ചെന്നൈ: പത്ത് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 102 വയസ്സുകാരനായ മുൻ പ്രധാനാധ്യാപകനെ 15 വർഷം തടവിന് വിധിച്ചു. 10 വർഷം കഠിന തടവ് ഉൾപ്പെടെയാണിത്. പെൺകുട്ടിക്കു നഷ്ടപരിഹാരമായി 45000 രൂപ നൽകണം. 5000 രൂപ പിഴയും ചുമത്തി. തിരുവള്ളൂർ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. തമിഴ്‌നാട്ടിലെ സർക്കാർ സ്‌കൂളിൽ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച പരശുരാമനാണ് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ചത്.

ഇദ്ദേഹത്തിന് 99 വയസ്സുണ്ടായിരുന്നപ്പോൾ 2018 ജൂലൈയിലാണു കേസിന് ആസ്പദമായ സംഭവം. പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു പെൺകുട്ടിയും കുടുംബവും. കുട്ടിക്ക് നടുവേദനയുണ്ടായതിനെ തുടർന്ന് ചികിത്സ നൽകാനെന്ന പേരിൽ കൊണ്ടുപോയി മുംബൈ സ്വദേശിയായ പെൺകുട്ടിയെ ഇയാൾ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പെൺകുട്ടിക്ക് കലശമായ വയറു വേദനയുണ്ടായതിനെ തുടർന്ന് ചോദിച്ചപ്പോഴാണ് വൃദ്ധൻ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്.

തുടർന്ന് മാതാപിതാക്കൾ തിരുവള്ളൂർ പൊലീസിൽ പരാതി നൽകി. പരശുരാമനെ ചോദ്യം ചെയ്തപ്പോൾ അയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. ഇയാൾക്കതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തു. അറസ്റ്റ് ചെയ്യുകയും ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.മൂന്നര വർഷത്തിന് ശേഷം വിചാരണ പൂർത്തിയായി. പരശുരാമന് 15 വർഷം തടവും 5000 രൂപ പിഴയും വിധിച്ചു. 15 വർഷത്തെ ജയിൽ ശിക്ഷയിൽ 10 വർഷം കഠിന തടവാണ്. ഇയാളെ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലേക്ക് മാറ്റി.