രു മൂന്നാം ലോകമഹായുദ്ധത്തിന്റെ ഇനിയും വിട്ടുമാറാത്ത ഭീതിയിൽ ലോകം നിൽക്കുമ്പോഴും സന്തോഷ സൂചിക പുറത്തുവിട്ടിരിക്കുകയാണ് ഐക്യരാഷ്ട്ര സംഘടന. തുടർച്ചയായ അഞ്ചാം വർഷവും ഫിൻലാൻഡിലെ ജനങ്ങൾ തന്നെയാണ് ലോകത്തിലേ ഏറ്റവും സന്തുഷ്ടരായ ജനത. വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ മുൻനിരയിൽ സ്ഥാനം പിടിച്ച പട്ടികയിൽ രണ്ടാമത് എത്തിയിരിക്കുന്നത് ഡെന്മാർക്കാണ്. ഐസ്ലാൻഡ്, സ്വിറ്റ്സർലാൻഡ്, നെതർലൻഡ്സ്, ലക്സംബർഗ് എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്ലുള്ളത്.

റഷ്യ, യുക്രെയിൻ യുദ്ധം ആരംഭിക്കുന്നതിനു മുൻപായിട്ടായിരുന്നു ഈ സന്തോഷ സൂചികയുമായി ബന്ധപ്പെട്ട പഠനങ്ങൾ നടന്നത് എന്നതുകൊണ്ടു തന്നെ ഇത് വർത്തമാനകാലത്തെ യാഥാർത്ഥ്യങ്ങളെ പ്രതിഫലിപ്പിക്കുന്നില്ല എന്നത് ഒരു വസ്തുത തന്നെയാണ്. ബൾഗേറിയ റൊമാനിയ സെർബിയ എന്നീ രാജ്യങ്ങൾ ഈ പട്ടികയിൽ നില മെച്ചപ്പെടുത്തിയെങ്കിൽ ഇപ്പോൾ അവരും യുദ്ധാശങ്കയിലാണ്.

മദ്ധ്യകാലയുഗത്തിൽ നാട്ടുരീതികൾ വഴുന്ന അഫ്ഗാനിസ്ഥാനാണ് ഏറ്റവും ദുഃഖിതരായവരുടെ രാജ്യം. സാമ്പത്തിക തകർച്ചയിൽ വലയുന്ന ലെനനോൺ രണ്ടാംസ്ഥാനത്ത് എത്തിയപ്പോൾ സിംബാബ്വേയാണ് ഇക്കാര്യത്തിൽ മൂന്നാം സ്ഥാനത്തുള്ളത്. താലിബാൻ ഭരണത്തിൻ കീഴിൽ മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെട്ട അഫ്ഗാൻ കഴിഞ്ഞ വർഷവും ഈ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്തായിരുന്നു ഇടംപിടിച്ചത്. ജനങ്ങൾ തന്നെ അവരുടേ സന്തോഷം സ്വയം വിലയിരുത്തൂന്ന രീതിയിലുള്ള പഠനമുറ സ്വീകരിച്ചിരിക്കുന്ന സന്തോഷ സൂചിക ഇത് പത്താമത്തെ വർഷമാണ് പ്രസിദ്ധപ്പെടുത്തുന്നത്.

പൂജ്യം മുതൽ പത്ത് വരെയുള്ള സ്‌കെയിൽ രേഖപ്പെടുത്തുന്ന സന്തോഷം , സംതൃപ്തി, ജീവിത സൗകര്യങ്ങൾ എന്നിവയുടെ കഴിഞ്ഞ മൂന്ന് കൊല്ലക്കാലത്തെ ശരാശരി കണക്കാക്കിയാണ് സൂചികയ്ക്ക് രൂപം കൊടുക്കുന്നത്. വടക്കൻ യൂറോപ്യൻ രാജ്യങ്ങൾ പതിവുപോലെ മുൻനിരയിൽ എത്തിയപ്പോൾ ഇത്തവണ അമേരിക്കയ്ക്കും ഫ്രാൻസിനും നില മെച്ചപ്പെടുത്താനായിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്ന് സ്ഥാനങ്ങൾ മുകളിലേക്ക് കയറി അമേരിക്ക 16-ാം സ്ഥാനത്തെത്തിയപ്പോൾ ഫ്രാൻസ് ഇതുവരെയുള്ള ഏറ്റവും മികച്ച റാങ്കിങ് ആയ 20-ാം സ്ഥാനത്ത് എത്തി.

