കൊച്ചി: കളമശ്ശേരിയിൽ കെട്ടിട നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. ഒരാൾ മരിച്ചു. മൂന്നു ഇതരസംസ്ഥാന തൊഴിലാളികൾ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ കെട്ടിടത്തിന് അടിത്തറയ്ക്കായി മണ്ണുനീക്കുമ്പോഴാണ് അപകടമുണ്ടായത്.

മൂന്നുപേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്. ഫയർ ഫോഴ്‌സും നാട്ടുകാരും അടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ട്. ജെയ്‌റൂൾ മണ്ഡൽ, ഫൈസലാ മണ്ഡൽ, മുഹാദ്, നജീബ്, നെരിമോ മണ്ഡൽ എന്നിവരടക്കം ഏഴ് പേരാണ് അപകടത്തിൽ പെട്ടത്.

കളമശ്ശേരി മെഡിൽക്കൽ കോളേജ് ഇലക്ട്രോണിക് സിറ്റിയുടെ നിർമ്മാണ ജോലിക്കിടെയാണ് അപകടം. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം. ആഴമുള്ള കുഴിക്കായി മണ്ണെടുക്കുന്നതിനിടെ മുകളിൽനിന്ന് മണ്ണിടിഞ്ഞ് തൊഴിലാളികൾക്കു മേലേക്ക് വീഴുകയായിരുന്നു.



കളമശ്ശേരിയിൽ നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രാണിക് സിറ്റി നിർമ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിഞ്ഞ് വീണ് അപകടം ഉണ്ടായത്.

അഞ്ച് പേർ കുഴിക്കുള്ളിൽ കുടുങ്ങിയെന്നായിരുന്നു പ്രാഥമിക വിവരം. ഫയർഫോഴ്‌സ് രക്ഷാപ്രവർത്തനം തുടരുന്നതിനിടെ കൂടുതൽ പേർ കുടുങ്ങിയതായി അഭ്യൂഹം ഉയർന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 25 തൊഴിലാളികളായിരുന്നു സ്ഥലത്ത് ഇന്നുണ്ടായിരുന്നതെന്നും 7 പേരെ കാണാനില്ലെന്നും സ്ഥിരീകരിച്ചു.



വീണ്ടും മണ്ണ് ഇടിയാനുള്ള സാധ്യത കണക്കിലെടുത്ത് വളരെ ശ്രമകരമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ജെസിബി ഉപയോഗിച്ച് മണ്ണ് മാറ്റി കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്. 

രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കളമശേരി എസ്ഐ പറഞ്ഞു. ഇന്ന് രാവിലെ മുതൽ കുഴിയെടുക്കുന്നതിനിടെ ഉച്ചയോടെ മണ്ണിടിഞ്ഞ് വീഴുകയായിരുന്നെന്നും എസ്ഐ വ്യക്തമാക്കി.