ചും പത്തും രൂപ വരെ വിലയിടിയുന്ന കപ്പ കൃഷിചെയ്യുന്ന കർഷകർക്ക് ഇത് ആശ്വാസകരമായ വാർത്തയെന്ന് തോന്നാം. ഇതിന്റെ പ്രായോഗികത എത്രത്തോളം എന്ന് ഇപ്പോഴും പരീക്ഷണത്തിൽ ഇരിക്കുന്ന കാര്യമാണ്.
സർക്കാരിന്റെ പരിശ്രമം സംസ്ഥാനത്ത് എല്ലാ മദ്യപാനികൾക്കും ലഹരി എത്തിക്കുക എന്നതൊന്നുമല്ല. നാല് കാശ് ഏതെങ്കിലും വിധത്തിൽ പൊതുഖജനാവിൽ എത്തണം എന്നത് മാത്രമാണ്. പൊലീസ് സ്റ്റേഷനിലെ വാഹനങ്ങൾക്ക് പെട്രോൾ അടിക്കാൻ പോലും കാശില്ലാതെ ഞെങ്ങി ഞെരുങ്ങുന്ന കാലിയായ ഖജനാവിൽ പത്തു പുത്തൻ എത്താനുള്ള വഴിയാണ് കപ്പവാറ്റിലൂടെ തേടുന്നത്. എന്നാൽ സർക്കാരിന് പണവും നാട്ടിൻ പുറങ്ങളിലെ കർഷകർക്ക് വരുമാനവും ലഭിക്കുന്ന ഒരു വലിയ സാധ്യത പാഴാക്കി കളഞ്ഞുകൊണ്ടാണ് മദ്യത്തിനായി ബജറ്റിൽ തുക വകയിരുത്തി ഗവേഷണം നടത്തുന്നത്.
പറഞ്ഞുവന്നത് മറ്റൊന്നുമല്ല, നമ്മുടെ നാട്ടിൻ പുറങ്ങളിൽ പാഴായി പോകുന്ന ചൂണ്ടപ്പനകളെപ്പറ്റിയാണ്. സംസ്ഥാനത്തെ നാട്ടിൻപുറങ്ങളിൽ ചെത്താൻ ആളില്ലാത്തതുമൂലം ആയിരക്കണക്കിന് പനകളാണ് നശിച്ചുപോകുന്നത്. കൃത്യമായ ആസൂത്രണവും, നിയമ ഭേദഗതികളും ഒന്നു മാത്രം മതി അനേക കോടികൾ കർഷകരിലും, പൊതുഖജനാവിലുമെത്തിക്കാൻ. എന്നാൽ അധികാരത്തിന്റെ സുഖലോലുപതയിൽ മയങ്ങുന്ന ജനപ്രതിനിധികളുടെ ആലസ്യമാണ് ലളിതമായ ആസൂത്രണത്തിലൂടെ സർക്കാരിന് കോടികൾ കൊയ്യാവുന്ന സാധ്യത ഇല്ലാതാക്കുന്നത്.
പ്രത്യേക പരിചരണമില്ലാതെ പറമ്പുകളിൽ വളരുന്ന ഒരു വൃക്ഷമാണ് ചൂണ്ടപ്പന. ഇതിനെ പ്രാദേശിക ഭേദമനുസരിച്ച് കാളിപ്പന, ആനപ്പന, ഈറമ്പന എന്നിങ്ങനെയുള്ള പേരുകളിലും അറിയപ്പെടുന്നു.ഇതിന്റെ കുലകൾ ചെത്തുമ്പോൾ ഊറിവരുന്ന രസമാണ് കള്ള്. സമീപത്തുള്ള വൃക്ഷങ്ങളുടെ മുകളിൽ തലപ്പെത്തുമ്പോഴാണ് ചൂണ്ടപ്പന കുലയ്ക്കുന്നത്.ഏറ്റവും മുകളിൽ നിന്നും താഴെയുള്ള കവിളുകളിലേക്കെന്ന ക്രമത്തിലാണ് കുലകളുണ്ടാകുന്നത്. യാതൊരു പരിചരണവുമില്ലങ്കിലും പത്തു വർഷത്തിനുള്ളിൽ പന കുലയ്ക്കും. പനങ്കള്ളിന് നല്ല വിപണിയുണ്ടെങ്കിലും ഷാപ്പുകളിൽ ആവശ്യത്തിനു കള്ളു ലഭിക്കാത്ത അവസ്ഥയാണുള്ളത്.
പനങ്കുലകൾ ഒരുക്കി ചെത്തി കള്ളുൽപാദിപ്പിക്കാൻ പ്രത്യേക വൈദഗ്ദ്യം വേണം. ഒരു കുലത്തൊഴിലായി ചെയ്തു വന്നിരുന്ന കള്ളുചെത്ത്, ഇപ്പോൾ ഒരു തൊഴിലായി കൊണ്ടുനടക്കാൻ ആരും തയാറാല്ലാത്തതാണ് ഈ മേഖലയ്ക്ക് തിരിച്ചടിയാകുന്നത്. ഈ തൊഴിൽ ചെയ്യുന്നവരെ സമൂഹത്തിൽ മോശപ്പെട്ടവരായി ചിത്രീകരിക്കുന്ന പ്രവണത രൂപപ്പെട്ടതോടെയാണ് തൊഴിൽ മേഖല വിട്ട് മറ്റ് മേഖലകളിലേക്ക് ആളുകൾ മാറിത്തുടങ്ങിയത്. ഇതോടെ പല പറമ്പുകളിലും പനകൾ വൃഥാ പാഴാകുന്നതും ശ്രദ്ധേയമാണ്.
