തിരുവനന്തപുരം: സംവിധായകൻ അനുരാഗ് കശ്യപ് കൊച്ചിയിൽ ഒരു വാസസ്ഥലം വാങ്ങാൻ ആലോചിക്കുന്നുവെന്ന് വെളിപ്പെടുത്തി ചലച്ചിത്ര അക്കാദമി ചെയർമാൻ കൂടിയായ രഞ്ജിത്ത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ടതടക്കം ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വിവിധ കേസുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്. അനുരാഗ് കശ്യപിന്റെ അഭിപ്രായത്തിൽ ഇന്ത്യയിൽ അദ്ദേഹത്തിന് സ്വതന്ത്രമായി സഞ്ചരിക്കാൻ കഴിയുന്ന രണ്ട് സംസ്ഥാനങ്ങളേ ഉള്ളൂ. അത് കേരളവും തമിഴ്‌നാടുമാണെന്ന് അദ്ദേഹം തന്നോട് പറഞ്ഞുവെന്നായിരുന്നു രഞ്ജിത്തിന്റെ വാക്കുകൾ. ജന്മസ്ഥലമായ ഉത്തർപ്രദേശിൽ എത്തിയാൽ അനുരാഗ് കശ്യപിനെ അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു.

കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ ക്ഷണിക്കപ്പെട്ട മുഖ്യാതിഥികളിൽ ഒരാൾ അനുരാഗ് കശ്യപ് ആയിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ വെളിപ്പെടുത്തൽ. സർക്കാരിന്റെ സാംസ്‌കാരിക നയത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചടങ്ങിൽ എത്തിച്ചതെന്നും രഞ്ജിത് ചൂണ്ടിക്കാട്ടി.

ഉത്തർപ്രദേശിൽ അനുരാഗ് കശ്യപ് പോയിട്ട് ആറ് വർഷം കഴിഞ്ഞതായും രഞ്ജിത് പറയുന്നു. നേരത്തെ അഖിലേഷ് യാദവ് യുപി ഭരിച്ചിരുന്ന കാലത്ത് സിനിമയുടെ പേരിൽ കോടിക്കണക്കിന് രൂപയുടെ ഗ്രാൻഡ് അനധികൃതമായി വാങ്ങിയെടുത്തതായി അനുരാഗ് കശ്യപിനെതിരെ ആരോപണം ഉയർന്നിരുന്നു.