ഇംഫാൽ: മണിപ്പൂർ മുഖ്യമന്ത്രിയായി എൻ ബിരേൻ സിങ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇത് രണ്ടാം തവണയാണ് ബിരേൻ സിങ് മുഖ്യമന്ത്രിയാകുന്നത്. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡ അടക്കമുള്ള നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

ബിരേൻ സിങ്ങിനെ ഐകകണ്‌ഠ്യേനയാണ് ബിജെപി മുഖ്യമന്ത്രി പദത്തിലേക്ക് തെരഞ്ഞെടുത്തത്. മണിപ്പൂരിൽ ബിജെപി വ്യക്തമായ ആധിപത്യം നേടിയിരുന്നെങ്കിലും മുഖ്യമന്ത്രി ആരെന്നുള്ള തീരുമാനം വൈകുകയായിരുന്നു. ബിരേൻ സിംഗും മുതിർന്ന എം എൽ എ ബിശ്വജിത് സിംഗും തമ്മിലുള്ള തർക്കമായിരുന്നു കാരണം.

മണിപ്പുർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന് പത്തു ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയായി ബിരേൻ സിങ്ങിനെ ബിജെപി പ്രഖ്യാപിച്ചത്. മണിപ്പൂരിൽ ബിജെപിയുടെ കേന്ദ്ര നിരീക്ഷകരായ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും നിയമമന്ത്രി കിരൺ റിജിജുവുമാണ് പ്രഖ്യാപനം നടത്തിയത്.

തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ ശരിവച്ചാണ് മണിപ്പൂരിൽ ബിജെപി ഭരണത്തുടർച്ചയുറപ്പിച്ചത്. തുടർച്ചയായി രണ്ടാം തവണയും മണിപ്പൂരിൽ ബിജെപി തന്നെ സർക്കാർ രൂപീകരിക്കുകയാണ്. മുപ്പത്തിയൊന്ന് സീറ്റ് നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. ഒൻപത് സീറ്റുകൾ നേടി എൻപിപി വലിയ മുന്നേറ്റമാണ് കാഴ്‌ച്ചവെച്ചത്. മണിപ്പൂരിൽ ഉറച്ച വേരുകളുണ്ടായിരുന്ന കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.

വികസനം പറഞ്ഞ് വോട്ടു പിടിച്ചാണ് ബിജെപിക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടാനായത്. മുഖ്യമന്ത്രി ബിരേൻ സിങ്,വിദ്യാഭ്യാസ മന്ത്രി രാധേശ്യാം തുടങ്ങിയ ബിജെപിയുടെ താര സ്ഥാനാർത്ഥികൾ അധികവും വിജയിച്ചു.

മത്സരിച്ച ഇരുപത് മണ്ഡലങ്ങളിൽ ഒൻപത് സീറ്റ് നേടിയ നാഷണൽ പീപ്പിൾസ് പാർട്ടി ഇതോടെ വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ കരുത്തുറ്റ കക്ഷിയായി മാറി. പതിനഞ്ച് വർഷം തുടർച്ചയായ മണിപ്പൂർ ഭരിച്ച കോൺഗ്രസിന് ഇത്തവണ രണ്ടക്കത്തിൽ പോലും എത്താൻ കഴിഞ്ഞില്ല. പരാജയപ്പെട്ടവരിൽ മണിപ്പൂർ പിസിസി പ്രസിഡന്റ് എൻ. ലോകൻ സിംഗുമുണ്ട്. നാഗ ഗോത്ര മേഖലകളിൽ മാത്രം മത്സരിച്ച എൻപിഎഫിന് കോൺഗ്രസിനേക്കാൾ സീറ്റ് നേടാനായി. ഇതോടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് തന്നെ കോൺഗ്രസ് പാടെ തുടച്ചു മാറ്റപ്പെട്ടു.

ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,ആബ്യന്തര മന്ത്രി അമിത് ഷാ , കേന്ദ്ര മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കും. പുതിയ എം എൽ എമാരുടെ യോഗം ഇന്ന് ലക്‌നൗവിൽ ചേരുന്നുണ്ട്. മന്ത്രിസഭയുടെ അന്തിമരൂപം ഇന്ന് തയാറായേക്കും. യു പിയിൽ നിരീക്ഷകനായി ചുമതലപ്പെടുത്തിയ അമിത്ഷായും യോഗത്തിൽ പങ്കെടുക്കും.