മറ്റു വൃക്ഷങ്ങളുടെ തണലിലല്ലെങ്കിൽ ആറാം വർഷം ചൂണ്ടപ്പന കുലച്ചതായ അനുഭവമുണ്ടെന്ന് കർഷകനും തിടനാട് സ്വദേശിയുമായ മനോജ് സാക്ഷ്യപ്പെടുത്തുന്നു. നല്ല തെളിച്ചമുള്ള പുരയിടത്തിൽ 10 മീറ്റർ അകലത്തിൽ പനകൾ വച്ചുപിടിപ്പിച്ച് - ഇതു വരെ ആരും പനകൾ പ്ലാന്റു ചെയ്തിട്ടില്ല - ജൈവ -രാസവളങ്ങളും നൽകി പരിചരിച്ചാൽ ദൃതവളർച്ചയുണ്ടാകുകയും 7 വർഷത്തിനകം കുലകൾ വരുകയും ചെയ്യും. ജലസേചനം ഒട്ടും ആവശ്യമില്ലാത്ത പനയ്ക്ക് തെങ്ങിനു നൽകുന്ന രീതിയിൽ ആണ്ടിൽ രണ്ടു തവണ വളമിടുകയും ചുവട്ടിൽ മണ്ണിട്ടു കൊടുക്കുകയും ചെയ്താൽ മതി. കോഴിക്കാഷ്ടം ചെലവു കുറഞ്ഞതും പനയ്ക്ക് ഉത്തമവുമായ ജൈവവളമാണ്. മറ്റു യാതൊരു കീടബാധകളും ഇതിനുണ്ടാവാറില്ല. വാർഷികമായി 500ഗ്രാം യൂറിയ, 750ഗ്രാം പൊട്ടാഷ്, ഒരു കിലോ സൂപ്പർ ഫോസ്‌ഫേറ്റ് എന്നിവയാണ് നൽകേണ്ടത്. മഗ്‌നീഷ്യം സൾഫേറ്റ് നൽകേണ്ടയാവശ്യം വരുന്നില്ല.
വിദഗ്ദരായ കള്ളുചെത്തുകാർ അന്യം നിന്നുപോകാതിരിക്കാൻ സർക്കാർ തലത്തിൽ താലൂക്കടിസ്ഥാനത്തിൽ കള്ളുചെത്ത് ഇൻസ്റ്റിറ്റ്യൂട്ടുകളാരംഭിച്ച് യുവാക്കൾക്ക് പരിശീലനം നൽകുകയും കള്ളുചെത്ത് എവർക്കും സാധ്യമാക്കുകയും, ചൂണ്ടപ്പനകൃഷി പ്രോത്സാഹിപ്പിക്കുകയും ചെയ്താൽ പരമ്പരാഗതമായി ചെയ്തു വന്നിരുന്ന മേഖലയെ വീണ്ടെടുക്കാനാകും.
ഒരേക്കർ പുരയിടത്തിൽ മിനിമം നൂറ് പനകൾ വയ്ക്കാനാവും. ഒരേ സമയം അവയിൽ 20 എണ്ണം വിളവെടുക്കുകയും ഒരു പനയിൽ നിന്ന് ദിവസേന ഏറ്റവും കുറഞ്ഞത് 25 ലിറ്റർ കള്ളു ലഭിക്കുന്നുവെന്നു കരുതുക. 20 പനകളിൽ നിന്നും 500 ലിറ്റർ, ഒരു ലിറ്റർ പനങ്കള്ളിന്റെ വിപണി വില 100 രൂപയാണ് .കർഷകന് ഇതിന്റെ പകുതി വില ( ലിറ്ററിന് 50 രൂപ) നൽകിയാലും 500 ലിറ്ററിന് 25000 രൂപ ദിവസ വരുമാനംലഭിക്കും. ചെത്തു കൂലിയായി 20 വൃക്ഷങ്ങൾക്ക് 250 ഃ 20 = 5000 രൂപ. അറ്റാദായം 20000 രൂപ.ഒരേക്കർ കൃഷിയുള്ളയാൾക്ക് ലഭിക്കുന്ന വരുമാനമാണിത്.
