- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിൽ ശ്രീലങ്ക; ഭക്ഷണക്ഷാമം രൂക്ഷം; മരുന്നുകൾ ലഭ്യമല്ല; ഇന്ധനത്തിന് നീണ്ട ക്യൂ; സംഘർഷം; പമ്പുകൾ സൈന്യത്തിന്റെ മേൽനോട്ടത്തിൽ; കെ റെയിലിന് വേണ്ടി കടം വാങ്ങി നാലിരട്ടി നഷ്ടപരിഹാരം കൊടുക്കാൻ ഒരുങ്ങുന്ന പിണറായി വായിക്കാൻ 'ലങ്കൻ' ദുരിത കഥ
കൊളംബോ: സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും മോശം സാമ്പത്തിക സ്ഥിതിയിലേക്ക് കൂപ്പുകുത്തിയ ശ്രീലങ്ക കടുത്ത പ്രതിസന്ധിയിൽ. വിദേശനാണ്യ ശേഖരം കുത്തനെ താഴ്‌ച്ചയിലേക്ക് പതിച്ചത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ ഭക്ഷണവും ഇന്ധനവും മരുന്നുകളും അടക്കം കടുത്ത ക്ഷാമത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. അടുത്തിടെ ശ്രീലങ്കയ്ക്ക് ഇന്ത്യ ഒരു ബില്യൺ ഡോളറിന്റെ സഹായധനം അനുവദിച്ചിരുന്നു.
ഇന്ത്യയുടെ അയൽ രാജ്യമായ ശ്രീലങ്ക സമീപകാലത്ത് നേരിടേണ്ടി വന്ന തിരിച്ചടിക്ക് കാരണം കൈവിട്ടുള്ള കടമെടുക്കൽ നടപടികളാണ്. സിൽവർ ലൈൻ നടപ്പാക്കുന്നതിനായി കോടികൾ വരുന്ന ബാധ്യത ഏറ്റെടുക്കുന്നതോടെ സമാന അവസ്ഥയിലേക്ക് കേരളവും പോകുമോ എന്ന ആശങ്ക സോഷ്യൽ മീഡിയയിൽ ശക്തമാണ്. സിപിഎം കേന്ദ്ര നേതൃത്വത്തിനും ഇതിൽ ആശങ്കയുണ്ട്. എന്നാൽ പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കുന്നു.
കേരളത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി തന്നെയാണ് ആശങ്കകൾക്ക് കാരണം. എല്ലാ മാസവും കടമെടുത്താണ് മുമ്പോട്ട് പോകുന്നത്. നിത്യ ചെലവിന് പോലും കാശില്ല. ആഗോള സാമ്പത്തിക മാന്ദ്യകാലം വീണ്ടുമെത്തുമെന്ന ആശങ്കയുമുണ്ട്.
അതിരൂക്ഷമായ ഇന്ധന ക്ഷാമത്തെ തുടർന്ന് ശ്രീലങ്കയിൽ പമ്പുകളിൽ ക്യൂ നീളുകളും പലയിടത്തും ഇതു ക്രമസമാധാന പ്രശ്നത്തിലേക്കു നയിക്കുകയും ചെയ്ത സാഹചര്യത്തിൽ ശ്രീലങ്ക സൈന്യത്തെ രംഗത്തിറക്കി. പെട്രോൾ പമ്പുകളിൽ സൈന്യത്തിന്റെ മേൽനോട്ടത്തിലാണ് ഇപ്പോൾ പ്രവർത്തനം നടത്തുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ശ്രീലങ്കയിൽ പെട്രോളിനും ഡീസലിനും വില കുതിച്ചുകയറിയിരിക്കുകയാണ്. എത്ര വില കൊടുത്താലും കിട്ടാനില്ലാത്ത അവസ്ഥയാണ് രാജ്യത്ത്. ആയിരക്കണക്കിനു പേർ മണിക്കൂറുകളോളമാണ് ഇന്ധന പമ്പുകൾക്കു മുന്നിൽ ക്യൂ നിൽക്കുന്നത്. പലയിടത്തും ഇവർ അക്രമാസക്തരായി ക്രമസമാധാന പ്രശ്നത്തിലേക്കു നീങ്ങുകയും ചെയ്തു.
