- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ-ചൈന അതിർത്തിയിൽ 177 റോഡുകൾ; അതിർത്തി പ്രദേശങ്ങളെ ബന്ധിപ്പിക്കും; രാജ്യത്തിന്റെ അഞ്ച് പ്രധാന അതിർത്തികൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ; നടപ്പാക്കുന്നത് 7,000 കോടിയുടെ പദ്ധതി
ന്യൂഡൽഹി: രാജ്യത്തിന്റെ അതിർത്തിയുടെ സുരക്ഷ ക്രമീകരണങ്ങളിൽ സുപ്രധാന ചുവടുവയ്‌പ്പുമായി കേന്ദ്രസർക്കാർ. അതിർത്തികളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ 7000 കോടി രൂപയുടെ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. 2023 ഓടെ അഞ്ച് പ്രധാന അതിർത്തികളിലെ വികസനത്തിനായി സർക്കാർ 7,000 കോടി രൂപയോളം ചെലവഴിക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ചൈന, പാക്കിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, ഭൂട്ടാൻ മേഖലകളിലാണു പദ്ധതി നടപ്പാക്കുന്നത്.
ഇന്ത്യ-ചൈന അതിർത്തിയിൽ 10,000 കിലോമീറ്റർ ദൈർഘ്യമുള്ള 177 റോഡുകൾ നിർമ്മിക്കാനാണ് പദ്ധതി. ആദ്യഘട്ടമായി 751.58 കിലോമീറ്റർ ദൈർഘ്യമുള്ള 25 റോഡുകളുടെ നിർമ്മാണം ആരംഭിച്ചു. ഈ റോഡുകൾ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിൽനിന്ന് അതിർത്തി പ്രദേശങ്ങളെ ബന്ധിപ്പിക്കും. 3,482.52 കോടി രൂപയാണ് ചെലവ്. രണ്ടാം ഘട്ടത്തിലുള്ള 32 റോഡുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. ലഡാക്കിൽ 32 ഹെലിപ്പാഡുകളും നവീകരിക്കും.
ഇന്ത്യ-പാക്ക് അതിർത്തിയിൽ വൻ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ആസൂത്രണം ചെയ്തിരിക്കുന്നത്. അടുത്ത രണ്ട് വർഷത്തിനുള്ളിൽ അതിർത്തിയിലെ വേലി, റോഡ് നിർമ്മാണം എന്നിവ വർധിപ്പിക്കും. രാത്രിയിൽ സംശയാസ്പദമായ നീക്കങ്ങൾ സേനയ്ക്ക് നിരീക്ഷിക്കാൻ കഴിയുന്ന തരത്തിൽ ഫ്‌ളഡ് ലൈറ്റുകൾ സ്ഥാപിക്കും. ആന്റി-ഡ്രോൺ സാങ്കേതികവിദ്യ, തെർമൽ ഇമേജിങ്, മൂവ്‌മെന്റ് സെൻസറുകൾ തുടങ്ങിയ സാങ്കേതിക വിന്യാസവും ലക്ഷ്യമിടുന്നു.
ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ 1,377 കിലോമീറ്റർ റോഡ് ശൃംഖല നിർമ്മിക്കും. ഇന്ത്യ-മ്യാന്മർ അതിർത്തിയിൽ വേലി, റോഡ് നിർമ്മാണം പുരോഗമിക്കുന്നു. ബംഗ്ലാദേശ് അതിർത്തിയിൽ, ഇന്ത്യ-ബംഗ്ലാദേശ് റോഡിന്റെ രണ്ടാം ഘട്ട നിർമ്മാണം, പാലങ്ങളുടെ നിർമ്മാണം എന്നിവ ഉൾപ്പെടുന്നു. പുറമേ ഈ അതിർത്തിയിൽ ഫ്‌ളഡ് ലൈറ്റുകളും വാച്ച് ടവറുകളും സ്ഥാപിക്കാനും ലക്ഷ്യമിടുന്നെന്നാണു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ന്യൂസ് ഡെസ്ക്