കണ്ണൂർ: കേന്ദ്രസർക്കാർ നാൾക്കുനാൾ ഇന്ധനവില വർധിപ്പിക്കുന്നതു കാരണം ദുരിതമനുഭവിക്കുന്നത് ഇന്ത്യയിലെ സ്ത്രീകളാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദകാരാട്ട് പറഞ്ഞു. സി.പി. എം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂർ ടൗൺ സ്‌ക്വയറിൽ നടന്ന വനിതാ അസംബ്ളി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വൃന്ദ.ഡീസൽ, പെട്രോൾവിലയും പാചകവാതകവിലവർധനവും ഏറ്റവും കൂടുതൽ ബാധിക്കുന്നത് അടുക്കളകളിലാണെന്ന് അവർ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കോവിഡ് അടച്ചുപൂട്ടലുണ്ടായപ്പോൾ അതിന്റെ ഭാഗമായി ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് സ്ത്രീകളായിരുന്നു. ആയിരക്കണക്കിനു സ്ത്രീകളാണ് പലായനം ചെയ്തത്. സ്ത്രീകളെ ദ്രോഹിക്കുന്ന സർക്കാരാണ് കേന്ദ്രം ഭരിക്കുന്നത്.
എന്നാൽ ഇതിൽ നിന്നും വ്യത്യസ്തമാണ് കേരളത്തിലെ അവസ്ഥ. സ്ത്രീകൾക്ക് താങ്ങും തണലുമായി നിന്നത് സി.പി. എമ്മും എൽ.ഡി. എഫുമാണ്.

കേരളസർക്കാർ നടപ്പിലാക്കിയ സ്മാർട്ട് കിച്ചൺ പദ്ധതിയൊക്കെ സ്ത്രീകളുടെ ജോലിഭാരം കുറച്ചുവെന്നും വൃന്ദാകരാട്ട് പറഞ്ഞു. മനുസ്മൃതിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ആർ. എസ്. എസാണ് രാജ്യം ഭരിക്കുന്നത്. ഇന്ത്യയിലെ സ്ത്രീകൾക്ക് എന്നും പ്രചോദനവും ആവേശവുമാണ് തെലങ്കാന സമരനായിക മല്ലൂസ്വരാജ്യത്തിന്റെ ജീവിതമെന്നും വൃന്ദ ചൂണ്ടിക്കാട്ടി. കമ്യൂണിസ്റ്റുകാർ ഇരുമ്പുകൊണ്ടു സൃഷ്ടിച്ചവരാണെന്ന് സ്റ്റാലിൻ പറഞ്ഞിട്ടുണ്ട്.

കമ്യൂണിസ്റ്റ് വനിതയാകണമെങ്കിൽ അതിലേറെ കരുത്തുവേണം. ആയുധമെടുത്തു പോരാടിയ ധീരവനിതയായിരുന്നു മല്ലൂസ്വരാജ്യമെന്നും അവരുടെ ജീവിതം ഓരോ സ്ത്രീയെയും ആവേശഭരിതമാക്കുമെന്നും വൃന്ദപറഞ്ഞു. കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി നടക്കുന്ന കുടുംബശ്രീപ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകാപരമാണെന്നും വൃന്ദാകരാട്ട് പറഞ്ഞു.

ചടങ്ങിൽ സി.പി. എം കേന്ദ്രകമ്മിറ്റിയംഗം പി.കെ ശ്രീമതിഅധ്യക്ഷയായി. കെ.കെ ശൈലജ എംഎൽഎ, സി. എസ്. സുജാത, സി.പി. എം ജില്ലാസെക്രട്ടറി എം.വി ജയരാജൻ, എം. പ്രകാശന്മാസ്റ്റർ,മഹിളാ അസോ. നേതാക്കളായ എൻ.സുകന്യ, പി.കെ ശ്യാമള, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ തുടങ്ങിയവർ പങ്കെടുത്തു.