വിലക്കയറ്റത്തിനു പിന്നാലെ മണിക്കൂറുകളോളം നീളുന്ന പവർ കട്ട് കൂടിയായപ്പോൾ ജനജീവിതം ദുരിതത്തിലായിരിക്കുകയാണ്. ഇന്ധന വിതരണം കാര്യക്ഷമമാക്കാനാണ് പട്ടാളത്തെ നിയോഗിച്ചിരിക്കുന്നതെന്ന് മന്ത്രി ജെമിനി ലോകുഗ പറഞ്ഞു. ആളുകൾ കാനുകളിൽ പെട്രോൾ വാങ്ങി വിൽക്കുന്നുണ്ട്. ലഭ്യമായ ഇന്ധനം പരമാവധി പേർക്കു വിതരണം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.
പെട്രോളിനും മണ്ണെണ്ണയ്ക്കുമായി പൊരിഞ്ഞ വെയിലിൽ നാല് മണിക്കൂറോളം വരിനിന്ന് ശ്രീലങ്കയിൽ രണ്ട് വയോധികരാണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദ്രോഗവും പ്രമേഹവുമുള്ള രോഗിയായ 71 വയസ്സുകാരനായ ഓട്ടോറിക്ഷാ ഡ്രൈവറും 72 വയസ്സുകാരനൊയ മറ്റൊരാളുമാണ് മരിച്ചത്. കാൻഡിയിലും കടവത്തയിലുമായാണ് മരണം സംഭവിച്ചത്.
നിട്ടംബുവ നഗരത്തിൽ പെട്രോൾ പമ്പിന് പുറത്തുണ്ടായ തകർത്തിനിടെ ഇരുചക്ര വാഹന ഉടമയായ 29കാരൻ കുത്തേറ്റ് മരിച്ചു. 48 മണിക്കൂറിനുള്ളിൽ ഇന്ധത്തിനായി ക്യൂവിൽ നിൽക്കുന്നതിനിടെ മരണപ്പെടുന്ന മൂന്നാമത്തെയാളാണ് ഇയാൾ.
ഇന്ധന ക്ഷാമം രൂക്ഷമായ പശ്ചാത്തലത്തിൽ കഴിഞ്ഞ നാലാഴ്ചയായി പെട്രോൾ പമ്പുകൾക്ക് മുന്നിൽ നൂറുകണക്കിന് പേരാണ് വരിയായി കാത്തുനിൽക്കുന്നത്. ഇവിടെ ഉന്തും തള്ളും പതിവാകുന്നുണ്ട്. പെട്രോളിന് ലിറ്ററിന് 283 രൂപയും ഡീസലിന് 176 രൂപയുമാണ്. അവശ്യവസ്തുക്കളുടെ ഇറക്കുമതി നിലച്ചതോടെ പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭവും രാജ്യത്ത് രൂക്ഷമാണ്.
അതേസമയം പേപ്പറുകളുടെ രൂക്ഷമായ ക്ഷാമം കാരണം ശ്രീലങ്ക അനിശ്ചിതകാലത്തേക്ക് പരീക്ഷകൾ റദ്ദാക്കി. ലക്ഷക്കണക്കിന് വിദ്യാർത്ഥികളെയാണ് ഈ നീക്കം ബാധിച്ചിരിക്കുന്നത്. കൊളംബോയും ഇറക്കുമതിക്ക് ധനസഹായം നൽകുന്നതിന് ഡോളറിന്റെ കുറവാണ് നേരിടുന്നത്.
വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിയിൽ രാജ്യത്തെ വലയ്ക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി ഒന്നിനും പണം ഇല്ലാത്ത അവസ്ഥയാണ്. ഐ എം എഫിൽ നിന്ന് പണം കടം വാങ്ങാനുള്ള ശ്രമത്തിലാണ് രാജ്യത്തെ ഭരണകൂടം.
ശ്രീലങ്കൻ പ്രസിഡണ്ട് ഗോട്ബായ രാജപക്‌സയുടെ ആവശ്യം പരിഗണിക്കുകയാണ് എന്ന് ഐഎംഎഫ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പാൽപ്പൊടി വില കിലോയ്ക്ക് 1945 രൂപയാണ്. ചിലയിടത്ത് 2000 രൂപ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതിനാൽ രാജ്യത്ത് ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വില കുതിച്ചുയരുകയാണ്. നിലനിൽപ്പിനായി രാജ്യത്തെ ഭക്ഷണശാലകൾ എല്ലാം വില വർധിപ്പിച്ചു. ഇവിടെ ഒരു പാൽച്ചായക്ക് ഇപ്പോൾ വില 100 രൂപയാണ്.
