- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂരിൽ അങ്കണവാടിയിൽ മൂന്നുവയസുകാരനെ കെട്ടിയിട്ട് മർദ്ദിച്ചുവെന്ന പരാതി; ആയക്കെതിരെ കേസ്
കണ്ണൂർ: അങ്കണവാടിയിൽ മൂന്ന് വയസുകാരനെ കെട്ടിയിട്ടുമർദ്ദിച്ചുവെന്ന കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ എടക്കാട് പൊലിസ് ജുവനൈൽ ആക്ടുപ്രകാരം ആയക്കെതിരെ കേസെടുത്തു. കുട്ടിയുടെ പിതാവ് തോട്ടട കിഴുന്നയിലെ അൻഷാദിന്റെ പരാതിയിലാണ് കേസെടുത്തത്.
തോട്ടട കിഴുന്നപ്പാറയിലെ അങ്കണവാടി ഹെൽപ്പറായ എരിഞ്ഞിക്കൽ പാറമ്മേൽ ബേബിക്കെതിരെ(52)യാണ് പരാതിയിൽ ജുവനൈൽ ആക്ടുപ്രകാരം പൊലിസ് കേസെടുത്തത്. കിഴുന്നപ്പാറയിലെ അൻഷാദ്-ഷഹാന ദമ്പതികളുടെ മകൻ മുഹമ്മദ് ബിലാലിനാണ് മർദ്ദനമേറ്റത്.
കുട്ടിയുടെ ദേഹത്ത് തേയ്ക്കാനായി പച്ചമുളക് കരുതിവെച്ചിരുന്നുവെന്നും പിതാവിന്റെ പരാതിയിൽ പറയുന്നു.
എന്നാൽ കുട്ടി കുസൃതി കാണിച്ചപ്പോൾ അടിച്ചിരുന്നുവെന്ന്, ബേബി സംഭവം നടന്ന ദിവസം തന്നെ രക്ഷിതാക്കളെ അവരുടെ വീട്ടിൽ പോയി അറിയിച്ചിരുന്നു. അന്നു സംഭവം തീർന്നുവെങ്കിലും പ്രദേശത്ത് നല്ല സ്വാധീനമുള്ള ചില മതതീവ്രവാദ സംഘടനകളുടെ ബാഹ്യമായ ഇടപെടലോടെ വിഷയം വീണ്ടും കത്തിക്കുകയായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രക്ഷിതാക്കൾ നൽകിയ പരാതിയിൽ ചൈൽഡ് ലൈൻ നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പൊലിസ് ആയക്കെതിരെ കേസെടുത്തത്. ഈ വിഷയത്തിൽ സോഷ്യൽമീഡിയയിലൂടെ ചില കേന്ദ്രങ്ങൾ വ്യാപകമായ പ്രചാരണമാണ് നടത്തിയത്. കുട്ടിയെ കെട്ടിയിട്ടു മർദ്ദിച്ചു, കണ്ണിൽ പച്ചമുളക് തേച്ചുവെന്നു തുടങ്ങിയ കാര്യങ്ങൾ വസ്തുതാപരമല്ലെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭവം നടന്ന കിഴുന്ന ഈസ്റ്റ് അംഗൻവാടിയലെ അദ്ധ്യാപിക അന്നേ ദിവസം കണ്ണൂർ കോർപറേഷനിൽ നടന്ന ഒരു ആരോഗ്യക്യാംപിൽ പങ്കെടുക്കാനായി പോയിരുന്നു. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെ മർദ്ദനമേറ്റ മൂന്നുവയസുകാരൻ ജനലിൽ കയറുകയും ആയ പലതവണ പിടിച്ചിറക്കുകയും ചെയ്തിരുന്നുവത്രെ. ഇതിനിടയിൽ ആയയോട് പോടായെന്നു കുട്ടി പറയുകയും ഇതിൽ പ്രകോപിതയായ അവർ കൈപിടിച്ചു അങ്കണവാടിയിൽ കരയുന്ന കുട്ടികളെ അടക്കിനിർത്താനായി ഉപയോഗിച്ചിരുന്ന വളരെ ചെറിയ വടികൊണ്ടു രണ്ടുതവണ കൈത്തണ്ടയിൽ അടിക്കുകയുമായിരുന്നു.
ഇതിനെ തുടർന്ന് കുട്ടിയുടെ കൈക്ക് അടിയേറ്റ പാടുണ്ടായി. കുട്ടി രക്ഷിതാക്കളോട് പറഞ്ഞതുപ്രകാരം സംഭവം അദ്ധ്യാപികയുടെ ശ്രദ്ധയിൽ കൊണ്ടുവരികയും പിറ്റേന്ന് ആയ കുട്ടിയുടെ വീട്ടിൽ പോയി രക്ഷിതാക്കളോട് സംഭവം പറയുകയും അടിച്ചതിൽ ക്ഷമ ചോദിക്കുകയും ചെയ്തു. അന്നവിടെ തീർന്ന പ്രശ്നമാണ് പ്രദേശത്തെ ചില മതതീവ്രവാദസംഘടനക്കാർ ഏറ്റെടുത്തു വൻവിഷയമാക്കിയെടുത്തു ആളിക്കത്തിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്