കൊച്ചി : കെയുഡബ്ല്യൂജെ / പ്രസ് ക്ലബ് സർക്കാർ ഫണ്ടു വെട്ടിപ്പു കേസിൽ കെയുഡബ്ല്യൂജെക്കു വേണ്ടി അഡ്വ. തമ്പാൻ തോമസ് ഹൈക്കോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലം കേവലം രാഷ്ട്രീയ പ്രസംഗമാണെന്നു അഡ്വ. കൃഷ്ണരാജ് ഹൈക്കോടതിയിൽ സമർപ്പിച്ച മറുപടിയിൽ പരിഹസിച്ചു.

സർക്കാർ രേഖകൾ സഹിതം സമർപ്പിച്ച ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾക്കൊന്നും മറുപടി പറയാതെയാണ് എതിർ സത്യവാങ്മൂലം സമർപ്പിച്ചതെന്നു കൃഷ്ണരാജ് ചൂണ്ടിക്കാട്ടി. സർക്കാർ ഫണ്ടു വെട്ടിപ്പു സംബന്ധിച്ചു മറുപടിയോ വിശദീകരണമോ നൽകാൻ കെയുഡബ്ല്യൂജെക്കു കഴിഞ്ഞിട്ടില്ല.

കെയുഡബ്ല്യൂജെയുടെ ജില്ലാ ഘടകങ്ങളായ പ്രസ് ക്ലബുകൾ വിവിധ പദ്ധതികൾക്കായി കൈപ്പറ്റിയ സർക്കാർ ഫണ്ടുകൾ ദുർവിനിയോഗം ചെയ്തതായി വെളിപ്പെടുത്തുന്ന സർക്കാർ രേഖകൾ കോടതിയിൽ സമർപ്പിച്ചിരുന്നു. സർക്കാർ ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ പ്രസ് ക്ലബുകൾക്ക് സർക്കാർ ആവർത്തിച്ചു നിർദ്ദേശം നൽകിയിട്ടും പ്രസ് ക്ലബുകൾ സഹകരിച്ചിട്ടില്ലെന്നു രേഖകൾ വ്യക്തമാക്കുന്നുണ്ടെന്നും കൃഷ്ണരാജ് ചൂണ്ടിക്കാട്ടി.

കെയുഡബ്ല്യൂജെ സമർപ്പിച്ച മറുപടിയിൽ ഹർജി കെയുഡബ്ല്യൂജെയെ പിളർക്കാനുള്ള ശ്രമമാണെന്നാണു വാദിക്കുന്നത്. സർക്കാർ ഫണ്ട് ദുർവിനിയോഗ ആരോപണങ്ങളെ കുറിച്ചു മറുപടിയൊന്നും നൽകാൻ കെയുഡബ്ല്യൂജെക്കു കഴിഞ്ഞില്ല.

ചീഫ് ജസ്റ്റിസ് മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും ഉൾപ്പെട്ട ബഞ്ചാണ് കേസ് പരിഗണിച്ചത്. കേസിൽ മറുപടി സമർപ്പിക്കാൻ കേരള സർക്കാർ അഭിഭാഷകർ സമയം ആവശ്യപ്പെട്ടതു പരിഗണിച്ചു കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റി വച്ചു.