പന ചെത്തുന്ന തൊഴിലാളിയെ സംബന്ധിച്ചിടത്തോളം പനകൾ ഒരു സ്ഥലത്തു തന്നെ ആയതിനാൽ ചെത്താനായി കൂടുതൽ ദൂരം അലയേണ്ടതില്ല. ഒരുദിവസം മിനിമം 10 പനകൾ ചെത്തുവാൻ ആർക്കുമാവും. അതിന് ദിവസകൂലിയിനത്തിൽ 2500 രൂപ ലഭിക്കുമ്പോൾ പ്രതിമാസ വരുമാനം 75000/ രൂപയാണെന്നറിയുക.കള്ളെടുക്കുന്ന പനകൾ എന്നും ചെത്തിക്കൊടുക്കേണ്ടതിനാൽ ഏതെങ്കിലും കാരണത്താൽ ഒരാൾ അവധിയെടുത്താൽ പകരം ജോലിചെയ്യാൻ spare tapper മാരെയും കരുതേണ്ടതാണ്.
ചെത്തിയെടുക്കുന്ന പാനീയം മധുരക്കള്ള്, വീര്യമുള്ള ലഹരിക്കള്ള് എന്നു രണ്ടു തരത്തിൽ വിപണനം ചെയ്യാനാവും.കൂടാതെ മധുരക്കള്ളിൽ നിന്നും 'പാനി' ,പനംചക്കര എന്നിവയുമുണ്ടാക്കാം. കള്ളിൽ നിന്നു വാറ്റിയെടുക്കുന്ന മദ്യം ആഗോളതലത്തിൽ വലിയ ഡിമാണ്ടുള്ളതാണ്. ഇത് സർക്കാർനിയന്ത്രണത്തിൽ മാത്രമേ ആകാവൂ.
ക്ഷീരവികസന വകുപ്പിനു കീഴിൽ ആനന്ദ് മാതൃകാ ക്ഷീരോല്പാദക സഹകരണ സംഘങ്ങൾ (APCOS) പാൽ സംഭരിച്ചു വിപണനം ചെയ്യുന്ന രീതിയിൽ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ മേൽനോട്ടത്തിൽ 'പനയുടമ സഹകരണ സംഘങ്ങൾ 'രൂപീകരിച്ച് കർഷകരിൽ നിന്നും ദിവസേന രണ്ടു നേരം കള്ളു സംഭരിക്കാം. ഇപ്രകാരം ശേഖരിക്കുന്ന മായമില്ലാത്ത കള്ളായിരിക്കണം എല്ലാ ഷാപ്പുകളിലും വിൽക്കേണ്ടത്.
കൂടാതെ ഉയർന്ന ഡിമാന്റും, വിപണിയിൽ പ്രിയങ്കരവുമായ ഈ പാനീയത്തിന് വലിയ കയറ്റുമതി സാധ്യതയുമുണ്ട്. പെട്രോളിയം, സ്വർണ്ണ ഖനനം കൊണ്ടു സമ്പന്നമായ രാജ്യങ്ങളേക്കാളും മുൻപന്തിയിലെത്താൻ ചുരുങ്ങിയ കാലം കൊണ്ട് നമ്മുടെ സംസ്ഥാനത്തിനാവും.
യാതൊരു മായവും കലരാത്ത ഇത്തരം കള്ളിൽ ഷാപ്പിൽ എത്തുമ്പോൾ മായം കലർത്തുന്ന പ്രവണതയുണ്ട്. കൂടാതെ തമിഴ്‌നാട്ടിൽ നി്ന്നും മായം കലർന്ന കള്ള് സംസ്ഥാനത്ത് എത്തുന്നുണ്ട്. കള്ള് വാണിജ്യാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിച്ച് വിൽപ്പന നടത്തുന്നതിൽ ഒരു നിയമ നിർമ്മാണം നടത്തിയാൽ വലിയ സാമ്പത്തിക നേട്ടം സംസ്ഥാനത്ത് കൈവരിക്കാനാകും. ചെത്തുപ്പനകൃഷിയെ പ്രോത്സാഹിപ്പിക്കുക, പരമ്പരാഗത ചെത്തു തൊഴിലാളികളെ സംരക്ഷിച്ചുകൊണ്ട് തന്നെ കൂടുതൽ പേരെ മേഖലയിലേക്ക് പരിശീലനം നൽകി കൊണ്ടുവരണം.
കയറ്റുമതിയിലൂടെയും സംസ്ഥാനത്തിന് നേട്ടമുണ്ടാക്കാനാകും. വാറ്റു ചാരായവും വ്യാജവാറ്റും വിലകൂടിയ വിദേശ മദ്യവും ഒഴിവാക്കി ഗുണനിലവാരമുള്ള മദ്യം നാട്ടിൽ ലഭ്യമാക്കാനാകും. കേരളത്തിന് നികുതി ഇനത്തിലും നേട്ടമുണ്ടാക്കാനാകും. ലോകത്ത് എല്ലായിടത്തും നല്ല ഡിമാന്റുണ്ട് എന്നതിനാൽ നല്ല മദ്യം ഉൽപ്പാദിപ്പിച്ച് കയറ്റുമതി ചെയ്യാനാകും. ജോസ് പ്രകാശ് കിടങ്ങൻ ആണ് ഈ ആശയം മുന്നോട്ട് വച്ച് ലേഖനം തയാറാക്കിയതും പ്രസിദ്ധീകരിച്ചതും.
മറുനാടന് മലയാളി ബ്യൂറോ