ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിലെ ഛയ്ഗാവ് പ്രദേശത്തിന് സമീപം വംശനാശഭീഷണി നേരിടുന്ന നൂറോളം കഴുകന്മാരെ ചത്ത നിലയിൽ കണ്ടെത്തി. അസമിലെ ഛയ്ഗാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മിലൻപൂർ പ്രദേശത്ത് വ്യാഴാഴ്ച വൈകീട്ട് സംസ്ഥാന വനംവകുപ്പ് അധികൃതർ നൂറോളം കഴുകന്മാരുടെ ജഡങ്ങൾ കണ്ടെടുത്തിരുന്നു.

കഴുകന്മാർ ആടിന്റെ ജഡം കഴിച്ചതാണെന്നും വിഷം കലർന്ന ഭക്ഷണം കഴിച്ചാണ് കഴുകന്മാർ ചത്തതെന്നും വനപാലകർ സംശയിക്കുന്നു. നൂറോളം കഴുകന്മാർ ഒരേസമയം ചത്തൊടുങ്ങുന്നത് താൻ ആദ്യമായാണ് കാണുന്നതെന്ന് കാംരൂപ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) ദിംപി ബോറ പറഞ്ഞു.

'കഴുകന്റെ ജഡത്തിന് സമീപത്ത് നിന്ന് ആടിന്റെ അസ്ഥികൾ കണ്ടെത്തി. വിഷം കലർന്ന ആടിന്റെ ജഡം കഴിച്ചാണ് കഴുകന്മാർ ചത്തതെന്ന് സംശയിക്കുന്നു. എന്നാൽ മരണകാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പുറത്തുവരും. ആടിന്റെ ജഡത്തിൽ വിഷം കലർത്തിയതാണെങ്കിൽ ആളെ ഞങ്ങൾ അറസ്റ്റ് ചെയ്യും,'' ബോറ പറഞ്ഞു. ഇതുപോലുള്ള ഒരു സംഭവം ഈ പ്രദേശത്ത് നേരത്തെയും ഉണ്ടായിരുന്നു, എന്നാൽ ഇത്തവണ ധാരാളം കഴുകന്മാർ ചത്തു. അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നാട്ടുകാരെ ബോധവത്കരിക്കാൻ ശ്രമിക്കുമെന്നും പൊലീസ് ഓഫീസർ പറഞ്ഞു.