ജലന്ധർ: പഞ്ചാബിലെ ആംആദ്മി പാർട്ടി മന്ത്രിസഭയിലെ മന്ത്രിമാർ ശനിയാഴ്ച സ്ഥാനമേൽക്കും. രാജ്ഭവനിൽ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. മുഖ്യമന്ത്രി ഭഗവന്ത് മൻ ഉൾപ്പടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്. ഇതിന് ശേഷം 16ാം മന്ത്രിസഭയുടെ പ്രഥമ യോഗവും ചേരും. ബുധനാഴ്ചയായിരുന്നു മുഖ്യമന്ത്രിയായി ഭഗവന്ത് മൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്.

പുതിയ മന്ത്രിസഭയിൽ ഏക വനിതാ പ്രതിനിധി ഡോ.ബൽജിത് കൗറാണ്. മാളൗത് നിയമ സഭാംഗമാണ്. ഹർപാൽ സിങ് ചീമ, ഹർഭജൻ സിങ് , ഡോ.വിജയ് സിങ്ല, ലാൽ ചന്ദ് കതാർചൗക്,ഗുർമീത് സിങ് , കുൽദീപ് സിങ്, ലാൽജിത് സിങ് ഭുള്ളർ, ബ്രം ശങ്കർ, ഹർജ്യോത് സിങ് ബെയ്ൻസ് എന്നിവരാണ് ആദ്യ ഘട്ടത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.

പഞ്ചാബിന്റെ പതിനെട്ടാമത്തെ മുഖ്യമന്ത്രിയായാണ് ഭഗവന്ത് മാൻ അധികാരമേറ്റത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ഭഗത് സിങ്ങിന്റെ ജന്മദേശമായ ഖട്ഖർ കലനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവൾ ഉൾപ്പെടെ ആം ആദ്മി പാർട്ടിയുടെ മുതിർന്ന നേതാക്കൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. തനിക്ക് വോട്ടുചെയ്യാത്തവരുൾപ്പെടെ പഞ്ചാബിലെ എല്ലാവരുടെയും മുഖ്യമന്ത്രിയാണ് താനെന്ന് മാൻ പ്രതികരിച്ചു.

അഴിമതി ഇല്ലാതാക്കും, തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എങ്ങനെ ഭരണം മുന്നോട്ട് കൊണ്ടുപോവണമെന്ന് തങ്ങൾക്ക് അറിയാം. ഏഴുവർഷമായി താൻ ലോകസ്ഭാംഗമായിരുന്നു. മതിയായ അനുഭവസമ്പത്തുണ്ട്. മുതിർന്ന പല നേതാക്കളും തോറ്റു. പലരും ജയിച്ചു. അതിനാൽ പുതിയ ആശയങ്ങൾ സംസ്ഥാനത്തുണ്ടാവുമെന്ന് ഉറപ്പാണെന്നും ഭഗവന്ത് മാൻ പറഞ്ഞു.

തന്റെ സത്യപ്രതിജ്ഞയ്ക്ക് വരുമ്പോൾ മഞ്ഞ തലപ്പാവും ദുപ്പട്ടയും ധരിക്കാൻ ഭഗവന്ത് മാൻ ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. സത്യപ്രതിജ്ഞ വേദിയും സദസ്സുമെല്ലാം മഞ്ഞയാൽ തിളങ്ങുകയാണ്. ഭഗത് സിങ് ധരിക്കാറുണ്ടായിരുന്ന ടർബന്റെ നിറം മഞ്ഞയായതുകൊണ്ടാണ് ആ നിറം തെരഞ്ഞെടുത്തത്. 'ബസന്തി രംഗിൽ' (മഞ്ഞ നിറം) ഞങ്ങൾ ഖത്തർ കലാനയ്ക്ക് നിറം നൽകും- എന്നാണ് സത്യപ്രതിജ്ഞയ്ക്ക് പഞ്ചാബിലെ ജനങ്ങളെ ക്ഷണിച്ചുകൊണ്ട് ഭഗവന്ത് മലൻ വീഡിയോ സന്ദേശത്തിൽ പറഞ്ഞത്. 1970കൾക്ക് ശേഷം പഞ്ചാബിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാകും 48കാരനായ മാൻ.

ധുരി മണ്ഡലത്തിൽ മത്സരിച്ച ഭഗവത് മൻ കോൺഗ്രസ് സ്ഥാനാർത്ഥിയും സിറ്റിങ് എംഎ‍ൽഎയുമായ ദൽവീർ സിങിനെയാണ് പരാജയപ്പെടുത്തിയത്. ധുരിയിൽ ഭഗവന്ത് മാൻ 82,592 വോട്ടുകൾ നേടിയപ്പോൾ ദൽവീർ സിങിന് 24,386 വോട്ടുകൾ മാത്രമാണ് നേടാനായത്. ഏകദേശം 60,000 ത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഭഗവന്തിന്റെ വിജയം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ആകെ പോൾ ചെയ്ത വോട്ടിന്റെ 64.29 ശതമാനം വോട്ടുകളോടെയാണ് ഭഗവന്ത് മാൻ പഞ്ചാബിൽ പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ തീർത്തത്.

1977 മുതൽ ശിരോമണി അകാലിദൾ നാലു തവണയും കോൺഗ്രസ് മൂന്നു തവണയും ജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറി പോരിനിറങ്ങിയത്. 2017ൽ കോൺഗ്രസിലെ ദൽവീർ സിങ് ഗോൾഡി എ.എ.പി സ്ഥാനാർത്ഥിയെ 2811 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ധുരിയിൽ തോൽപ്പിച്ചത്. എന്നാൽ ഇത്തവണ സിറ്റിങ് എംഎൽഎയായ കോൺഗ്രസിന്റെ ദൽവീർ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയായിരുന്നു ഭഗവന്തിന്റെ വിജയം.