നൃത്ത വേദിയിൽ നടി ശോഭനയ്ക്കായി സർപ്രൈസ് പിറന്നാളാഘോഷം. സൂര്യ ഫെസ്റ്റിവൽ വേദിയിലാണ് അപ്രതീക്ഷിതമായി താരത്തിന്റെ പിറന്നാളാഘോഷം നടന്നത്. ശോഭനയുടെ 52-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. പിറന്നാളിന് സൂര്യ ഫെസ്റ്റിവൽ വേദിയിൽ നൃത്തം അവതരിപ്പിക്കാനെത്തിയതായിരുന്നു ശോഭന.

നൃത്തം അവതരിപ്പിച്ചതിനു ശേഷം വേദിയിൽ വച്ച് സഹനർത്തകി കൊണ്ടുവന്ന 'സർപ്രൈസ് കേക്ക്' മുറിച്ചു. ഇതോടെ ശോഭനയുടെ പിറന്നാൾ ആഘോഷത്തിന്റെ മനോഹര കാഴ്ചകളും പ്രേക്ഷകർക്ക് ആസ്വദിക്കാനായി. ശോഭനയുടെ വിഡിയോ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകഴിഞ്ഞു. നിരവധി പേരാണു നടിക്ക് ജന്മദിനാശംസകൾ നേർന്നു രംഗത്തെത്തിയത്.

സൂര്യ ഫെസ്റ്റിവൽ വേദിയിലെ ശോഭനയുടെ നൃത്ത പ്രകടന വിഡിയോകൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ലളിത-പത്മിനി-രാഗിണിമാരുടെ സ്മരണാർത്ഥമുള്ള എൽ പി ആർ ഫെസ്റ്റിവലിലായിരുന്നു ശോഭനയുടെ നൃത്തപരിപാടി. മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് താരം സൂര്യ ഫെസ്റ്റിവൽ വേദിയിൽ എത്തുന്നത്.