പഞ്ചസാരയുടെയും പാൽപ്പൊടിയുടെയും എന്തിന് ധാന്യങ്ങളുടെ പോലും വിലയിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഉൽപ്പന്നങ്ങളും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യണം എന്നതിനാൽ ദ്വീപ് രാഷ്ട്രമായ ശ്രീലങ്കയിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം തീപിടിച്ച വിലയാണ്.
രാജ്യത്ത് പാൽപ്പൊടിയുടെ വില അവസാനമായി ഉയർത്തിയത് 2021 ഡിസംബറിലാണ്. അന്ന് 400 ഗ്രാം പാക്കറ്റ് വില 60 രൂപയും ഒരു കിലോ പാക്കറ്റ് വില 150 രൂപയുമാണ് ഉയർത്തിയത്. അതിനുശേഷം ഇപ്പോൾ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ആയതോടെ വില കുത്തനെ ഉയർത്തിയിരിക്കുകയാണ് ഇറക്കുമതിക്കാർ.
ശ്രീലങ്കയ്ക്ക് 9.6 ബില്യൺ ഡോളർ വായ്പ തിരിച്ചടവ് ഈ വർഷം നടത്താനുണ്ട്. എന്നാൽ 2.3 ബില്യൺ ഡോളറിന്റെ വിദേശനാണ്യശേഖരം മാത്രമാണ് രാജ്യത്തിന്റെ പക്കലുള്ളത്. തങ്ങൾ നൽകാനുള്ള പണം തിരിച്ചു തരാൻ ചൈനയോട് ശ്രീലങ്ക സമയം നീട്ടി ചോദിച്ചിരുന്നെങ്കിലും ബീജിങ്ങിൽ നിന്ന് ഒരു പ്രതികരണവും വന്നിട്ടില്ല.
കടുത്ത വിദേശ നാണ്യ പ്രതിസന്ധിയാണ് ശ്രീലങ്കയെ അതിവേഗം കുഴപ്പത്തിൽ എത്തിച്ചത്. വിദേശ നാണ്യം ഇല്ലാതായതോടെ ഇന്ധനം ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ ഒന്നും ആവശ്യത്തിനു ലഭ്യമാക്കാനാവുന്നില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളോട് ലങ്ക സഹായം തേടിയിട്ടുണ്ട്. നൂറോ കോടി ഡോളറിന്റെ സഹായം നൽകാമെന്ന് കഴിഞ്ഞയാഴ്ച ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
ശ്രീലങ്ക പാഠമാണ്, കേരളത്തിനും
ശ്രീലങ്കയിലെ സാമ്പത്തിക തകർച്ചയും ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയും കേരളത്തിലേതടക്കം അടക്കം വൻകിട പദ്ധതികൾക്കായി കോടികൾ വിദേശവായ്പ സ്വീകരിക്കാൻ മുന്നോട്ട് പോകുന്ന ഭരണകൂടകങ്ങൾ പഠിക്കേണ്ടതാണ്. തിരിച്ചടവ് മുടങ്ങുകയോ, വേണ്ടത്ര ലാഭകരമായി പദ്ധതി മാറ്റാൻ കഴിയാതെ വരുകയോ ചെയ്താൽ ദീർഘകാല അടിസ്ഥാനത്തിൽ കടുത്ത പ്രതിസന്ധിയിലേക്ക് സംസ്ഥാനം നീങ്ങാനുള്ള സാധ്യത മുന്നിൽ കാണേണ്ടതാണ്. നിലവിലെ വരുമാനവും ചിലവും പോലും നിലനിർത്തി പോകാൻ സാധിക്കാതെ കടം വാങ്ങി നിത്യചെലവു വഹിക്കുന്ന കേരളം പോലൊരു സംസ്ഥാനത്തിന് വൻ സാമ്പത്തിക ബാധ്യത എങ്ങനെ നേരിടാനാകും എന്ന ചോദ്യമാണ് ഉയരുന്നത്.
ബഫർ സോണിൽ താമസിക്കുന്നവർക്ക് പണം നൽകില്ലെന്ന കെ റെയിൽ എംഡിയുടെ പ്രസ്താവനയും പ്രതിഷേധം വരും ദിനങ്ങളിൽ ആളിക്കത്തിക്കും. സിൽവർ ലൈൻ ഉണ്ടാക്കുന്ന പുരോഗതി വലുതായിരിക്കും. അതുകൊണ്ടാണ് ഇതിനെ എതിർക്കുന്നത് .ഇപ്പോൾ വേണ്ടെന്നാണ് പറയുന്നത്, പിന്നെയെപ്പോഴാണ് വേണ്ടതെന്ന് മുഖ്യമന്ത്രി ചോദിക്കുന്നു.
ദേശീയ പാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നവരുടെ ബാക്കിയുള്ള വസ്തുവിന് വില കുതിച്ചുയരും. ഇത് മനസ്സിലാക്കിയാണ് എല്ലാവരും വസ്തു നൽകാൻ ഇപ്പോൾ മുന്നിട്ടിറങ്ങുന്നത്. എന്നാൽ റെയിൽവേ പാതകളുടെ കാര്യം അതല്ല. ഒരു ശതകോടീശ്വരനും തീവണ്ടി പാതയോട് ചേർന്ന് വീട് വയ്ക്കാറില്ല. അവിടെ ജീവിതം ദുസ്സഹമാണ്. ഇതാണ് സത്യമാണെന്നിരിക്കെയാണ് മറ്റൊരു റെയിൽ പാതയ്ക്ക് കേരള സർക്കാർ മുന്നിട്ടിറങ്ങുന്നത്. ഇതാണ് കെ റെയിൽ പ്രതിഷേധത്തിന് മൂലകാരണവും. ഇത് സർക്കാർ മാത്രം തിരിച്ചറിയുന്നില്ല.
ബഫർ സോണിലുള്ളവർക്ക് വലിയ ദുരിതകാലമാണ് മുന്നിൽ തുറിച്ചു നോക്കുന്നത്. സ്ഥലം ഏറ്റെടുത്താൽ നാലിരട്ടി നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്യുമ്പോഴും ഭൂമിയുടെ യഥാർത്ഥ വില ലഭിക്കുകയില്ല എന്ന തിരിച്ചറിവ് ഭൂ ഉടമകൾക്കുണ്ട്. എന്നാൽ കെ റെയിലിൽ ആരെന്തു പറഞ്ഞാലും മുമ്പോട്ടു പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. ഇങ്ങനെ നാലിരട്ടി പണം കൊടുക്കുന്നത് കടം വാങ്ങിയാകുമെന്നതാണ് വസ്തുത. അല്ലാതെ കേരളത്തിന്റെ പോക്കറ്റിൽ ഒന്നുമില്ല. തീവണ്ടി പാതകൾ എന്നും രാജ്യത്ത് അതിനിരുവശവും സൃഷ്ടിച്ചത് ചേരികളെ മാത്രമാണ്. അതുകൊണ്ടാണ് സ്ഥലം കൊടുക്കേണ്ടവർ പ്രതിസന്ധിയിലാകുന്നത്.
സിൽവർലൈൻ പദ്ധതിക്കെതിരെ ഉയരുന്ന ന്യായങ്ങൾ വിചിത്രമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നു. പദ്ധതി. പദ്ധതിയുടെ പേരിൽ ഭൂമി നഷ്ടപ്പെടുന്നവരുടെ വിഷമം സ്വാഭാവികമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും വിഷമിപ്പിക്കാൻ സർക്കാരിനു തീരുമാനംമില്ലെന്നും നാലിരട്ടിയാണ് നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നുള്ളവരുടെ നാളെയല്ല, നമ്മുടെ കുഞ്ഞുങ്ങളുടെ നാളേയ്ക്ക് വേണ്ടിയാണിതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പമാണ് ശ്രീലങ്കയുടെ ദുരവസ്ഥയും ചർച്ചയാകുന്നത്.
സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്ന ചർച്ചകൾ ഇങ്ങനെ
ശ്രീലങ്കയിലെ സാമ്പത്തിക തകർച്ച, ഹ്യൂമൻ സഫറിങ് കണ്ടു ലോകം വിറങ്ങലിച്ചു നിൽക്കുകയാണ്. അച്ചടി മഷിയും പേപ്പറും ഇല്ലാത്തത് മൂലം വിദ്യാർത്ഥികളുടെ പരീക്ഷ പോലും വേണ്ടെന്നു വെയ്ക്കുന്നു, പെട്രോൾ അടിക്കാൻ ദിവസം മുഴുവൻ നീളുന്ന ക്യുവിൽ നിൽക്കുന്നവർ മരിക്കുന്നു, ഭക്ഷ്യ ക്ഷാമം, മരുന്ന് ക്ഷാമം മൂലം വൃദ്ധരും രോഗികളും മരിക്കുന്നു. സമ്പൂർണ അരാജകത്വം ആണ് അവിടെ.
ഇതെല്ലാം ഉണ്ടാക്കിയത് മഹിന്ദ്ര രാജപക്സേയുടെയും സഹോദരൻ ഗോദഭയയുടെയും കടം വാങ്ങിയുള്ള മെഗാ പ്രൊജക്റ്റ് പരിപാടി മൂലം മാത്രമെന്ന് ലോകത്തിലെ എല്ലാ സാമ്പത്തിക വിദഗ്ദരും ഒരേ സ്വരത്തിൽ പറയുന്നു.
സിങ്കപ്പൂർ, ദുബായ്, അംസ്റ്റർടം പോലെയുള്ള പോർട്ട് സിറ്റി ഉണ്ടാക്കാൻ ഹമ്പൻതോട്ട മെഗാ പോർട്ടും അനുബന്ധ 'വികസനം ' ഉണ്ടാക്കി ഇപ്പോൾ അതൊക്കെ ചൈനയ്ക്ക് എഴുതി കൊടുത്തു കൊണ്ട് ചൈനീസ് കോളനി ആകുന്നു ശ്രീലങ്ക. എന്നാലും കുറഞ്ഞത് 50 ബില്യൺ ഡോളർ ആരെങ്കിലും കൊടുക്കാതെ ശ്രീലങ്ക ഉടനെയൊന്നും രക്ഷപ്പെടില്ല. കഴിഞ്ഞയാഴ്‌ച്ച ശ്രീലങ്ക രൂപയെ 15% ഡീ വാല്യൂ ചെയ്തെങ്കിലും എത്തിച്ചേരുമെന്ന് പ്രതീക്ഷിച്ച ഡോളർ എത്തിയില്ല. അപ്പോൾ ഉടനെ അടുത്ത റൗണ്ട് ഡീ വലുവേഷൻ ഉണ്ടാകും. അങ്ങനെ താഴോട്ട് കുഴിച്ച് കുഴിച്ച് അടിത്തട്ടിൽ എത്തുന്നത് വരെയും അവിടത്തെ ജനങ്ങൾ മരിച്ചു വീഴും.
ശ്രീലങ്കൻ ക്രൈസിസ് കേരളത്തെയാണ് ഏറ്റവും ഗുരുതരം ആയിട്ട് ബാധിക്കുക. കേരളത്തിന്റെ കാർബൺ കോപ്പി ആണ് ലങ്ക. ടൂറിസം, സ്‌പൈസസ്, ആയുർവേദ, ഗൾഫിൽ നഴ്സ്,തേയില, കാപ്പി,കൊപ്ര, വെളിച്ചെണ്ണ... ഇങ്ങനെ ഏതാണ്ട് എല്ലാം... ശ്രീലങ്കൻ ഉത്പന്നങ്ങൾ ഡോളറിൽ ഇനി ചീപ്പ് ആകുമ്പോൾ കേരളത്തിൽ നിന്നുള്ള കയറ്റുമതി കുറയും. അത് മൂലം കുരുമുളക് വിപണിയിൽ തകർച്ച തുടങ്ങി കഴിഞ്ഞു. റിസോർട്ട് ഉടമകൾ panic stricken ആണ് ഇതുകൊണ്ടൊക്കെയാണ് ഹൈപ്പർ വികസന വാദികൾ ആയ അറിയാത്ത പിള്ളമാർ ചൊറിഞ്ഞറിയും എന്ന് പറയുന്നത്. പക്ഷേ മഹിന്ദ്ര & ഗോദഭയ അല്ല ദുരിതത്തിൽ, അവരുടെ വെട്ട്മേനി സ്വിസ്സ് ബാങ്കിൽ ഉണ്ടല്ലോ?
ന്യൂസ് ഡെസ്ക്