കൊച്ചി: ദുൽഖർ സൽമാൻ ആദ്യമായി അഭിനയിക്കുന്ന വെബ് സീരിസ് 'ഗൺസ് ആൻഡ് ഗുലാബ്‌സി'ലെ ഫസ്റ്റ് ലുക്ക് പുറത്ത്. സമൂഹ മാധ്യമങ്ങൾ വഴിയാണ് ദുൽഖർ തന്റെ പുതിയ പ്രൊജക്ടിന്റെ വിവരങ്ങൾ പങ്കുവച്ചത്. രാജ് ആൻഡ് ഡികെ എന്നറിയപ്പെടുന്ന രാജ് നിദോരു, കൃഷ്ണ ഡി കെ എന്നിവരാണ് സീരിസിന്റെ സംവിധാനം.രാജ്കുമാർ റാവു, ആദർശ് ഗൗരവ് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളായെത്തുന്നത്.

'നിങ്ങളുടെ സീറ്റ് ബെൽറ്റ് ധരിച്ച് എനിക്കൊപ്പം 90കളിലേക്ക് യാത്ര ചെയ്യാൻ തയ്യാറായിക്കൊള്ളൂ. ഗൺസ് ആൻഡ് ഗുലാബ്‌സിൽ നിന്നുമുള്ള എന്റെ ഫസ്റ്റ് ലുക്ക് ഇതാ, രാജ് ആൻഡ് ഡി.കെ എന്നിവർക്കൊപ്പമുള്ള എന്റെ ആദ്യ കൂട്ടുകെട്ട്. രാജ്കുമാർ റാവു, ആദർശ് ഗൗരവ്, സുമൻ കുമാർ, ഗുൽഷൻ ദേവയ്യ എന്നിവരും എനിക്കൊപ്പം ഈ ആവേശം നിറഞ്ഞ യാത്രയിൽ ചേരുന്നു.

ഡി ടു ആർ ഫിലിംസിന്റെ നിർമ്മാണത്തിൽ രാജ് ആൻഡ് ഡി.കെയും സംവിധാനം ചെയ്യുന്ന ഗൺസ് ആൻഡ് ഗുലാബ്‌സ് ഉടൻ നെറ്റ്ഫ്‌ളിക്‌സിൽ വരുന്നു' - ദുൽഖർ ട്വിറ്ററിൽ കുറിച്ചു.

റോഷൻ ആൻഡ്ര്യൂസ് സംവിധാനം ചെയ്ത 'സല്യൂട്ട്' എന്ന ചിത്രമാണ് ദുൽഖറിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്.

ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമാണ് 'സല്യൂട്ട്'. അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സിനിമയിൽ അവതരിപ്പിച്ചത്. അസ്ലം കെ പുരയിലാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയായി.

'സല്യൂട്ട്' എന്ന ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതിന് തിയറ്റർ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക് ദുൽഖറിനും അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിക്കും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ധാരണകളും വ്യവസ്ഥകളും ലംഘിച്ചാണ് സല്യൂട്ട് സിനിമ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിക്കുന്നു. ജനുവരി 14 ന് 'സല്യൂട്ട്' തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഈ ധാരണ ലംഘിച്ചാണ് സിനിമ 18 ന് ഒടിടിയിൽ എത്തുന്നതെന്നും സംഘടന. ദുൽഖർ സൽമാന്റെ നിർമ്മാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമ്മിച്ചത്

. 'കുറുപ്പ്' റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചു. തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിലക്ക് എത്രകാലത്തേക്ക് എന്ന് തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.