കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ജനറൽമാർ അടക്കം റഷ്യയുടെ 14,700 സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. ഇതിനു പുറമേ, റഷ്യയുടെ 1,487 കവചിത വാഹനങ്ങൾ, 96 വിമാനങ്ങൾ, 230 പീരങ്കികൾ, 947 വാഹനങ്ങളും യുക്രൈൻ തകർത്തതായി വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വീറ്റിൽ പറയുന്നു. 10 വർഷം നീണ്ട അഫ്ഗാൻ അധിനിവേശകാലത്തു പോലും മൊത്തം 15,000 സോവിയറ്റ് സൈനികർ മാത്രമാണു കൊല്ലപ്പെട്ടിരുന്നത്. എന്നാൽ യുക്രൈൻ യുദ്ധം ഒരു മാസത്തിലെത്തുമ്പോൾ തന്നെ റഷ്യയ്ക്ക് 14,700 സൈനികർ നഷ്ടപ്പെട്ടതായാണ് യുക്രൈൻ സ്ഥിരീകരിക്കുന്നത്.

എന്നാൽ ഈ മാസം രണ്ടുവരെയായി 500 മരണമാണു റഷ്യ സ്ഥിരീകരിച്ചിട്ടുള്ളത്. യുദ്ധമുഖത്തെ 20 ജനറൽമാരിൽ നാലു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. റഷ്യൻ സേനയ്ക്ക് കൂടുതൽ മുന്നേറാൻ മതിയായ പോരാട്ടവീര്യം ഇല്ലെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് പറഞ്ഞു. യുക്രെയ്‌നിലെ റഷ്യൻ അധിനിവേശം നാലാമത്തെ ആഴ്ചയിലെത്തി.

അതേസമയം കരയിൽ മാത്രമല്ല, ആകാശത്തും മേൽക്കൈ നേടാനാകാതെ റഷ്യ വഴിമുട്ടിനിൽക്കുകയാണെന്നാണു പാശ്ചാത്യ വിദഗ്ധരുടെ വിലയിരുത്തൽ. ഹൈപ്പർസോണിക് മിസൈലുകൾ വരെ ഉപയോഗിച്ചുള്ള വിദൂരനിയന്ത്രിത ആക്രമണങ്ങളിലേക്കുള്ള ചുവടുമാറ്റത്തിനും ഇതാണു കാരണമായി പറയുന്നത്. മൈക്കലേവിൽ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ റോക്കറ്റാക്രമണത്തിൽ 40 യുക്രെയ്ൻ നാവികർ കൊല്ലപ്പെട്ടു. യുക്രെയ്ൻ സേന നേരിട്ട ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണിത്. അയൽരാജ്യമായ സ്ലൊവാക്യയിൽ 'നാറ്റോ' സേന പേട്രിയട്ട് മിസൈൽ പ്രതിരോധ സംവിധാനം സ്ഥാപിച്ചു തുടങ്ങി.

ഞായറാഴ്ച 400ലധികം പേർ അഭയാർഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്‌കൂൾ കെട്ടിടം റഷ്യൻ സേന ബോംബിട്ട് തകർത്തിരുന്നു. കെട്ടിടം പൂർണമായി തകർന്നു. സംഭവത്തിൽ മരിച്ചവരുടെ എണ്ണം ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, ഇതിനകം പത്ത് ദശലക്ഷത്തോളം പേർ യുക്രെയ്‌നിൽ നിന്ന് പലായനം ചെയ്‌തെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. യുക്രെയ്ൻ ജനസംഖ്യയുടെ നാലിലൊന്നിൽ കൂടുതലാണിത്.

റഷ്യൻ ബന്ധം ആരോപിച്ചു യുക്രെയ്‌നിലെ 11 പാർട്ടികളെ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി വിലക്കി. 450 അംഗ പാർലമെന്റിൽ 44 സീറ്റുള്ള പാർട്ടിയും ഇതിലുൾപ്പെടുന്നു. യുദ്ധനിയമപ്രകാരം രാജ്യത്തെ ടിവി ചാനലുകളെയെല്ലാം ചേർത്ത് ഒറ്റ പ്ലാറ്റ്‌ഫോമാക്കാനും ഉത്തരവിട്ടു. അതേസമയം, റഷ്യയിൽ യുദ്ധത്തെ എതിർക്കുന്ന ചിലർ രാജ്യം വിട്ടതായി റിപ്പോർട്ടുണ്ട്. യുദ്ധവിരുദ്ധ പ്രകടനങ്ങളുടെ പേരിൽ ആയിരങ്ങളാണ് നാലാഴ്ചയ്ക്കിടെ അറസ്റ്റിലായത്.