പട്‌ന: ശരദ് യാദവിന്റെ ലോക്താന്ത്രിക് ജനതാദൾ (എൽജെഡി) ലാലു പ്രസാദ് യാദവിന്റെ ആർജെഡിയിൽ ലയിക്കും. ന്യൂഡൽഹിയിൽ ശരദ് യാദവിന്റെ ഔദ്യോഗിക വസതിയിൽ ഞായറാഴ്ച രാവിലെ 11നാണ് ഔപചാരിക ലയന ചടങ്ങ്. ആർജെഡി നേതാവ് തേജസ്വി യാദവും പങ്കെടുക്കും.

ശരദ് യാദവിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം ജനതാദൾ (യു) വിട്ടു എൽജെഡി രൂപീകരിച്ചപ്പോൾ ജെഡിയു രാജ്യസഭാംഗത്വവുമായി ബന്ധപ്പെട്ട കേസ് കാരണം ശരദ് യാദവ് എൽജെഡി ഭാരവാഹിത്വമേറ്റില്ല. പാർട്ടി അധ്യക്ഷ സ്ഥാനമേറ്റ ഭത്തേ സിങ് ശരദ് യാദവിനൊപ്പം ആർജെഡി ലയനത്തിന് അനുകൂല നിലപാടിലാണ്.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശരദ് യാദവ് ആർജെഡി ടിക്കറ്റിൽ മത്സരിച്ചപ്പോൾ ആർജെഡിയിൽ ലയിക്കാമെന്ന ധാരണയിലെത്തിയിരുന്നു. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ശേഷം ശരദ് യാദവ് ലയനക്കാര്യം നീട്ടിക്കൊണ്ടു പോയി. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളായിരുന്നു കാരണം. ലയനത്തിനു ശേഷം ശരദ് യാദവിനു ആർജെഡി രാജ്യസഭാംഗത്വം നൽകിയേക്കുമെന്നാണു സൂചന.

ആർജെഡി എൽജെഡി ലയനത്തിൽ നിന്ന് എൽജെഡി കേരള ഘടകം വിട്ടുനിൽക്കുമെന്നു എൽജെഡി സംസ്ഥാന ജനറൽ സെക്രട്ടറി സലിം മടവൂർ അറിയിച്ചു. പാർട്ടി ദേശീയ നിർവാഹക സമിതിയിൽ ചർച്ച ചെയ്യാതെ ശരദ് യാദവ് ഏകപക്ഷീയമായാണു ലയനം പ്രഖ്യാപിച്ചതെന്നു സലിം മടവൂർ കുറ്റപ്പെടുത്തി.

ശരദ് യാദവ് നിലവിൽ എൽജെഡിയിൽ ഔദ്യോഗിക ഭാരവാഹിത്വം വഹിക്കുന്നില്ല. പാർട്ടി ദേശീയ സെക്രട്ടറി ജനറൽ സുശീല മൊറാലേയും ജനറൽ സെക്രട്ടറി ജാവേദ് റാസയും ലയന വിരുദ്ധ നിലപാടിലാണെന്നു സലിം മടവൂർ അവകാശപ്പെട്ടു. എൽെജഡി കേരള ഘടകത്തിന്റെ ഭാവി പരിപാടികൾ ആലോചിക്കാനായി സംസ്ഥാന കമ്മിറ്റി വൈകാതെ വിളിച്ചു ചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു.