കൊച്ചി: കളമശേരിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച തൊഴിലാളികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളിയാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ നാല് പേരാണ് മരിച്ചത്.

നജീഷ് അലി, ഫൈസുള്ള മണ്ഡൽ, കുഡുസ് മണ്ഡൽ, നൂറമിൻ മണ്ഡൽ എന്നിവരാണ് മരിച്ചതെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെട്ടിട നിർമ്മാണം നടക്കുന്ന സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മരിച്ചവർ പശ്ചിമ ബംഗാൾ സ്വദേശികളാണ്.

ഫറൂഖ് മണ്ഡൽ, സിയാവുൽ മണ്ഡൽ എന്നീ തൊഴിലാളികൾ ചികിത്സയിലാണെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ചികിത്സ ഉറപ്പുവരുത്താനും ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

കളമശേരി ഇലക്ട്രോണിക് സിറ്റിയിൽ കെട്ടിട നിർമ്മാണത്തിനിടെയായിരുന്നു അപകടമുണ്ടായത്. മണ്ണിനടയിൽ നിന്നും ആദ്യം പുറത്തെടുത്ത രണ്ട് പേരെയാണ് രക്ഷപ്പെടുത്താനായത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്ന് എറണാകുളം ജില്ല കളക്ടർ അറിയിച്ചിരുന്നു.