തിരുവനന്തപുരം: സംസ്ഥാനത്തെ ജല സ്രോതസ്സുകളെ മാലിന്യ മുക്തമാക്കി സംരക്ഷിക്കുന്നതിനും വൃത്തിയോടെ നിലനിർത്തുന്നതിനുമായി 'തെളിനീരൊഴുകും നവകേരളം' ജലസംരക്ഷണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ പ്രചാരണ പരിപാടിയുടെ സംസ്ഥാനതല ഉൽഘാടനം തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പു മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു. എല്ലാവർക്കും ശുദ്ധജലവും ശുചിത്വവും എന്ന സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുന്നിന്റെ ഭാഗമായാണ് നമ്മുടെ നാട്ടിലെ ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്നതിനുള്ള 'തെളിനീരൊഴുകും നവകേരളം' പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ലോകത്താകെ 220 കോടി ജനങ്ങൾ ശുദ്ധജല ദൗർലഭ്യത അനുഭവിക്കുന്നുണ്ടെന്ന് ബോധ്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലുടനീളം ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ, വിവിധ വകുപ്പുകൾ എന്നിവർ സംയുക്തമായി ബഹുജന പങ്കാളിത്തോടെയാണ് ഈ ജനകീയ ജലസംരക്ഷണ വിദ്യാഭ്യാസ പരിപാടി സംഘടിപ്പിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സമ്പൂർണ ശുചിത്വ പദവി നേടിക്കൊടുക്കൽ കൂടി ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 4500 കിലോമീറ്റർ തോടുകളും 412 കിലോമീറ്റർ പുഴകളെയും വീണ്ടെടുക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും അത്തരം പദ്ധതികളുടെ തുടർച്ചയായാണ് 'തെളിനീരൊഴുകും നവകേരളം' പരിപാടിയിയെന്നും നവകേരളം കോഓഡിനേറ്റർ ഡോ. ടി.എൻ. സീമ പറഞ്ഞു. ജലസ്രോതസ്സുകളുടെ ഒറ്റത്തവണ ശുചീകരണമല്ല ഇതെന്നും തുടർപ്രവർത്തനം കൂടി ലക്ഷ്യംവച്ചുള്ള ഒരു സമഗ്ര പരിപാടിയാണെന്നും അവർ പറഞ്ഞു.

'തെളിനീരൊഴുകും നവകേരളം' ലോഗോയുടെ പ്രകാശനം കില ഡയറക്ടർ ജോയ് ഇളമൺ നിർവഹിച്ചു. കൺസെപ്റ്റ് കമ്മ്യൂണിക്കേഷൻസ് ആണ് ലോഗോ രൂപകൽപ്പന ചെയ്തത്. ഈ പദ്ധതിയുടെ ഭാഗ്യചിഹ്നം നീരു എന്ന നീർനായാണ്. ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം പട്ടം ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥിനി അതീത സുധീർ നിർവഹിച്ചു. ബ്രോഷർ പ്രകാശനം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിജു മോഹൻ നിർവഹിച്ചു. പഞ്ചായത്ത് വകുപ്പ് ജോയിന്റെ ഡയറക്ടർ ജ്യോത്സന മോൾ നന്ദി പറഞ്ഞു.