നേരത്തേ സൂചിപ്പിച്ച വ്യക്തിഗത സന്തോഷം, സംതൃപ്തി, ജീവിത സൗകര്യങ്ങൾ എന്നിവയ്ക്ക് പുറമേ ഓരോ രാജ്യത്തെയും ജി ഡി പി, സാമൂഹ്യ സഹായങ്ങൾ, വ്യക്തി സ്വാതന്ത്ര്യം, അഴിമതി എന്നിവയും ഈ സൂചിക തയ്യാറാക്കുവാനായി കണക്കിലെടുക്കും. ഇത്തവണഇതാദ്യമായി സമൂഹ മാധ്യമങ്ങളിൽ നിന്നുള്ള പ്രതികരണങ്ങൾ കൂടി കണാക്കിലെടുത്ത് ജനങ്ങളുടെ യഥാർത്ഥ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് ഒരു വക്താവ് പറഞ്ഞു. ഏകദേശം 18 രാജ്യങ്ങളിൽ ജനങ്ങളുടെ ആശങ്കയും ഉത്ക്കണ്ഠയും കഴിഞ്ഞവർഷത്തേക്കാൾ ഏറെ വർദ്ധിച്ചിട്ടുണ്ടെന്നും ഈ പഠന റിപ്പോർട്ടിൽ പറയുന്നു.

സന്തോഷ സൂചികയിൽ ഗൂഢാലോചന മണക്കുന്നുവോ ?

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന പദ്ധതികൾക്കായുള്ള വിഭാഗമാണ് ഈ റിപ്പോർട്ട് തയ്യാറാക്കുന്നത്. എന്നിരുന്നാലും ഇത് എത്രമാത്രം സത്യത്തോട് അടുത്തുനിൽക്കുന്നു എന്നത് ചിന്തിക്കേണ്ട കാര്യമണ്. ലഭിക്കുന്ന വിവരങ്ങളുടെ സത്യസന്ധത പരിശോധിച്ചതിനു ശേഷമാണോ പഠനം നടത്തുന്നത് എന്നത് ഒരു ചോദ്യമാണ്. പിന്നെ, പഠനം നടത്താനായി ശേഖരിക്കുന്ന വിവരങ്ങളുടെ സ്രോതസ്സ്, പഠനം നടത്തുന്നവരുടെ മുൻവിധികൾ എന്നിവയും ഇതിന്റെ ഫലനിർണ്ണയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തും എന്നതിൽ സംശയമില്ല.

ഈ വർഷത്തെ റിപ്പോർട്ടിൽ അത്തരത്തിൽ സംശയങ്ങൾ ഉയർത്തുന്ന ചില കാര്യങ്ങളുണ്ട്. ലോകത്തിലെ ഏറ്റവും ദുഃഖിതരായുള്ളവർ വസിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ 11-ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാനിസ്ഥാനും ലെബനനും സിംബാബ്വേയും കഴിഞ്ഞാൽ ആഭ്യന്തരയുദ്ധങ്ങൾ നടക്കുന്ന ബോത്സ്വാന പോലുള്ള രാജ്യങ്ങളും മറ്റ് ആഫ്രിക്കൻ രാജ്യങ്ങളും മാത്രമാണത്രെ ഇന്ത്യയേക്കാൾ ദുഃഖിതരുള്ള രാജ്യങ്ങൾ. ഇവിടെയാണ് ചില സംശയങ്ങൾ ഉയരുന്നത്.

