ടൻ ധനുഷിന്റെയും രജനീകാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിന്റെയും വിവാഹമോചന വാർത്ത ഏറെ ഞെട്ടലോടെയായിരുന്നു സിനിമാലോകം ഏറ്റെടുത്തത്. അത്രമേൽ അപ്രതീക്ഷിതമായിരുന്നു ഇരുവരുടേയും വിവാഹ മോചന വാർത്ത. ഇപ്പോഴിതാ വിവാഹമോചനത്തിനു ശേഷവും അടുത്ത സുഹൃത്തുക്കളായി തുടരുകയാണ് ഇരുവരും. ഐശ്വര്യയുടെ പുതിയ മ്യൂസിക് വിഡിയോ തന്റെ ട്വിറ്ററിലൂടെ ധനുഷ് പങ്കുവച്ചിരുന്നു.

'പുതിയ വിഡിയോയ്ക്ക് അഭിനന്ദനങ്ങൾ പ്രിയ സുഹൃത്തേ. ദൈവം അനുഗ്രഹിക്കും'ഐശ്വര്യയുടെ മ്യൂസിക് വിഡിയോ പങ്കുവച്ച് ധനുഷ് കുറിച്ചു. 'നന്ദി ധനുഷ്' എന്ന് മാത്രമായിരുന്നു ഐശ്വര്യയുടെ മറുപടി. എന്നാൽ ഇരുവരുടേയും ഈ അകൽച്ച ഇപ്പോഴും ആരാധകരിൽ നോവായി നിൽക്കുകയാണ്. ഇരുവരും സുഹൃത്തുക്കളായി തുടരുന്നത് സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്നായിരുന്നു ഈ ട്വീറ്റിനോട് ആരാധകരുടെ പ്രതികരണം. പിണക്കം മറന്ന് ധനുഷും ഐശ്വര്യയും പരസ്പരം ഒന്നിക്കണമെന്നാണ് ആഗ്രഹമെന്നും ഇവർ പറയുന്നു. മാത്രമല്ല സമൂഹമാധ്യമങ്ങളിൽ ഐശ്വര്യ ഉപയോഗിക്കുന്ന ഐഡിയുടെ പേര് ഐശ്വര്യ ആർ. ധനുഷ് എന്നുതന്നെയാണ്.

കഴിഞ്ഞ ജനുവരിയിലാണ് തങ്ങൾ വേർപിരിയുകയാണെന്ന് ഇവർ പ്രഖ്യാപിക്കുന്നത്. 18 വർഷത്തെ ദാമ്പത്യജീവിതത്തിനാണ് അതോടെ അവസാനമായത്. ആറു മാസം നീണ്ട പ്രണയത്തിനൊടുവിൽ 2004 നവംബർ 18 നായിരുന്നു ധനുഷ് ഐശ്വര്യ വിവാഹം. വിവാഹിതനാകുമ്പോൾ ധനുഷിന് 21 വയസ്സും ഐശ്വര്യയ്ക്ക് 23 വയസ്സുമായിരുന്നു പ്രായം.