- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്യാമൽ മണ്ഡൽ കൊലക്കേസ്: പ്രതിയെ ചോദ്യം ചെയ്ത് സിബിഐ കോടതി; പ്രതിയെ കോടതിയിൽ തിരിച്ചറിഞ്ഞ് പിതാവ് ബസുദേവ് മണ്ഡൽ; കേസിൽ തെളിവായി 53 സാക്ഷി മൊഴികളും 78 തൊണ്ടി മുതലുകളും
തിരുവനന്തപുരം: എഞ്ചിനീയറിങ് വിദ്യർത്ഥി ശ്യാമൽ മണ്ഡലിനെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും പിന്നീട് കൊലപ്പെടുത്തി പാറമടയ്ക്ക് സമീപം കുഴിച്ചിട്ട കേസിൽ പ്രതിയെ തിരുവനന്തപുരം സി ബി ഐ കോടതി ചോദ്യം ചെയ്തു. പ്രതിയെയും ശ്യാമലിന്റെ വസ്ത്രങ്ങളും ശ്യാമലിന്റെ പിതാവ് കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.
വിചാരണയിൽ പ്രതിക്കെതിരായി വന്ന സാക്ഷിമൊഴി തെളിവുകളുടെയും പ്രാമാണിക തെളിവുകളുടെയും അടിസ്ഥാനത്തിൽ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് ചോദ്യം ചെയ്തത്. കേസിൽ ഇതിനോടകം സിബിഐ ജഡ്ജി കെ. സനിൽകുമാർ 53 സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയും 78 തൊണ്ടി മുതലുകൾ അക്കമിട്ട് തെളിവിൽ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
കോടതിയിൽ നടന്ന വിചാരണയിലാണ് ശ്യാമലിന്റെ പിതാവ് വെസ്റ്റ് ബംഗാൾ പഞ്ചായത്ത് സമിതി എക്‌സിക്യുട്ടീവ് ഓഫീസർ ബസുദേവ് മണ്ഡൽ മകനെക്കുറിച്ചോർത്ത് വികാരാധീനനായി സാക്ഷി മൊഴി നൽകിയത്.
ബംഗാൾ സ്വദേശി ദുർഗാ ബഹാദൂർ ഭട്ട് ചേത്രിയെന്ന ദീപക് , ആൻഡമാൻ സ്വദേശി മുഹമ്മദ് അലി എന്നിവരാണ് ശ്യാമലിനെ ഫോണിൽ ഈസ്റ്റ് ഫോർട്ട് വിളിച്ചു വരുത്തി തട്ടിക്കൊണ്ടുപോയി 20 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടത്. 10 ലക്ഷമാക്കി ഉറപ്പിച്ച ശേഷം പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി ശ്യാമലിന്റെ മൊബൈൽ മോഷ്ടിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു. മുഹമ്മദ് അലി മാത്രമാണ് നിലവിൽ വിചാരണ നേരിടുന്നത്.
ശ്യാമലിന്റെ മൃതദേഹം കൃത്യ സ്ഥലത്ത് നിന്ന് പുറത്തെടുത്തപ്പോൾ കാണപ്പെട്ട നീല ജീൻസ് പാന്റ്‌സ് , പിങ്ക് കളർ ഷർട്ട് , ബെൽറ്റ് , ചെരുപ്പുകൾ എന്നിവ കോടതിയിൽ തിരിച്ചറിഞ്ഞു. മകന്റെ മൃതദേഹം അഴുകിയ നിലയിലായിരുന്നെങ്കിലും രണ്ടു മേൽ പല്ലുകൾ അമാൽഗം വച്ച് അടച്ചിരുന്നതായും കാല് ഭാഗം അഴുകാത്തതിനാലും മകനാണെന്ന് ഉറപ്പിച്ചു.
മോചനദ്രവ്യത്തിന്ണ്ടി വേണ്ടി തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികളെ ശിക്ഷിക്കണമെന്നും തനിക്ക് നീതി ലഭ്യമാക്കി തരുമാറാകണമെന്നും സാക്ഷിക്കൂട്ടിൽ നിന്ന് വികാരാധീനനായി തൊഴുകൈകളോടെ ജഡ്ജി സനിൽകുമാർ മുമ്പാകെ ബസുദേവ് മൊഴി നൽകി. തിരുവനന്തപുരം ഗവ: എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റൽ വിദ്യാർത്ഥിയായ തന്റെ മകൻ അധികം സംസാരിക്കാത്ത സൽസ്വഭാവിയായ കുട്ടിയായിരുന്നു.
താൻ പണം പലിശക്ക് കൊടുക്കാറുണ്ടായിരുന്നു. ആൻഡമാനിലുള്ള തന്റെ സുഹൃത്ത് കുഞ്ഞുകണ്ണുവിന് താൻ പതിനായിരം രൂപ പലിശക്ക് കടം കൊടുത്തിരുന്നു. അയാളുടെ മകനാണ് പ്രതിക്കൂട്ടിൽ നിൽക്കുന്നയാളെന്നും പ്രതിയെ ചൂണ്ടിക്കാട്ടി പിതാവ് മൊഴി നൽകി.
2005 ഒക്ടോബർ 13 ന് മകനെ കാണാനില്ലെന്ന് ഹോസ്റ്റൽ റൂം മേറ്റ് തന്നെ ഫോണിൽ വിളിച്ച് അറിയിച്ചു. മകന്റെ ഫോണിൽ വിളിച്ചപ്പോൾ സ്വിച്ച് ഓഫായിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറോടും ബംഗാൾ പൊലീസിനോടും പരാതിപ്പെട്ടിരിന്നു. 13 ന് എയർപോർട്ടിൽ നിൽക്കവേ ഡൽഹി ലാന്റ് ഫോണിൽ നിന്നും അജ്ഞാത ഫോൺ സന്ദേശമെത്തി.
മകൻ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്നും വിട്ടു നൽകണമെങ്കിൽ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. അത്രയും തുക നൽകാൻ തന്റെ കൈയിൽ ഇല്ലന്ന് പറഞ്ഞപ്പോൾ 10 ലക്ഷമാക്കി ഉറപ്പിച്ചു. പിന്നീട് വിളിക്കാമെന്ന് പ്രതികൾ പറഞ്ഞു. എന്നാൽ പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കി മകനെ കൊലപ്പെടുത്തി കുഴിച്ചിട്ട് ഒളിവിൽ പോയി. 16ന് മെഡിക്കൽ കോളേജ് മോർച്ചറിയിൽ മകന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തി.
ലോക്കൽ പൊലീസ് ശരിയായ രീതിയിൽ അന്വേഷിക്കാത്തതിനാലാണ് താൻ ഹൈക്കോടതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി ഫയൽ ചെയ്തത്. ഹർജി അനുവദിച്ച് ഹൈക്കോടതി കേസ് സിബിഐക്ക് കൈമാറുകയായിരുന്നുവെന്നും അദ്ദേഹം മൊഴി നൽകി. 2010 ലാണ് സി ബിഐ കേസിൽ കുറ്റപത്രം സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