കടുത്ത ഭക്ഷ്യക്ഷാമത്തിൽ വലയുകയാണ്1 ശ്രീലങ്ക എന്ന റിപ്പോർട്ടുകൾ ദേശീയ അന്തർദേശീയ മാധ്യമങ്ങളിൽ മാസങ്ങൾക്ക് മുൻപേ വന്നുതുടങ്ങിയതാണ്. വിദേശ കരുതൽ സംരക്ഷിക്കുവാൻ പല അത്യാവശ്യ സാധനങ്ങളുടെ ഇറക്കുമതി കൂടി തടഞ്ഞിരിക്കുകയാണ് ഈ രാജ്യം. ശരിക്കും ഒരു ക്ഷാമത്തിന്റെ വക്കിലെത്തി നിൽക്കുന്ന ശ്രീലങ്കയിലെ ജനങ്ങൾ ഇന്ത്യാക്കാരേക്കാൾ സന്തുഷ്ടരാണെന്നാണ് ഈ റിപ്പോർട്ട് പറയുന്നത്. ഭക്ഷ്യക്ഷാമവും അവശ്യ സാധനങ്ങളുടെ വിലവർദ്ധനയും കൊടുമ്പിരി കൊള്ളുമ്പോൾ സന്തോഷം, സംതൃപ്തി, ജീവിത സൗകര്യം എന്നീ മാനദണ്ഡങ്ങൾ എങ്ങനെ ഉയര്ന്നു നിൽക്കും എന്നത് ഒരുപക്ഷെ പഠനം നടത്തിയവർക്ക് മാത്രം അറിയാവുന്ന കാര്യമായിരിക്കും.

ദുഃഖിതരുടെ പട്ടികയിൽ ഇന്ത്യയേക്കാൾ വളരെ താഴ്ന്ന് 20-ാം സ്ഥാനത്താണ് ശ്രീലങ്കയുടെ നില. ആഭ്യന്തര യുദ്ധം നടക്കുന്ന യമനിലെ ജനങ്ങളും ഇന്ത്യാക്കാരേക്കാൾ സന്തുഷ്ടരാണത്രെ! ദുഃഖിതരുടെ പട്ടികയിൽ ഇന്ത്യയ്ക്ക് പുറകിൽ 15-ാം സ്ഥാനത്തുള്ള യമനിൽ ജനങ്ങൾ ജീവനും കൊണ്ടോടുന്ന അവസ്ഥയായിരുന്നു. പകർച്ചവ്യാധികൾ കശക്കിയെറിഞ്ഞ എത്യോപ്യയും ഈ പഠനം പ്രകാരം ഇന്ത്യയേക്കാൾ സന്തുഷ്ടരായവരുടെ രാജ്യമാണത്രെ.

ഏറെനാളുകളായി ഗൂരുതരമായ ആക്രമ സംഭവങ്ങളൊന്നും നടക്കാതെ ഇന്ത്യ സമാധാനത്തിൽ കഴിയുകയാണ്. പാക്കിസ്ഥാനിൽ അടുത്ത ദിവസമാണ് പള്ളിയിൽ ബോംബ് പൊട്ടിയതും ആസ്ട്രേലിയൻ ടീമിന്റെ പര്യടനം പാതിവഴിയിൽ ഉപേക്ഷിക്കുമോ എന്ന ആശങ്ക ഉയർന്നതും. നേരത്തേ ന്യുസിലാൻഡ് ക്രിക്കറ്റ് ടീം സുരക്ഷാ കാരണങ്ങളാൽ പാക്കിസ്ഥാൻ പര്യടനം റദ്ദാക്കിയിരുന്നു. കടം കയറി നിലയില്ലാക്കയത്തിൽ താഴുന്ന പാക്കിസ്ഥാനും ഇന്ത്യയേക്കാൾ ഏറെ സന്തുഷ്ടരുള്ള രാജ്യമാണത്രെ!

ഇത്തരത്തിൽ, സാധാരണക്കാരന്റെ ബുദ്ധിക്ക് ഒരിക്കലും മനസ്സിലാക്കാൻ കഴിയാത്ത പല കാര്യങ്ങളും ഈ റിപ്പോർട്ടിലുണ്ട്. ഇതുതന്നെയാണ് ഇതൊരു ഗൂഢാലോചനയായിരിക്കുമോ എന്ന സംശയം വരാൻ കാരണം.