കണ്ണൂർ: വി.പി സിങ് സർക്കാർ നടപ്പിലാക്കിയ മണ്ഡൽ കമ്മിഷനെ എതിർത്തയാളാണ് കൊജ്രിവാളെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാർ ആരോപിച്ചു. ഭഗത് സിങ് രക്തസാക്ഷി ദിനത്തിൽ എഐവൈഎഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടത്തിയ യൂത്ത് അലർട്ട് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടു രാജീവ് ഗോസാമിയെന്നയാൾ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചപ്പോൾ അതിനെ അനുകൂലിച്ചുകൊണ്ടു ഭരണഘടനയ്ക്കു നിരയ്ക്കാത്തതാണ് മണ്ഡൽ കമ്മിഷനെന്ന് നിലപാട് സ്വീകരിച്ചയാളാണ് കൊജ്രിവാൾ.
സംവരണത്തിന്റെ വിഷയത്തിൽ ഒളിച്ചോടുകയായിരുന്നു കൊജ്രിവാൾ ചെയ്തത്. അടിസ്ഥാനകാര്യങ്ങളിൽ നിന്നും ഒളിച്ചോടുന്നവർ ഭഗത്സിങിന്റെ ഫോട്ടോ ഉയർത്തിപ്പിടിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.

അവർക്ക് കാശ്മിരിന്റെ കാര്യത്തിൽ സംവരണവിഷയത്തിൽ, പൗരത്വഭേദഗതി നിയമത്തിന്റെ കാര്യത്തിൽ കൃത്യമായ നിലപാടില്ല. ഉപരിവിപ്ളവമായ വിഷയങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടു താൽക്കാലികമായ വിജയമുണ്ടായേക്കാം, എന്നാൽ ശാശ്വതമായ വിജയമുണ്ടാകില്ലെന്ന് അവർ മനസിലാക്കണമെന്നും സന്തോഷ് കുമാർ പറഞ്ഞു.

ഭഗത്സിങ് എല്ലാകാര്യത്തിലും നിലപാടുള്ളയാളായിരുന്നു. ഒരാൾ അയാളുടെ നിലപാടുകൾ ഉയർത്തിപ്പിടിച്ചാണ് മുൻപോട്ടുപോകേണ്ടത്. ഇന്ത്യയെ ബാധിക്കുന്ന ഗൗരവകരമായ കാര്യങ്ങളിൽ ആംആദ്മിപാർട്ടിക്ക് ഒരിക്കലും വ്യക്തമായ നിലപാടില്ല. എങ്കിലും അവർ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സാഹചര്യമെന്നും ഇതുതിരിച്ചറിയണമെന്നും സന്തോഷ്‌കുമാർ പറഞ്ഞു.

പരിപാടിയിൽ, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ ആർ ചന്ദ്രകാന്ത് അധ്യക്ഷത വഹിച്ചു. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ എം സി സജീഷ്, ടി വി രജിത,സിപിഐ ജില്ലാ കൗൺസിൽ അംഗം അഡ്വ പി അജയകുമാർ,എഐഎസ്എഫ് ജില്ലാ സെക്രട്ടറി പി എ ഇസ്മായിൽ,ജില്ലാ പ്രസിഡന്റ് പ്രണോയ് എ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ വി രജീഷ് സ്വാഗതവും മണ്ഡലം സെക്രട്ടറി എ കെ ഉമേഷ് നന്ദിയും പറഞ്ഞു.