കൊല്ലൂർ: മൂകാംബികാക്ഷേത്രത്തിലെ മഹാരഥോത്സവം വെള്ളിയാഴ്ച നടക്കും. ആയിരക്കണക്കിന് ഭക്തരാണ് മഹാരഥോത്സവത്തിന് സാക്ഷികളാവാൻ കൊല്ലൂരിൽ എത്തുക. രാവിലെ 9.30-ന് മുഹൂർത്തബലി, ക്ഷിപ്രബലി, രഥബലി എന്നിവയുണ്ടാകും. തുടർന്ന് 11.50-ന് മിഥുനലഗ്‌നത്തിൽ രഥാരോഹണം നടക്കും. വൈകിട്ട് അഞ്ചിന് ക്ഷേത്രത്തിനു പുറത്തെ വീഥിയിൽ തോരണങ്ങളാൽ അലങ്കരിച്ച വലിയ രഥം വലിക്കുന്ന മഹാരഥോത്സവം.

ശനിയാഴ്ച രാത്രി ഏഴിന് ഓക്കുളിയും അവഭൃഥസ്‌നാന (ആറാട്ട്)വുമുണ്ടാവും. വാർഷികോത്സവത്തിന്റെ അവസാനനാളായ ഞായറാഴ്ച രാവിലെ 7.30-ന് അശ്വാരോഹണോത്സവം നടക്കും. 8.30-ന് മഹാപൂർണാഹുതി, 9.30-ന് ധ്വജാവരോഹണം, പൂർണകുംഭാഭിഷേകം എന്നിവ നടക്കും. അങ്കുരപ്രസാദ വിതരണത്തോടെ ആഘോഷങ്ങൾ സമാപിക്കും.

മഹാരഥോത്സവത്തിന് മുന്നോടിയായി ബുധനാഴ്ച പുലർച്ചെ അഞ്ചിന് മംഗല്യോത്സവവും രാവിലെ ഒൻപതിന് ഗജാരോഹണോത്സവവും നടക്കും. വ്യാഴാഴ്ച രാവിലെ 10.15-ന് ശിക്കാരപ്രതിഷ്ഠ, വൈകുന്നേരം നാലിന് മംഗല്യോത്സവം, രാത്രി 7.30-ന് ഹിരേരംഗപൂജ, ഒൻപതിന് സിംഹാരോഹണോത്സവം എന്നിവ നടക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാകും ഉത്സവം. ഉത്സവത്തിനെത്തുന്ന ഭക്തർ മാസ്‌ക് ധരിക്കണമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാൻ നിയന്ത്രണങ്ങളില്ല.

ഫാസ്ടാഗ് ടോൾ തുക കുറയ്ക്കും
കേരളത്തിൽനിന്ന് മൂകാംബിക ദർശനത്തിനു പോകുന്ന ഭക്തർക്ക് കാറിൽ ഫാസ്ടാഗുണ്ടെങ്കിൽ ടോൾ തുകയിൽ വൻ കുറവുണ്ടാകും. കർണാടക അതിർത്തിയായ തലപ്പാടിമുതൽ കൊല്ലൂർ വരെ നാല് ടോൾബൂത്തുകളാണുള്ളത്. അത് നാലും കടന്ന് മൂകാംബികയിലെത്തി തിരിച്ചുവരാൻ ഫാസ്ടാഗുള്ള കാറുകൾ 280 രൂപ കൊടുക്കണം. ടാഗില്ലെങ്കിൽ ടോൾനിരക്ക് ഇരട്ടിയിലേറെയാകും.