കണ്ണൂർ: കണ്ണൂർ മയക്കുമരുന്ന് കേസിൽ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിന് ബന്ധമുണ്ടെന്നു പൊലിസിന് ലഭിച്ച സൂചന ശരിയാണെന്ന് തെളിഞ്ഞു. കോടികൾ വിലവരുന്ന കണ്ണൂർ മയക്കുമരുന്ന് കേസിൽ അന്താരാഷ്ട്രറാക്കറ്റിന് ബന്ധമുണ്ടെന്ന കൂടുതൽ വിവരങ്ങൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചതോടെ വരും ദിനങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ഒരാഴ്‌ച്ചയായി ബംഗ്ളൂരിൽ ക്യാംപ് ചെയ്യുന്ന അന്വേഷണസംഘം മയക്കുമരുന്ന് മൊത്തവിൽപനക്കാരനായ നൈജീരിയൻ സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്തതിനു ശേഷം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. േനരത്തെ അറസ്റ്റിലായ കണ്ണൂർ തെക്കിബസാർ നിസാമിന് അതീവമാരകമായ സിന്തറ്റിക് മയക്കുമരുന്നായ എം,ഡി. എം. എ ഉൾപ്പെടെയുള്ളത് നൽകിയത് നൈജീരിയൻ സ്വദേശിയാണെന്ന് ഇയാൾ ചോദ്യം ചെയ്യലിനിടെയിൽ വ്യക്തമാക്കിയിരുന്നു.

നിസാമിന്റെ ഫോൺ സൈബർ പൊലിസ് പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള വിവരങ്ങൾ വ്യക്തമായത്. ഇതോടെയാണ് കൂടുതൽ അന്വേഷണത്തിനായി അന്വേഷണ സംഘം കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോയുടെ നിർദ്ദേശ പ്രകാരം ബംഗ്ളൂരിലേക്ക്തിരിച്ചത്.കസ്റ്റഡിയിലായ നൈജീരിയൻ പൗരൻ അന്താരാഷ്ട്രമയക്കുമരുന്ന് റാക്കറ്റിലെ കണ്ണിയാണെന്നാണ് പൊലിസ് സംശയിക്കുന്നത്. ഇയാളെ കണ്ണൂരിലേക്ക് കൊണ്ടുവന്ന് അറസ്റ്റു രേഖപ്പെടുത്തും.

ഇതോടെ കോടികളുടെ മയക്കുമരുന്നുമായി ദമ്പതികൾ അറസ്റ്റിലായ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി ഉയരും. എന്നാൽ കേസിലെ മറ്റൊരു പ്രതിയായ ജനീസിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇയാൾ കർണാടകയിലോ മഹാരാഷ്ട്രയിലോ കടന്നിട്ടുണ്ടെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. രാജ്യം വിട്ടുപോകാതിരിക്കാൻ വിമാനത്താവളങ്ങളിൽ രഹസ്യാന്വേഷണ വിഭാഗം ശക്തമാക്കിയിട്ടുണ്ട്.

നേരത്തെ മയക്കുമരുന്ന് വിപണനവുമായി ബന്ധമുള്ള ജനീസാണ് കണ്ണൂർ മയക്കുമരുന്ന് കേസിന്റെ ചുക്കാൻ പിടിച്ചതെന്നു വ്യക്തമായിട്ടുണ്ട്. ഇയാളുടെ ഒളിത്താവളം ബംഗ്ളൂരിൽ നിന്നും കണ്ടെത്തിയെങ്കിലും ജനീസ് പൊലിസ് സാന്നിധ്യം തിരിച്ചറിഞ്ഞു അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു.

കഴിഞ്ഞ മാർച്ച് ഏഴിന് കണ്ണൂർ നഗരത്തിലെ പാർസൽ ഓഫിസിൽ ബംഗ്ളൂരിൽ നിന്നും ടൂറിസ്റ്റുബസിലെത്തിയ തുണിത്തരങ്ങളുടെ പെട്ടിക്കുള്ളിൽ എം.ഡി. എം. എ ഉൾപ്പെടെ മാരകമയക്കുമരുന്നുകളുമായി കാപ്പാട് സി.പി സ്റ്റോറിൽ ഡാഫോഡിൽസ് വില്ലയിൽ താമസിക്കുന്നഅഫ്സൽ(35) ഭാര്യ ബൾക്കിസ്(28) എന്നിവർ പിടിയിലായതോടെയാണ് കണ്ണൂർ മയക്കുമരുന്ന് കേസന്വേഷണത്തിന് തുടക്കമാവുന്നത്.