ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ ഹോളി ആഘോത്തിനിടെ കയ്യിലിരുന്ന കത്തികൊണ്ട് അബദ്ധത്തിൽ സ്വയം കുത്തിയ 38 കാരന് ദാരുണാന്ത്യം. കൈയിൽ കത്തിയുമായി സുഹൃത്തുക്കളോടൊപ്പം നൃത്തം ചെയ്യുകയായിരുന്ന ഗോപാൽ സോളങ്കിക്കാണ് കുത്തേറ്റത്. സ്റ്റണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ സ്വയം കുത്തുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.

അമിതമായി മദ്യപിച്ച സോളങ്കി, സുഹൃത്തുക്കളോടൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇതിനിടെ ഒരു സ്റ്റണ്ട് സീക്വൻസ് പുനഃസൃഷ്ടിക്കാനുള്ള ശ്രമത്തിൽ അയാൾ കത്തികൊണ്ട് നാല് തവണ സ്വയം കുത്തുകയായിരുന്നു.

 

സോളങ്കിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഉടൻ തന്നെ ശ്രീ അരബിന്ദോ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിച്ചു. അവിടെവച്ച് സോളങ്കിയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. സോളങ്കിയുടെ ശരീരത്തിലേറ്റ മുറിവ് ഗുരുതരമായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.