- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനിഞാനൊഴുകട്ടെ' മൂന്നാം ഘട്ടത്തിന് ലോക ജലദിനത്തിൽ തുടക്കം;ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും
നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ജനകീയ നീർച്ചാൽ ശുചീകരണ യജ്ഞം ഇനി ഞാനൊഴുകട്ടെ മൂന്നാംഘട്ടത്തിന് ലോകജലദിനമായ നാളെ (22.03.2022 ചൊവ്വ) തുടക്കമാവും. സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റിൻ നിർവ്വഹിക്കും. തിരുവനന്തപുരത്ത് വെമ്പായം കൈരളി ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ.ടി.എൻ.സീമ കാമ്പയിൻ വിശദീകരിക്കും. മാണിക്കൽ പഞ്ചായത്തിൽ പുഴയൊഴുകും മാണിക്കൽ എന്ന പേരിൽ നടപ്പാക്കുന്ന പുഴവീണ്ടെടുക്കൽ പ്രവർത്തനത്തിലെ വിവിധ പദ്ധതികളുടെ പ്രഖ്യാപനവും ഇതോടൊപ്പം നടക്കും. ഇതു സംബന്ധിച്ച സമഗ്ര പദ്ധതി രേഖ ഡി.കെ.മുരളി എംഎൽഎ. പ്രകാശനം ചെയ്യും. മാണിക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലേഖകുമാരി രേഖ ഏറ്റുവാങ്ങുന്നു. സംസ്ഥാന സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് കൃഷ്ണൻ നായർ മുഖ്യ പ്രഭാഷണം നടത്തും. പുഴയൊഴുകും മാണിക്കൽ ടൂറിസം പദ്ധതികളുടെ പ്രഖ്യാപനം ജില്ലാ കളക്ടർ ശ്രീമതി നവജോത് ഖോസ ഐ.എ.എസ്. നിർവഹിക്കും. പുഴയൊഴുകും മാണിക്കൽ പദ്ധതി കോർഡിനേറ്റർ ജി. രാജേന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.
മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ സ്വാഗതം പറയുന്ന ചടങ്ങിൽ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി. കോമളം, ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി കെ. ഷീലാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി സുഹറ സലിം, വാർഡ് മെമ്പർ പള്ളിക്കൽ നസീർ തുടങ്ങിയവർ ആശംസകളർപ്പിക്കും. മാണിക്കൽ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ് കുമാർ നന്ദി രേഖപ്പെടുത്തും. പിന്നണി ഗായിക കുമാരി അവനി സ്വാഗതഗീതം ആലപിക്കും. ഇതോടൊപ്പം നടക്കുന്ന സാംസ്‌കാരിക സായാഹ്നത്തിൽ ചലച്ചിത്ര താരം അശ്വത്ത് ലാൽ മുഖ്യാതിഥിയായി പങ്കെടുക്കും. നാടകകൃത്ത് അശോക് ശശി, കവികളായ വിഭു പിരപ്പൻകോട്, മുഹാദ് വെമ്പായം, എസ്.എസ്. ചന്ദ്രകുമാർ, ഡോ.എം.എസ്. ശ്രീലാറാണി, സാഹിത്യകാരൻ എസ്.ആർ.ലാൽ തുടങ്ങിയവർ പങ്കെടുക്കും. കുട്ടികൾക്കായി വിവിധ മത്സരങ്ങളും ജലപ്രതിജ്ഞയും കൂടാതെ സാംസ്‌കാരിക ഘോഷയാത്ര, ചലച്ചിത്ര പ്രദർശനം തുടങ്ങിയവും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് പുഴ പുനരുജ്ജീവന പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഇനി ഞാനൊഴുകട്ടെ കാമ്പയിന്റെ ഒന്നും രണ്ടും ഘട്ടങ്ങളിലായി ഇതുവരെ 412 കി.മീ. ദൂരം പുഴകളും 45736 കി.മീ. ദൂരം തോടുകളും നീർച്ചാലുകളും വീണ്ടെടുക്കാനായി. മൂന്നാംഘട്ടത്തിൽ പശ്ചിമഘട്ട പ്രദേശങ്ങളിലെ ജലശൃംഖലകൾ വീണ്ടെടുക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി.എൻ.സീമ അറിയിച്ചു. ജലസ്രോതസ്സുകളിൽ സ്വഛമായ നീരൊഴുക്ക് ഉറപ്പാക്കുക വഴി മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമുള്ള സാധ്യതകൾ ലഘൂകരിക്കാനാവും