സംവിധായകനും നടനുമായ സോഹൻ സീനുലാലിന്റെ വിവാഹവിരുന്നിനെത്തിയത് മമ്മൂട്ടിയടക്കം നിരവധി സിനിമാ താരങ്ങൾ. മമ്മൂട്ടി, ഇന്ദ്രജിത്ത്, സംവിധായകൻ ജോഷി, സംവിധായകൻ സിദ്ദീഖ്, പിഷാരടി, ബിപിൻ ജോർജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. സ്റ്റെഫി ഫ്രാൻസിസ് ആണ് സോഹന്റെ വധു. മാർച്ച് 21ന് കൊച്ചിയിൽ വച്ചായിരുന്നു വിവാഹം.

കാബൂളിവാല എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത് ബാലതാരമായി വെള്ളിത്തിരയിലെത്തി. പിന്നീട് വർഷങ്ങൾക്കു ശേഷം സംവിധായകൻ ഷാഫിയുടെ അസിസ്റ്റന്റായി സിനിമയിൽ സജീവമായി. 2011-ൽ മമ്മൂട്ടിയെ നായകനാക്കി ഡബിൾസ് എന്ന ചിത്രം സംവിധാനം ചെയ്ത് സോഹൻ സീനുലാൽ സ്വതന്ത്ര സംവിധായകനായി. തുടർന്ന് വന്യം, അൺലോക്ക് എന്നീ സിനിമകൾ കൂടി സംവിധാനം ചെയ്തു.

എബ്രിഡ് ഷൈനിന്റെ ആക്ഷൻ ഹീറോ ബിജുവിലൂടെ അഭിനയരംഗത്തും തിളങ്ങി. പുതിയ നിയമം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, അബ്രഹാമിന്റെ സന്തതികൾ, പഞ്ചവർണ്ണതത്ത, ദി പ്രീസ്റ്റ് എന്നിവയുൾപ്പെടെ നാൽപതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.