ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിന് പിന്നാലെ പാർട്ടി പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നഡ്ഡ. ഡൽഹിയിലെ സ്വന്തം വസതിയിൽ വച്ചാണ് അദ്ദേഹം ഹോളി ആഘോഷിച്ചത്.

ഈ ഹോളി എല്ലാവരുടേയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടേയെന്ന് ആശംസിക്കുന്നുവെന്നും നഡ്ഡ പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ന്യൂനപക്ഷ കാര്യ മന്ത്രി മുക്താർ അബ്ബാസ് നഖ്വി എന്നിവരും പാർട്ടി പ്രവർത്തകർക്കൊപ്പമാണ് ഹോളി ആഘോഷിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ജനങ്ങൾക്ക് ഹോളി ആശംസകൾ നേർന്നു.

ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂറും പ്രവർത്തകർക്കൊപ്പം ഹോളി ആഘോഷിച്ചു. പാട്ട് പാടി നൃത്തം ചെയ്താണ് അദ്ദേഹം ആഘോഷ പരിപാടികളിൽ പങ്കെടുത്തത്. നിറങ്ങളുടെ ആഘോഷമായ ഹോളി രാജ്യത്തുടനീളമുള്ള ജനങ്ങൾ ആഘോഷിക്കുകയാണ്. നിറങ്ങൾ വാരിയെറിഞ്ഞും നൃത്തമാടിയും ആഘോഷപരിപാടികൾ പുരോഗമിക്കുന്നു.